സത്യത്തിൽ എന്താണ് ഈ ആപ്പ് ?

വി.കെ.നിസാർ

സ്‌മാർട് ഫോണുകളോ ടാബുകളോ (Tablet PC) പോലെയുള്ള മൊബൈൽ ഉപകരണങ്ങളിൽ പ്രവർത്തിപ്പിക്കുവാനായി രൂപകൽപന ചെയ്തിട്ടുള്ള കംപ്യൂട്ടർ പ്രോഗ്രാമുകളെയാണ് മൊബൈൽ ആപ്ലിക്കേഷനുകൾ എന്നു പറയുന്നത്. എളുപ്പത്തിൽ നമ്മൾ ആപ്പുകൾ എന്നു പറയും. സാധാരണ ലഘുവായതും പരിമിതമായ ധർമങ്ങളുള്ളതുമായതും ഒറ്റയായി നിലനിൽക്കുന്നവയായിരിക്കും ഇവ. ഐ ഫോൺ, ഐ പാഡ്, ഐ പോഡ് ടച്ച് എന്നീ ആപ്പിൾ കമ്പനി ഉപകരണങ്ങളിലെ സാന്നിധ്യമാണ് ഇവയെ പ്രശസ്തമാക്കിയതെന്ന് പറയാം. എന്നാൽ, തികച്ചും സ്വതന്ത്രവും ലിനക്‌സ് അധിഷ്ഠിതവുമായ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മേധാവിത്വം കണ്ട കഴിഞ്ഞ പതിറ്റാണ്ട് ആപ്പുകളുടെ വ്യാപനത്തിനു വലിയ പ്രചാരം നൽകി. ആർക്കുവേണമെങ്കിലും ആപ്പുകൾ നിർമിച്ച് ഗൂഗിൾ പ്ലേ സ്റ്റോറുകൾ പോലുള്ള സഞ്ചയത്തിലേക്കു നൽകുവാനും സൗജന്യമായോ അല്ലാതെയോ അവ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാനോ സാധ്യമായത് ആൻഡ്രോയ്ഡിന്റെ കടന്നുവരവോടെയാണ്.

ഉപകാരപ്രദവും വിജ്ഞാനപ്രദവുമായ ആപ്പുകൾപോലെ തന്നെ, നമ്മുടെ വിവരങ്ങളും രഹസ്യങ്ങളും മറ്റും ചോർത്തിയെടുക്കുന്ന അപകടകരമായ ആപ്പുകളും ധാരാളം ഉണ്ട്. തികച്ചും വിശ്വസ്തമായ ഉറവിടങ്ങളിൽ (Trustworthy sources)നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക എന്നതാണു സുരക്ഷിതം.

മൊബൈൽ ആപ്പുകൾ നിർമിക്കാൻ പഠിക്കുന്നതു നമ്മുടെ ഭാവനാശേഷിയും പ്രോഗ്രാമിങ് കഴിവുകളും വളർത്തുന്നതിന് ഉപകരിക്കും. മാത്രമല്ല, ധാരാളം തൊഴിലവസരങ്ങൾ തുറന്നുകിടക്കുന്ന ഒരു മേഖല കൂടിയാണത്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അഭിരുചിയുള്ള കുട്ടികൾക്കു ലിറ്റിൽകൈറ്റ്‌സ് എന്ന ക്ലബ് വഴി, ഈ വിഷയത്തിൽ വിദഗ്ധ പരിശീലനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

തികച്ചും സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന മൂന്ന് രസകരങ്ങളായ ആപ്പുകൾ കൂട്ടുകാർക്ക് പരിചയപ്പെടുത്തുന്നു. രക്ഷിതാക്കളോട് പറഞ്ഞ്, അവ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിച്ചു നോക്കണേ....

1. Skymap : ഇൻസ്റ്റാൾ ചെയ്ത ശേഷം നമ്മുടെ പ്രദേശം സെറ്റ് ചെയ്താൽ രസകരവും വിജ്ഞാനപ്രദവുമായ ആകാശക്കാഴ്ചകൾ കാണാം. ഗ്രഹങ്ങളെയും നക്ഷത്രസമൂഹങ്ങളെയുമൊക്കെ തിരിച്ചറിയാം. ഗ‌ൂഗിളിന്റെതാണ് ഈ ആപ്പ്.

2. Radio Garden: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റേഡിയോ സ്റ്റേഷനുകൾ ട്യൂൺചെയ്ത്, ഹെഡ്‌ഫോണില്ലാതെതന്നെ കേൾക്കാം, ആസ്വദിക്കാം. നെതർലന്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൗണ്ട് ആൻഡ് വിഷൻ ആണ് ഇതിന്റെ നിർമാതാക്കൾ

3. Kili: വിവിധതരം പക്ഷികളെ വിശദമായി പരിചയപ്പെടുത്തുന്നു. പക്ഷികളുടെ രൂപസാദൃശ്യമനുസരിച്ച് അവടെ തിരയാനുള്ള സൗകര്യവുമുണ്ട്. നമ്മുടെ നാട്ടിലെ ഒരുപറ്റം പ്രകൃതിസ്നേഹികളുടെ സംരംഭം.