കാടിനുള്ളിലെ കൂട്ടുകാർ...

എഴുത്ത്: ആർ. വിനോദ്‌കുമാർ

ചിത്രങ്ങൾ: അപർണ പുരുഷോത്തമ

(ഒക്‌ടോബർ രണ്ടു മുതൽ എട്ടുവരെ ദേശീയ വന്യജീവിവാരം)

വനത്തെയും വന്യജീവികളെയും കുറിച്ച് ബയോളജി, സാമൂഹിക ശാസ്ത്ര പാഠങ്ങളിൽ പഠിക്കാനുണ്ട്. കേരളത്തിൽ സസ്തനികളും പക്ഷികളും ഉരഗങ്ങളും ഉഭയജീവികളുമായി ഒട്ടേറെ ജീവികളെ കാണാം. ഇവയില്‍ ചിലതിനെ പരിചയപ്പെടാം.

വന്യജീവികളെയും അവയുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുക, ഇതുമായി ബന്ധപ്പെട്ടു പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തുക, തുടങ്ങിയ പ്രവർത്തനങ്ങളാണു വന്യജീവി വാരാചരണത്തിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്. നമ്മുടെ കാടുകളുടെ വിസ്തൃതി ദിനംപ്രതി ചുരുങ്ങുന്നതായും വന്യജീവികൾ വംശനാശത്തിന്റെ വക്കിലേക്ക് എത്തുന്നതായും ശാസ്‌ത്രലോകം മുന്നറിയിപ്പു നൽകുന്നുണ്ട്.

വന്യജീവി (സംരക്ഷണ) നിയമം

വന്യജീവികൾക്കു സംരക്ഷണം നൽകാനായി 1972–ൽ ഇന്ത്യൻ പാർലമെന്റ് നടപ്പാക്കിയ നിയമമാണു വന്യജീവി (സംരക്ഷണ) നിയമം. ഇതു വളർത്തുമൃഗങ്ങൾ ഒഴികെയുള്ള ജന്തുക്കൾക്കും പക്ഷികൾക്കും വനസസ്യങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു. വന്യജീവികളെ കൊല്ലുന്നതു മാത്രമല്ല, അവയെ പിടികൂടി വളർത്തുന്നതും ഭയപ്പെടുത്തി ഓടിക്കുന്നതും ഉപദ്രവിക്കുന്നതും വരെ ഈ നിയമപ്രകാരം കുറ്റകരമാണ്. വന്യജീവിസംരക്ഷണ നിയമത്തിൽ നൽകേണ്ട സംരക്ഷണത്തിന്റെ തോതിനനുസരിച്ച് ഓരോ ജീവിയേയും പല വിഭാഗങ്ങളിൽ (ഷെഡ്യൂളുകളിൽ) ഉൾപ്പെടുത്തിയിരിക്കുന്നു.

മലമുഴക്കി വേഴാമ്പൽ Great Indian hornbill

കേരളത്തിന്റെയും അരുണാചൽ പ്രദേശിന്റെയും സംസ്ഥാനപക്ഷി. വലുപ്പമുള്ള കൊക്കുകളും വലിയ ചിറകുകളും വ്യത്യസ്തമായ ശബ്‌ദവും വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കും. ഇതൊരു മിശ്രഭോജിയായ പറവയാണ്.

കാട്ടുനായ Indian Wild Dog

കേരളത്തിലെ വനമേഖലകളിൽ കണ്ടുവരുന്ന മാംസഭോജി. നാട്ടുനായയുടെ പൂർവികരാണെന്ന് അനുമാനം. ഇവയുടെ രോമാവ്യതമായ ശരീരത്തിനു ചെങ്കല്ലിന്റെ നിറമാണ്. തടിച്ച് ഇടതൂർന്ന വാലിന്റെ അഗ്രഭാഗം കറുപ്പുനിറമാണ്. തങ്ങളെക്കാൾ വലിയ മൃഗങ്ങളെപ്പോലും നേരിടാനുള്ള ധൈര്യവും, സംഘം ചേർന്നുള്ള ആക്രമണവുമെല്ലാം കാട്ടുനായ്‌ക്കളെ വേറിട്ട വേട്ടക്കാരാക്കുന്നു.

