വെസ്റ്റിൻഡീസ് ഒരു രാജ്യമല്ല, പിന്നെ എന്താണ് ? , Maamaankam, history of Kerala, Padhippura, Manorama Online

വെസ്റ്റിൻഡീസ് ഒരു രാജ്യമല്ല, പിന്നെ എന്താണ് ?

വെസ്‌റ്റിൻഡീസ് ക്രിക്കറ്റ് ടീം ഇന്ത്യയിൽ പര്യടനം നടത്തുകയാണല്ലോ. വെസ്റ്റിൻഡീസ് ഒരു രാജ്യമല്ല. പിന്നെ എന്താണ്... വെസ്‌റ്റിൻഡീസ് ഒരു രാജ്യമല്ല. അതൊരു ദ്വീപുസമൂഹമാണ്. ഏതാനും ദ്വീപ് രാഷ്ട്രങ്ങളും മറ്റു രാജ്യങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളും ചേരുന്ന ഒരു സമൂഹം.

ഏഴായിരം ദ്വീപുകൾ
ഭൂമിശാസ്‌ത്രപരമായി നിർവചിച്ചാൽ വടക്കേ അറ്റ്ലാന്റിക് സമുദ്രത്തിലെയും കരീബിയൻ പ്രദേശത്തെയും ജനവാസമുള്ളതും ഇല്ലാത്തതുമായ, ഏഴായിരത്തിലേറെ ദ്വീപുകൾ, കടൽപ്പാറനിരകൾ, പവിഴപ്പുറ്റുകൾ എന്നിവ ഉൾപ്പെട്ടതാണ് വെസ്‌റ്റിൻഡീസ്. ഭൂമിശാസ്ത്രപരമായി വെസ്‌റ്റിൻഡീസ് വടക്കേ അമേരിക്കൻ വൻകരയുടെ ഭാഗമാണ്. സ്വതന്ത്രരാജ്യങ്ങളെക്കൂടാതെ ചില രാജ്യങ്ങളുടെ ആശ്രിത പ്രദേശങ്ങളും പ്രവിശ്യകളുമൊക്കെ വെസ്‌റ്റിൻഡീസ് എന്ന ദ്വീപസമൂഹത്തിൽ ഉൾപ്പെടും. കരീബിയൻ പ്രദേശത്ത് സ്‌ഥിതി ചെയ്യുന്ന രാജ്യങ്ങളെ കരീബിയൻ രാജ്യങ്ങൾ എന്നും വിളിക്കുന്നു. പരമാധികാരമുളള 13 സ്വതന്ത്രരാഷ്‌ട്രങ്ങളും (sovereign states) 14 ആശ്രിത പ്രദേശങ്ങളും (dependent territories) പ്രത്യേക പദവിയുള്ള ഏതാനും പ്രദേശങ്ങളും (outlying territories/ overseas departments) ഉൾപ്പെടുന്ന ശൃംഖലയാണ് വെസ്‌റ്റിൻഡീസ്.

ചരിത്രം
1492ൽ യൂറോപ്യൻ പര്യവേക്ഷകൻ ക്രിസ്‌റ്റഫർ കൊളംബസാണ് വെസ്‌റ്റിൻഡീസ് പ്രദേശങ്ങളിൽ ആദ്യമെത്തിയത്. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരങ്ങൾ എന്നു തെറ്റിദ്ധരിച്ച് ഇവിടെയെത്തിയ കൊളംബസാണ് ഈ പ്രദേശങ്ങൾക്കു വെസ്‌റ്റിൻഡീസ് എന്നു പേരിട്ടത്. പിന്നീട് ഇവിടെയുളള പല ദ്വീപുകളും വിവിധ യൂറോപ്യൻ രാജ്യങ്ങളുടെ കോളനികളായതോടെ അവരുടെ സംസ്‌കാരവും രീതികളും ഇവിടേക്കു പറിച്ചുനടപ്പെട്ടു.

സങ്കര സംസ്കാരം
വെസ്‌റ്റിൻഡീസ് അമേരിക്കൻ ഭൂണ്‌ഡങ്ങളിൽ ഉൾപ്പെട്ടതാണെങ്കിലും ചരിത്രപരമായും സാംസ്‌കാരികപരമായും കൂടുതൽ ആഭിമുഖ്യം യൂറോപ്യൻ, ആഫ്രിക്കൻ, ഏഷ്യൻ ഭൂഖണ്ഡങ്ങളോടാണ്. വർഷങ്ങൾക്കുമുൻപ് ഈ പ്രദേശങ്ങളിൽനിന്നുള്ള കുടിയേറ്റവും കോളനിവൽക്കരണവുമാണ് ഇതിനു കാരണം.

