തണുപ്പനല്ല ഈ ഒളിംപിക്സ്

അനിൽ ഫിലിപ്പ്

ശീതകാല സാഹസികകായികവിനോദങ്ങൾ മാത്രം ഉൾപ്പെടുത്തി നടത്തുന്ന വിശ്വകായികമേളയാണ് വിന്റർ ഒളിംപിക്‌സ് അഥവാ ശൈത്യകാല ഒളിംപിക്‌സ്. രാജ്യാന്തര ഒളിംപിക് കമ്മിറ്റി സംഘടിപ്പിക്കുന്ന വിന്റർ ഒളിംപിക്സ് നാലു വർഷത്തിലൊരിക്കലാണ് നടക്കുക. ഇക്കുറി ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ് മേളയ്ക്ക് വേദിയൊരുക്കും. ഫെബ്രുവരി 9 മുതൽ 25വരെയാണ് മൽസരങ്ങൾ. 92 ടീമുകളിൽനിന്നായി ഏതാണ്ട് മൂവായിരം അത്‍ലറ്റുകൾ അണിനിരക്കും. 15 കായികവിഭാഗങ്ങളിലായി 102 മൽസരങ്ങൾ അരങ്ങേറും. ഫിഗർ സ്‌കേറ്റിങ്, സ്‌പീഡ് സ്‌കേറ്റിങ്, ആൽപൈൻ സ്‌കീയിങ്, നോർഡിക് സ്‌കീയിങ്, ഫിഗർ സ്കേറ്റിങ്, സ്കീ ജംപിങ്, സ്പീഡ് സ്കേറ്റിങ്, സ്നോബോർഡിങ്, ഐസ് ഹോക്കി, ലൂജ് എന്നിവയാണ് പ്രധാന മൽസരഇനങ്ങൾ. ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് കായികതാരങ്ങൾ പങ്കെടുക്കും.

ചരിത്രം
ആധുനിക ഒളിംപിക്സിന് 1896ൽ ഗ്രീസിലെ ആതൻസിൽ തുടക്കമായെങ്കിലും വിന്റർ ഒളിംപിക്സ് യാഥാർഥ്യമായത് 1924ൽ മാത്രം. ഫ്രാൻസിലെ ഷാമോണിക്‌സ് പ്രഥമ ശൈത്യമേളയ്ക്ക് വേദിയൊരുക്കി. രണ്ടാം ലോകമഹായുദ്ധംമൂലം രണ്ട് മേളകൾമാത്രമേ നടക്കാതിരുന്നുള്ള– 1940ലും 44ലും. വിന്റർ ഒളിംപിക്‌സ് എന്ന ആശയത്തിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1911ലാണ് ഇങ്ങനെയൊരു ആശയം ഉയർന്നുവന്നത്. എന്നാൽ സ്‌കാൻഡനേവിയൻ രാഷ്‌ട്രങ്ങൾക്ക് ഇൗ ആശയത്തോട് യോജിക്കാനായില്ല. സ്വീഡനിൽ 1901 മുതൽ നടന്നുവന്നിരുന്ന നോർഡിക് ഗെയിംസിനെ ഇതു ബാധിക്കും എന്നതാണ് വിയോജിപ്പിന് ഇടയാക്കിയത്. ആദ്യ കാലങ്ങളിൽ ഒളിംപിക്സിലെ ഏതാനും മൽസരങ്ങൾ ശൈത്യകാല കായിക വിനോദങ്ങളായിരുന്നു. എന്നാൽ മഞ്ഞിൽ നടക്കേണ്ടുന്ന മൽസരങ്ങൾക്ക് വേദി സംഘടിപ്പിക്കുകയെന്നത് പലപ്പോഴും ഒളിംപിക് സംഘാടകർക്ക് തലവേദന സൃഷ്ടിച്ചു.

