റോഡിൽ സൈക്കിൾ ഓടിച്ചു മടുത്തോ? ഇനി വെള്ളത്തിലും ചവിട്ടാം!,  Waterbike hydrofoil bicycle, Padhippura, Manorama Online

റോഡിൽ സൈക്കിൾ ഓടിച്ചു മടുത്തോ? ഇനി വെള്ളത്തിലും ചവിട്ടാം!

നവീൻ മോഹൻ

റോഡിലൂടെ ഒരാൾ സൈക്കിളോടിച്ചു വരുന്നു, നേരെ ഒരിറക്കത്തേക്ക്. ആ ഇറക്കം അവസാനിക്കുന്നതാകട്ടെ ഒരു കുളത്തിലും! ബ്രേക്കില്ലാത്ത സൈക്കിൾ വെള്ളത്തിലേക്കു വീഴുന്ന അത്തരം സിനിമാക്കാഴ്ചകൾ ഒട്ടേറെ തവണ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. പക്ഷേ ഹൈഡ്രോഫോയ്‌ലർ എക്‌സ്ഇ–1 സൈക്കിളുള്ളവർ വെള്ളത്തിൽ വീണാലും പേടിക്കില്ല. മുങ്ങിപ്പോകാതെ മുന്നോട്ടു പോകാൻ സഹായിക്കുന്നതാണ് ഈ സൈക്കിൾ. നിർമിച്ചത് ന്യൂസീലൻഡ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ് കമ്പനി മാന്റ5യും.

അടുത്തിടെ യുഎസിലെ ലാസ്‌ വേഗസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ‘ലൈവായി’ വെള്ളത്തിലൂടെ ഈ സൈക്കിളോടിച്ച് കമ്പനി കയ്യടികളേറെ നേടിയിരുന്നു. മണിക്കൂറിൽ 19.31 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാകും ഇതിന്. കാർബൺ ഫൈബർ ഉപയോഗിച്ച് നിർമിച്ചിരിക്കുന്നതിനാൽ കരുത്തേറെ, ഭാരവും കുറവ്. വിമാനം നിർമിക്കാനുപയോഗിക്കുന്ന തരം അലൂമിനിയമാണ് സൈക്കിൾ ഭാഗങ്ങൾ നിർമിക്കാനുപയോഗിച്ചിരിക്കുന്നത്.


ചക്രങ്ങൾക്കു പകരം ഹൈഡ്രോഫോയിലുകളാണ് ഇതിലുള്ളത്. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന ഒരു തരം പ്രൊപ്പല്ലറാണ് ഹൈഡ്രോഫോയിൽ. സൈക്കിൾ ചവിട്ടുന്ന വേഗത്തിനനുസരിച്ച് പെഡലിൽ നിന്ന് ഇതിലേക്ക് ആവശ്യമുള്ള ചാർജെത്തും. അങ്ങനെ സൈക്കിളിനെയും യാത്രക്കാരനെയും ഉയർത്തിനിർത്താനുള്ള കരുത്തും ഹൈഡ്രോഫോയിലിനു ലഭിക്കും. ചവിട്ടാതെ തന്നെ പെഡലിൽ നിന്ന് ആവശ്യമെങ്കില്‍ വൈദ്യുതി എത്തിക്കാൻ 460 വാട്ടിന്റെ ഇലക്ട്രിക് മോട്ടർ സംവിധാനവും ഉണ്ട്. തുടരെത്തുടരെ സൈക്കിൾ ചവിട്ടാനുള്ള ശക്തിയുണ്ടെങ്കിൽ ഈ മോട്ടർ വഴിയുള്ള ‘ചാർജിങ്’ വളരെ കുറവ് ഉപയോഗിച്ചാൽ മതി. ഇനി ചവിട്ടാൻ ബുദ്ധിമുട്ടാണെങ്കിൽ ‘ചാർജ്’ കൂട്ടാനും സാധിക്കും.


കാട്ടിലും മേട്ടിലും വീട്ടീലുമൊക്കെ സൈക്കിൾ ചവിട്ടുന്നതിനു പകരം വെള്ളത്തിൽ സൈക്കിളോടിച്ചു വ്യായാമം ചെയ്യണമെന്നാഗ്രഹിക്കുന്നവർക്കും ഇതുപയോഗിക്കാം. ‘തുടക്കത്തിൽ അൽപം പ്രശ്നമുണ്ടാകാം, ചിലപ്പോൾ മുങ്ങിപ്പോയെന്നും വരാം. പക്ഷേ സൈക്കിളിന്റെ ടെക്നിക് പിടികിട്ടിയാൽ സംഗതി എളുപ്പമാണ്’– ഹൈഡ്രോഫോയ്‌ലർ എക്‌സ്ഇ–1 നിർമാതാക്കൾ പറയുന്നു. കുളത്തിലും കായലിലും പുഴയിലും തിരയൊഴിഞ്ഞ കടലിലുമെല്ലാം ഇതുപയോഗിക്കാം. അധികംവൈകാതെ ഒരുപക്ഷേ ഈ സൈക്കിൾ ചവിട്ടൽ ഒളിംപിക്സിലെ ഒരു മത്സര ഇനമായിപ്പോലും മാറിയേക്കാമെന്നും നിർമാതാക്കൾ പറയുന്നു. 5.3 ലക്ഷം രൂപയാണ് യുകെയിൽ സൈക്കിളിനു വിലയിട്ടിരിക്കുന്നത്. ഈ വർഷം ജൂണോടെ വിൽപന ലോകവ്യാപകമാക്കാനാണു തീരുമാനം.

Summary : Waterbike Hydrofoil Bicycle