മരനായ് Nilgiri Marten

അത്യപൂർവമായി കാണപ്പെടുന്ന ഒരു സസ്തനിയാണു നീലഗിരി മാർട്ടെൻ. ഒറ്റനോട്ടത്തിൽ മലയണ്ണാനാണെന്നു തോന്നും. മരത്തിലെന്നപോലെ മണ്ണിലൂടെയും വേഗത്തിൽ ഓടാനും ചാടാനും സാധിക്കും. തല മുതൽ വാലിന്റെ അഗ്രം വരെ ഒരുമീറ്ററിലധികം നീളം. തലയ്‌ക്കും ഉടലിനും തവിട്ടു കലർന്ന കറുപ്പുനിറം. കീഴ്‌ത്താടിയിലും കഴുത്തിന്റെ പകുതിവരെയും വെള്ളനിറം കാണാം. നെഞ്ചിന്റെ തുടക്കം മുതൽ മുൻകാലുകളുടെ പകുതിവരെ ഓറഞ്ചുനിറമാണ്. മൂക്കും ചുണ്ടും ചുവപ്പ്. അങ്ങനെ ബഹുവർണങ്ങളോടെ ആകർഷകമാണു മരനായയുടെ രൂപം.

നക്ഷത്ര ആമ Indian Star Tortoise

കേരളത്തിൽ അത്യപൂർവം. ചിന്നാർ വനമേഖലയിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. വ്യത്യസ്തമായ ആവാസവ്യവസ്ഥകളിൽ ജീവിക്കാൻ സാധിക്കും. കടുത്ത വംശനാശ ഭീഷണി നേരിടുന്നുണ്ട്.

കരിങ്കുരങ്ങ് Nilgiri langur

ലോകത്ത് നമ്മുടെ പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇവയെ കണ്ടുവരുന്നത്. പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തുള്ള സഹ്യാദ്രിയിലെ കാടുകളിൽ കണ്ടുവരുന്നു. തിളക്കമുള്ള രോമങ്ങൾ നിറഞ്ഞ കറുത്ത ദേഹം ഇവയെ മറ്റു കുരങ്ങുകളിൽനിന്നു വ്യത്യസ്തരാക്കുന്നു. മിക്കവാറും മരങ്ങളിൽത്തന്നെയാണിവ കഴിച്ചുകൂട്ടുക. ചെറുസംഘങ്ങളായാണു സഞ്ചാരം. പൂർണമായും സസ്യഭുക്കുകളായ ഇവ പഴങ്ങളും വിത്തുകളും പൂക്കളും മൊട്ടുകളും തളിരിലകളും മറ്റുമാണു ഭക്ഷിക്കുന്നത്.

ഇരുണ്ട വരയണ്ണാൻ Nilgiri striped squirrel

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു അപൂർവയിനം അണ്ണാനാണ് ഇരുണ്ട വരയണ്ണാൻ. ഉൾക്കാടുകളിലാണു പൊതുവെ കാണപ്പെടുന്നത്. കേരളത്തിൽ കാണപ്പെടുന്ന അണ്ണാൻ വർഗക്കാരിൽ ഏറ്റവും ചെറുത് ഇതാണെന്നു കരുതുന്നു. കരണ്ടുതീനികളുടെ വംശജനായ ഈ സസ്തനി. കടുത്ത വംശനാശഭീഷണി നേരിടുന്നതായി ശാസ്‌ത്രലോകം സൂചിപ്പിക്കുന്നു.

കാട്ടുപോത്ത് Gaur/Indian bison

കേരളത്തിലെ മിക്ക വനമേഖലകളിലും കാണപ്പെടുന്ന കാലിവർഗത്തിലെ ഒരു വലിയ മൃഗമാണിത്. പുൽമേടുകളും ചതുപ്പുകളും നിറഞ്ഞ പ്രദേശങ്ങളാണ് ഇവയുടെ മുഖ്യതാവളം. ഇവയിൽ ആണിനു തിളക്കമുള്ള കറുപ്പുനിറമായിരിക്കും. പെണ്ണിനു കാപ്പിനിറം. ആണിനും പെണ്ണിനും മുട്ടിനു താഴ്‌വശം വെള്ളനിറമാണ്. വലുപ്പമുള്ള തലയിൽ അർധചന്ദ്രാകൃതിയിലുള്ള വളഞ്ഞകൊമ്പുകളുണ്ടാവും. ഇരട്ടക്കുളമ്പുള്ള അയവിറക്കുന്ന മൃഗമാണിത്. സസ്യഭുക്കുകളായ ഇവ മിക്കവാറും കൂട്ടത്തോടെയാണു സഞ്ചരിക്കുന്നത്.