വേദികളുടെ അഭാവവും മൽസരങ്ങൾ സംഘടിപ്പിക്കാനുള്ള ഐഒസിയുടെ ബുദ്ധിമുട്ടും ശൈത്യകാല ഒളിംപിക്‌സ് എന്ന ആശയത്തിന് വഴിവെച്ചു. അങ്ങനെ ഫ്രഞ്ച് ഒളിംപിക് കമ്മിറ്റിയുടെ ഒരു യോഗം 1922ൽ നടന്നു. 1924ൽ ഫ്രാൻസിലെ ഷാമോണിക്‌സിൽ രാജ്യാന്തര ശൈത്യകായിക വാരം ആചരിക്കാൻ തീരുമാനിച്ചു.

16 രാജ്യങ്ങളിൽനിന്നായി 258 അത്‌ലറ്റുകൾ പങ്കെടുത്തു. കേളിങ്, ഐസ് ഹോക്കി, സ്കേറ്റിങ്, നോർഡിക് സ്കീയിങ്, ബോബ്സ്ലീ എന്നീ അഞ്ച് വിഭാഗങ്ങളിലായി 14 ഇനങ്ങൾ നടന്നു. മേളയുടെ വൻവിജയത്തെത്തുടർന്ന് സമ്മർ ഒളിംപിക്‌സ് പോലെ തന്നെ നാലു വർഷത്തിലൊരിക്കൽ ശൈത്യകാല ഒളിംപിക്‌സും നടത്താൻ തീരുമാനമെുടത്തു. 1924ലെ ഷാമോണിക്‌സ് കായിക മേളയ്‌ക്ക് പ്രഥമ വിന്റർ ഒളിംപിക്‌സ് എന്ന പദവിയും നൽകി. ഇപ്പോൾ ശൈത്യകാല ഒളിംപിക്‌സിൽ നടക്കുന്ന പല മൽസരങ്ങളും മുൻപ് ഒളിംപിക്‌സിൽ ഉൾപ്പെടുത്തിയിരുന്നവയാണ്. .

1992വരെ ഒളിംപിക്സും വിന്റർ ഒളിംപിക്സും ഒരേ വർഷങ്ങളിലാണ് നടന്നിരുന്നത്. എന്നാൽ 1994 മുതൽ ഇരുഗെയിംസുകളും വേറിട്ട വർഷങ്ങളിലാക്കാൻ ഐഒസി തീരുമാനിച്ചു. ഏറ്റവും കൂടുതൽ തവണ വിന്റർ മേളയ്ക്ക് വേദിയൊരുക്കിയത് യുഎസ് ആണ്– ആകെ നാലു തവണ. മൂന്നു തവണ ഫ്രാൻസിൽ ശൈത്യകാല മേള വിരുന്നിനെത്തി. എല്ലാ ശൈത്യകാല മേളകളിലും പങ്കെടുത്ത 12 രാജ്യങ്ങളുണ്ട്. ഇതിൽ ആറു രാജ്യങ്ങൾ എല്ലാ മേളകളിലും മെഡൽ നേടിയിട്ടുണ്ട്. എന്നാൽ ഇവയ്ക്കെല്ലാം മുകളിൽനിൽക്കും യുഎസിന്റെ നേട്ടം. എല്ലാ മേളകളിലും അവർ സ്വർണം നേടി ചരിത്രംകുറിച്ചു. എന്നാൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയതിനുള്ള ബഹുമതി നോർവേയ്ക്ക് അവകാശപ്പെട്ടതാണ്– ആകെ 329 മെഡലുകൾ. കൂടുതൽ സ്വർണം നേടിയതും നോർവേ തന്നെ (118 സ്വർണം) .

അപൂർവം ഈ റെക്കോർഡ്
1988ലെ സോൾ ഒളിംപിക്സിൽ സൈക്ലിങ് വിഭാഗത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയ ക്രിസ്റ്റാ ലൂഡിങ് റോതൻബർഗൻ കുറിച്ചത് അപൂർവമായ റെക്കോർഡായിരുന്നു. അക്കൊല്ലം നടന്ന ശീതകാല ഒളിംപിക്സിലും ക്രിസ്റ്റാ ഒരു മെഡൽ നേടിയിരുന്നു. ഇങ്ങനെ ഒരേ വർഷം തന്നെ രണ്ടു വ്യത്യസ്ത ഒളിംപിക്സിൽ മെഡൽ നേടിയ ഒരേ ഒരു താരമാണ് ക്രിസ്റ്റാ.

