ലോകത്ത്് ബാലവേല ചെയ്യുന്നത് 152 ദശലക്ഷം കുട്ടികൾ ; അരുതേ ഈ ക്രൂരത, World day, against child labour, Padhippura, Manorama Online

ലോകത്ത്് ബാലവേല ചെയ്യുന്നത് 152 ദശലക്ഷം കുട്ടികൾ ; അരുതേ ഈ ക്രൂരത

തയാറാക്കിയത്– നിന്നി മേരി ബേബി

പ്രിയ കൂട്ടുകാരേ, നിങ്ങൾ ഭാഗ്യവാൻമാരാണ്. കാരണം നിങ്ങൾക്കു വീടുണ്ട്, വീട്ടുകാരുണ്ട്, സ്‌കൂളിൽ പോകാം, കളിക്കാം. പുത്തനുടുപ്പും ബാഗും തൂക്കി നിങ്ങൾ സ്‌കൂളിൽ പോകുന്നതു കൊതിയോടെ നോക്കി വഴിവക്കിൽനിന്ന് സാധനങ്ങൽ വിൽക്കുന്ന, ഭിക്ഷ യാചിക്കുന്ന, മാലിന്യക്കൂമ്പാരങ്ങളിൽ തിരഞ്ഞു നടക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ടോ? നിങ്ങളെപ്പോലെ സ്‌കൂളിൽ പോകാനും നന്നായി വളരാനുമൊക്കെ അവർക്കും അവകാശമുണ്ട്. പക്ഷേ, അവരുടെ ബാല്യത്തിന് എടുത്താൽ പൊങ്ങാത്ത ഭാരമാണ്.

കോവിഡ് –19 വ്യാപനം വരും നാളുകളിൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിൽ രംഗത്തും വൻ മാന്ദ്യത്തിനു വഴിയൊരുക്കുമെന്നാണല്ലോ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ, ലോകവ്യാപകമായി ബാലവേല വർധിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന മുൻകൂട്ടി കാണുന്നു. മുൻകാലങ്ങളിലെക്കാൾ കൂടുതലായി ഇനിയുള്ള നാളുകളിൽ ബാലവേലയ്ക്കെതിരായ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന ആഹ്വാനവുമായാണ് ഇക്കുറി ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത്.

നിലവിൽ ലോകത്താകെ 152 ദശലക്ഷം കുട്ടികൾ അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നതായാണു കണക്കുകൾ. ഇതിൽ 73 ദശലക്ഷം കുട്ടികളും അപകടസാധ്യത കൂടിയ തൊഴിൽ സാഹചര്യങ്ങളിലാണു ജോലി ചെയ്യുന്നത്.

ഖനികളിൽ ഉൾപ്പെടെ ജീവൻ തന്നെ അപകടത്തിലാകാവുന്ന സാഹചര്യങ്ങളിൽ മുതിർന്നവരെക്കാൾ കുറഞ്ഞ വേതനത്തിൽ, ചിലപ്പോൾ വേതനമില്ലാതെ തന്നെ കൂടുതൽ മണിക്കൂറുകൾ കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നുണ്ട്.

ആഗോള തലത്തിൽ 5–17 വയസ്സുകാരിൽ പത്തിലൊരാൾക്കു ബാലവേല ചെയ്യേണ്ടി വരുന്നുണ്ട് (വികസ്വര രാജ്യങ്ങൾ മാത്രമെടുത്താൽ നാലിൽ ഒന്ന് കുട്ടികൾക്ക്). ഘട്ടംഘട്ടമായി ഈ എണ്ണം കുറച്ചുകൊണ്ടുവന്ന് 2025 ആകുമ്പോഴേക്ക് ലോകം ബാലവേല മുക്തമാക്കാൻ ലക്ഷ്യമിട്ടാണു യുനിസെഫിന്റെ പ്രവർത്തനങ്ങൾ. എന്നാൽ, കോവി‍ഡ്–19 വ്യാപനത്തിനു പിന്നാലെ ഉണ്ടായേക്കാവുന്ന സാമ്പത്തിക മാന്ദ്യവും ദാരിദ്ര്യവും ഈ ലക്ഷ്യത്തിനു തിരിച്ചടിയായേക്കാം.

ഏറ്റവും കൂടുതൽ കുട്ടികൾ ബാലവേല ചെയ്യുന്നത് ആഫ്രിക്കൻ രാജ്യങ്ങളിലാണ്. 72 ദശലക്ഷം കുട്ടികൾ ഇവിടെ അപകടകരമായ സാഹചര്യങ്ങളിലുൾപ്പെടെ ജോലി ചെയ്യുന്നു. ഏഷ്യാ പസിഫിക് മേഖലയിൽ 62 ദശലക്ഷം കുട്ടികൾ ബാലവേല ചെയ്യുന്നു.

നിലവിൽ ബാലവേലയ്ക്ക് ഇരയായിരിക്കുന്നവരിൽ പകുതിയോളവും (48%) 5–11 വയസ്സ് പ്രായമുള്ളവരാണ്. 12–14 പ്രായത്തിലുള്ളവർ 28% വരും. 24% ആണ് 15–17 വയസ്സ് പ്രായത്തിലുള്ളവർ. തൊഴിലിനായി ഏറ്റവും കൂടുതൽ കുട്ടികളെ ദുരുപയോഗിക്കുന്നത് കാർഷിക മേഖലയിലാണ്. ബാലവേല ചെയ്യുന്നവരിൽ 71% പേരും കൃഷിയുമായി ബന്ധപ്പെട്ട ജോലികളാണു ചെയ്യുന്നത്. ഖനനം ഉൾപ്പെടെയുള്ള വ്യവസായ മേഖലയിൽ തൊഴിലെടുക്കുന്നവർ 12% വരും.

ഈ പ്രതിസന്ധികളൊക്കെ അതിജീവിച്ച്, 2021 ‘ഇന്റർനാഷനൽ ഇയർ ഫോർ ദ് എലിമിനേഷൻ ഓഫ് ചൈൽഡ് ലേബർ’ ആയി പ്രഖ്യാപിക്കാനുള്ള നിശ്ചയദാർഢ്യത്തിലാണ് ഐക്യരാഷ്ട്ര സംഘടന. 2019ലാണ് ഈ ലക്ഷ്യം യുഎൻ ജനറൽ അസംബ്ലി പ്രഖ്യാപിച്ചത്.

ചെറിയ കുട്ടികളെ ജോലിചെയ്യിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഇവരെ അറിയിക്കുക
∙പൊലീസ്
∙ചൈൽഡ് ലൈൻ
∙ജില്ലാ ചൈൽഡ് പ്രൊട്ടക്​ഷൻ ഓഫിസർ
∙ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ
∙ജില്ലാ പ്രൊബേഷൻ ഓഫിസർ