ഉറങ്ങിയാലും പറക്കുന്ന ആൽബട്രോസ്

നന്ദകുമാർ ചേർത്തല

ആൽബട്രോസ് ഒരു കടൽ പക്ഷിയാണ്‌. നല്ല ബലമുള്ള ശരീരം. അറ്റം ഹുക്ക് പോലെയുള്ള നീണ്ട കൊക്ക്. കൊക്കുകളുടെ ഈ പ്രത്യേകത കൊണ്ട് കടലിൽ നിന്ന് എളുപ്പത്തിൽ മീനുകളെ പിടിക്കാൻ സാധിക്കും. കാൽവിരലുകൾ താറാവുകളുടെ കാൽവിരലുകൾ പോലെ ചർമത്താൽ ബന്ധിക്കപ്പെട്ടിട്ടുണ്ട്. മറ്റു കടൽപക്ഷികളിൽ നിന്നു വ്യത്യസ്തമായി, ഇവയ്ക്കു കരയിൽ നടക്കാൻ സാധിക്കും. ഏകദേശം 60 വർഷം ജീവിക്കും.

ആകാശത്തിലെ വായുപ്രവാഹത്തിന്റെ സഹായത്താൽ, ചിറകടിക്കാതെ തന്നെ തുടർച്ചയായി ദിവസങ്ങളോളം പറക്കാനുള്ള കഴിവുണ്ട്. ഈ രീതിയിൽ ആൽബട്രോസുകൾ 80,000 കിലോമീറ്റർ വരെ പറന്നതായി പക്ഷിനിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്. ആൽബട്രോസ് പറക്കുമ്പോൾ ചിറകുകളുടെ അറ്റങ്ങൾ തമ്മിലുള്ള അകലം (wingspan)11 അടി വരെ ആകാം. പക്ഷികളിൽ വച്ച് ഏറ്റവും കൂടിയ wingspan ആണിത്. ഇവ പറക്കുന്നതിനിടയിൽ ഉറങ്ങാറുണ്ടെന്നു വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

ആൽബട്രോസിനു നല്ല കാഴ്ച ശക്തിയും ഘ്രാണ ശക്തിയും ഉണ്ട്. ഇരകളെ ഇവയ്ക്ക് ഇരുട്ടിലും കണ്ടെത്താൻ സാധിക്കും. ആകാശത്തുനിന്നു തന്നെ കടലിലെ ഇരകളെ തിരയും. ഇരകളെ കണ്ടെത്തിക്കഴിഞ്ഞാൽ, പിന്നെ കടലിൽ ഊളിയിട്ട്, ലക്ഷ്യമിട്ട ഇരയുമായിട്ടാവും മുകളിലേക്കു വരിക. മാസങ്ങളോളം, കരയിൽ പോകാതെ കടൽപ്പരപ്പിൽ തന്നെ കഴിയാൻ സാധിക്കും.

ഞണ്ട്, കൊഞ്ച് ഇവയൊക്കെ ഇഷ്ട ഭക്ഷണം. കടലിലെ ഉപ്പു വെള്ളം തന്നെയാണ് കുടിക്കുന്നത്. കുടിക്കുന്ന വെള്ളത്തിൽ നിന്നുള്ള ഉപ്പ് വേർതിരിഞ്ഞ്, കണ്ണുകളുടെ അടുത്തായുള്ള ഗ്രന്ഥിയിൽ അടിഞ്ഞു കൂടുന്നു. ഇടയ്ക്കിടയ്ക്ക് ഇവ തല കുലുക്കി അടിഞ്ഞ ഉപ്പു കുടഞ്ഞു കളയുന്നു.

പെൺ ആൽബട്രോസ് ഒരു പ്രജനനകാലത്ത് ഒരു മുട്ട മാത്രമാണ് ഇടുന്നത്. മുട്ട വിരിയാൻ 70 -80 ദിവസം വേണം. പെൺ പക്ഷിയും ആൺ പക്ഷിയും മാറി മാറി മുട്ടയ്ക്ക് അടയിരിക്കുന്നു. ഒരു പക്ഷി അടയിരിക്കുമ്പോൾ മറ്റേ പക്ഷി കടലിൽ പോയി ഭക്ഷണവുമായി തിരിച്ചുവരുന്നു. മുട്ട വിരിഞ്ഞു കുഞ്ഞ് ആൽബട്രോസിന്റെ കൂടെ അച്ഛനും അമ്മയും 6 മാസത്തോളം കാണും. ഭക്ഷണം പാതി ദഹിപ്പിച്ച് ദ്രവരൂപത്തിലാക്കിയ ശേഷം കൊക്ക് ഉപയോഗിച്ച് കുഞ്ഞിന്റെ വായിൽ ഒഴിച്ചു കൊടുക്കും.