ശിവകേശവൻ
തുടർച്ചയായി അഞ്ച് ശീതകാല ഒളിംപിക്‌ മേളകളിൽ പങ്കെടുത്ത ഒരിന്ത്യക്കാരനുണ്ട്– ശിവകേശവൻ. ഇന്ത്യയിൽ ഒരു അത്‌ലറ്റിനും അവകാശപ്പെടാനാവാത്ത നേട്ടം. ലൂജ് എന്ന ഇനത്തിലാണ് ശിവകേശവൻ എല്ലാത്തവണയും (1998 മുതൽ 2014) മത്സരിച്ചത്. ശീതകാല ഒളിംപിക്‌സിൽ ജപ്പാനിലെ നഗാനോയിലും (1998ൽ) അമേരിക്കയിലെ സാൾട്ട് ലേക്ക് സിറ്റിയിലും (2002ൽ) ഇന്ത്യയുടെ ഏക പ്രതിനിധി ശിവകേശവനായിരുന്നു. ശിവകേശവൻ തന്നെയാണ് ഈ രണ്ടു തവണയും ഇന്ത്യയുടെ പതാകയേന്തിയത്. 2010ലും ശിവകേശവനാണ് ഇന്ത്യയുടെ പതാക ഏന്തിയത്. 2014ൽ റഷ്യയിലെ സോച്ചിയിൽ നടന്ന മേളയിലും ശിവകേശവൻ പങ്കെടുത്തു. തന്റെ ആറാം മേളയിൽ ശിവകേശവൻ ഇത്തവണ പങ്കെടുക്കും. ഏഷ്യൻ ലൂജ് ചാംപ്യൻഷിപ്പിലെ സ്വർണമടക്കം ഒട്ടേറെ നേട്ടങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. തുടർച്ചയായി അഞ്ചു ശീതകാല ഒളിംപിക്‌സുകളിൽ മത്സരിച്ചെങ്കിലും ഒരിക്കൽപ്പോലും വിജയിക്കാനായില്ല. 1998ൽ ലൂജിൽ മത്സരിക്കുമ്പോൾ ഈയിനത്തിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ബഹുമതിയും അന്ന് വെറും പതിനാറു വയസുമാത്രമുളള ശിവകേശവന്റെ പേരിലായി. ഇദ്ദേഹത്തിന് ഒരു മലയാളി ബന്ധവുമുണ്ട്. തലശേരിക്കാരനായ സുധാകരൻ കേശവന്റെയും ഇറ്റലിക്കാരിയായ റോസലിന ലൂസിയോളിയുടെയും മകനാണ് ശിവൻ. ഹിമാചലിലെ മനാലിയിലാണ് താമസം. പതിനഞ്ചാം വയസിൽ യാദൃശ്‌ചികമായാണു ശിവകേശവൻ എന്ന സ്‌കുൾ വിദ്യാർഥി ലൂജിലേക്ക് ആകർഷിക്കപ്പെടുന്നത്.

ലൂജ്
ഫൈബർ ഗ്ലാസുകൊണ്ടുളള ഒരു തളികയിൽ, മഞ്ഞിലൂടെ അതിവേഗം തെന്നിനീങ്ങുന്ന ലൂജ് എന്ന കായിക ഇനം 1964ലാണ് ശീതകാലഒളിംപിക്‌സിൽ ഉൾപ്പെടുത്തിയത്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ വേണം സഞ്ചരിക്കാൻ. അപകടം നിറഞ്ഞ മത്സരയിനമാണിത്. ഒരാൾക്ക് നാലു റെയ്‌സുവീതമാണ് മത്സരിക്കേണ്ടത്. ഇതിൽ കൂടുതൽ പോയിൻറുകൾ നേടുന്നയാൾ വിജയിക്കും.