സ്വതന്ത്രരാജ്യങ്ങൾ
13 സ്വതന്ത്ര രാജ്യങ്ങളാണ് വിൻഡീസ് ദ്വീപസമൂഹത്തിൽ ഉള്ളത്. രാജ്യങ്ങളും ബ്രാക്കറ്റിൽ തലസ്ഥാനവും:
ആന്റിഗ്വ ആൻഡ് ബർബുഡ (സെന്റ് ജോൺസ്)
ബഹാമസ് (നാസോ)
ബാർബഡോസ് (ബ്രിജ്‌ടൗൺ)
ക്യൂബ (ഹവാന)
ഡൊമിനിക്ക (റോസോ)
ഡൊമിനിക്കൻ റിപ്പബ്ലിക് (സാന്റോ ഡൊമിംഗോ)
ഗ്രനേഡ (സെന്റ ് ജോർജ്‌സ്)
ഹെയ്‌റ്റി (പോർട്ട് ഔ പ്രിൻസ്)
ജമൈക്ക (കിങ്‌സ്‌റ്റൻ)
സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്:(ബാസെറ്റരെ)
സെന്റ് ലൂസിയ (കാസ്‌ട്രീസ്)
സെന്റ് വിൻസെന്റ് ആൻഡ് ദ് ഗ്രെനഡൈൻസ് (കിങ്‌സ്‌ടൗൺ)
ട്രിനിഡാഡ് ആൻഡ് ടൊബാഗൊ (പോർട്ട് ഓഫ് സ്‌പെയിൻ)
സ്വതന്ത്രരാജ്യങ്ങളെക്കൂടാതെ യുഎസ്, ഫ്രാൻസ്, യുകെ, നെതർലൻഡ്സ്, വെനസ്വേല തുടങ്ങിയ രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള ചില ദ്വീപുകളും പ്രദേശങ്ങളും വെസ്‌റ്റിൻഡീസ് എന്ന കുടക്കീഴിൽ വരും.

ഹോട്ട്സ്പോട്ട്
ജൈവശാസ്‌ത്രപരമായി ഏറെ പ്രധാനപ്പെട്ടതാണ് കരീബിയൻ ദ്വീപുകൾ. ജൈവസമ്പത്തിൽ മുന്നിട്ടുനിൽക്കുന്നതിനാൽ ലോകത്തിലെ പ്രധാന ഹോട്ട് സ്‌പോട്ടുകളിലൊന്നാണ് ഇവിടം.

ഭൂമിശാസ്ത്രം
ഭൂമിശാസ്‌ത്രപരമായി വെസ്‌റ്റ് ഇൻഡീസിനെ മൂന്നു പ്രദേശങ്ങളായി തിരിക്കാം– ലുസയാൻ അർച്ചിപെലാഗോ (Lucayan Archipelago), ഗ്രേറ്റർ ആന്റിൽസ് (Greater Antilles), ലെസ്സർ ആന്റിൽസ് (Lesser Antilles).

ജമൈക്ക: അത്‍ലറ്റുകളുടെ സ്വന്തം നാട്
അത്‌ലറ്റിക്സിൽ ജമൈക്ക കുറിച്ച നേട്ടങ്ങൾക്ക് തങ്കത്തിളക്കമാണ്. ഇതിഹാസതാരങ്ങളായ ഉസൈൻ ബോൾട്ട്, അസഫ പവൽ, വെറോനിക്ക കാംബൽ ബ്രൗൺ, ഷെല്ലി ആൻ ഫ്രേസർ, ഷെറോൺ സിംപ്‌സൻ, മെർലിൻ ഓട്ടി തുടങ്ങിയവർ ജമൈക്കയിൽനിന്നുള്ള ഒളിംപിക് മെഡൽ ജേതാക്കളാണ്.

വലിയ രാജ്യം ക്യൂബ
കരീബിയൻ രാജ്യങ്ങളുടെ കൂട്ടത്തിൽ ക്യൂബയാണ് ഏറ്റവും വലിയ രാഷ്‌ട്രം. ലോകത്തിന്റെ പഞ്ചസാരകിണ്ണം എന്ന പേരിലും ക്യൂബ അറിയപ്പെടുന്നു. ഏറ്റവും ചെറിയ കരീബിയൻ രാഷ്‌ട്രം സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്. ആകെ 269 ചതുരശ്രകിലോമീറ്റർ മാത്രം വിസ്തൃതി. ജനസംഖ്യ കുറഞ്ഞ കരീബിയൻ രാജ്യവും ഇതുതന്നെ: 54, 821.

വെസ്‌റ്റിൻഡീസ് ക്രിക്കറ്റ്
വെസ്‌റ്റിൻഡീസിലെ പ്രധാന കായികവിനോദം ക്രിക്കറ്റാണ്. വെസ്‌റ്റിൻഡീസ് ദ്വീപുസമൂഹത്തെയാണ് വെസ്‌റ്റിൻഡീസ് ക്രിക്കറ്റ് ടീം പ്രതിനിധീകരിക്കുന്നത്. പ്രധാന രാജ്യങ്ങളായ ജമൈക്ക, ബാർബഡോസ്, ട്രിനിഡാഡ് – ടൊബാഗൊ, ഡൊമിനിക്ക, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, ആന്റിഗ്വ– ബർബുഡ, ഗ്രനേഡ എന്നീ രാജ്യങ്ങളും പ്രത്യേക പ്രദേശങ്ങളായ ആൻഗ്വില്ല, ബ്രിട്ടിഷ് വെർജിൻ ദ്വീപുകൾ എന്നിവയും വെസ്‌റ്റിൻഡീസ് ക്രിക്കറ്റിന്റെ ഭാഗമാണ്. ഒട്ടേറെ രാജ്യാന്തരസ്‌റ്റേഡിയങ്ങൾ ഇവിടുണ്ട്. 1970–90 കാലഘട്ടത്തിൽ വിൻഡീസ് ക്രിക്കറ്റിന്റെ സുവർണ കാലമായിരുന്നു. ഏകദിന, ട്വന്റി20 ക്രിക്കറ്റിലെ രണ്ട് ലോകകപ്പുകൾവീതം വെസ്റ്റിൻഡീസാണു നേടിയത്.

Summary: West Indies interesting facts