ചാമ്പൽ മലയണ്ണാൻ Grizzled Giant Squirrel

കേരളത്തിലെ അത്യപൂർവമായ ഒരു സസ്തനി. ചിന്നാർ വന്യജീവിസങ്കേതത്തിലും അതിനോടു ചേർന്ന വനമേഖലകളിലും കാണപ്പെടുന്നു. മലയണ്ണാനെ അപേക്ഷിച്ചു വലുപ്പം കുറഞ്ഞിരിക്കും. മിക്കവാറും സമയം വൃക്ഷത്തിൽ. ഇരതേടുന്നതു പകൽ. തളിരിലകളും ഫലങ്ങളും പൂക്കളും പലതരം പ്രാണികളും മറ്റുമാണ് ആഹാരം.

വരയാട് Nilgiri Tahr

ലോകത്ത് നമ്മുടെ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരാടാണിത്. പശ്ചിമഘട്ടത്തിലെ ഏക കാട്ടാടായ ഇതു തമിഴ്‌നാടിന്റെ സംസ്ഥാന മൃഗം കൂടിയാണ്.  ദക്ഷിണ പശ്ചിമഘട്ടത്തിലെ പാറക്കെട്ടുകൾ നിറഞ്ഞ പുൽമേടുകളിലാണു കാണപ്പെടുന്നത്. കേരളത്തിലാണ് ഇവയുടെ സാന്നിധ്യം കൂടുതലായുള്ളത്. ഇടുക്കിയിലെ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം ഇവയുടെ സംരക്ഷണത്തിനായി രൂപംകൊടുത്തതാണ്. പൂർണമായും സസ്യഭുക്കുകളാണു വരയാടുകൾ.

കേഴമാൻ Barking Deer/ Indian Muntjac

തവിട്ടും തിളക്കമുള്ള ചെങ്കല്ലിന്റെ നിറവും ചേർന്ന ശരീരപ്രകൃതം. അപകടഘട്ടങ്ങളിൽ നായ്‌ക്കളെ പോലെ പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കും. വളരെ ഉച്ചത്തിൽ കേൾക്കുമ്പോൾ ഇതു കുരയ്‌ക്കുകയാണെന്നു തോന്നും. ഈ ശബ്ദത്തിൽനിന്നാണു ബാർക്കിങ്‌ഡീർ (കുരയ്‌ക്കുന്ന മാൻ) എന്ന പേര് ലഭിച്ചത്.

മ്ലാവ് /കലമാൻ Sambar deer

ഇന്ത്യയിലെ ഏറ്റവും വലിയ മാനാണു മ്ലാവ്. ഇരുണ്ട തവിട്ടുനിറമുള്ള ദേഹം. ശരീരത്തിൽ പുള്ളികളോ വരകളോ കാണില്ല. ആണും പെണ്ണും കുട്ടികളുമടങ്ങുന്ന ചെറുസംഘമായിട്ടാണ് സഞ്ചാരം. പുല്ലും ഇലയും കായും പഴങ്ങളും വൃക്ഷത്തിന്റെ തൊലിയും മറ്റുമാണു കഴിക്കുന്നത്. പൊതുവെ പകൽസഞ്ചാരിയാണ്.

സിംഹവാലൻ കുരങ്ങ് Lion-tailed macaque

ലോകത്ത് പശ്ചിമഘട്ടത്തിന്റെ ദക്ഷിണ ഭാഗങ്ങളിൽ മാത്രം കാണുന്ന കുരങ്ങ്. മുഖമൊഴികെ തിളങ്ങുന്ന കറുത്ത രോമങ്ങളാൽ പൊതിഞ്ഞ ശരീരം. മുഖത്തു നരച്ച വെള്ളിനിറത്തിലുള്ള മനോഹരമായ കുഞ്ചിരോമങ്ങളുള്ള സട ഉണ്ട്. സിംഹത്തിന്റെ സടയോടു സാമ്യമുണ്ട്. വാലിന്റെ അറ്റത്തും സിംഹത്തിന്റെ വാലിൽ ഉള്ളതുപോലെ രോമങ്ങളുണ്ട്.

കടുവ Tiger

ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും ദേശീയ മൃഗം. കടുവയെ 1972–ലാണ് ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത്. അതിനു മുമ്പ് സിംഹമായിരുന്നു നമ്മുടെ ദേശീയമൃഗം. കേരളത്തിലെ വനമേഖലകളിൽ കടുവയെ കാണാം. മാംസഭോജികളാണ്. നിശബ്‌ദമായി സഞ്ചരിക്കാനും പതിയിരുന്ന് ഇരയെ ആക്രമിക്കാനും അസാമാന്യ കഴിവുണ്ട്.