‘ഹലോ’ പറഞ്ഞ് കൊലയാളി തിമിംഗലം; അന്തംവിട്ട് ഗവേഷകർ!!

നവീൻ മോഹൻ

തത്തമ്മേ പൂച്ച പൂച്ച... എന്ന് ചില തത്തകളോട് പറഞ്ഞാൽ അവ അതേപടി തന്നെ നമ്മളോടും തിരിച്ചു പറയും ‘തത്തമ്മേ പൂച്ച പൂച്ച...’ ഇങ്ങനെ ജന്തുലോകത്തിൽ മിമിക്രിക്കാർക്ക് ഒരു കുറവുമില്ല. കിളികളും ആനകളും ഡോൾഫിനുകളും സീലുകളുമെല്ലാം ഇത്തരത്തിൽ ശബ്ദം അനുകരിക്കാറുണ്ട്. മനുഷ്യന്മാരാണെങ്കിൽ മിമിക്രിയുടെ ആശാന്മാരാണ്. പക്ഷേ ഒരിക്കലും മറ്റുള്ളവയുടെ ശബ്ദം അനുകരിക്കാൻ സാധിക്കില്ലെന്നു കരുതിയ ഒരു കൂട്ടം ജീവികൾ ഇപ്പോൾ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചിരിക്കുകയാണ്. ഒരു കൊലയാളി തിമിംഗലമാണ് മനുഷ്യന്റെ തന്നെ ശബ്ദം അനുകരിച്ച് താരമായിരിക്കുന്നത്.

വിക്കി എന്ന തിമിംഗലമാണ് ഈ മിമിക്രിക്കാരൻ. എമി എന്നു പറയുന്ന ഒരു പരിശിലീകനാണ് വിക്കിയ്ക്ക് ഹലോ എന്ന വാക്ക് പറഞ്ഞു കൊടുത്തത്. പരിശീലനത്തിനിടെ ചില വാക്കുകള്‍ ഇടയ്ക്കിടെ കേൾപ്പിച്ചു കൊണ്ടേയിരിക്കും. ഏകദേശം ഒരു വിധത്തിൽ ശരിയായി പറഞ്ഞാൽ മീനോ മറ്റെന്തെങ്കിലുമോ കഴിക്കാൻ കൊടുക്കും. അങ്ങനെ മീൻ കൊടുത്തും മറ്റും പരിശീലിപ്പിച്ചു കഴിഞ്ഞപ്പോൾ വിക്കി അടിപൊളിയായി പറഞ്ഞു –‘ഹലോ’ എന്ന്. മനുഷ്യൻ ലാറിങ്ക്സ് എന്ന ഭാഗം ഉപയോഗിച്ചാണ് ശബ്ദമുണ്ടാക്കുന്നത്. എന്നാൽ തിമിംഗലങ്ങൾക്ക് ഇതില്ല. പക്ഷേ മൂക്കിലൂടെ വായു ‘ചീറ്റിച്ച്’ പലതരം ശബ്ദങ്ങളുണ്ടാക്കാനുള്ള ശേഷിയുണ്ട്. ഇത്തരത്തിൽ പരസ്പരം ആശയവിനിമയവും നടത്താറുണ്ട്.

ഓരോ തിമിംഗലങ്ങൾക്കും ഓരോ തരത്തിലുള്ള ഭാഷ സ്വന്തമായുണ്ടെന്നാണു പറയപ്പെടുന്നത്. ഈ പ്രത്യേക ഭാഷയിലൂടെ നൂറു മൈൽ വരെ ദൂരെയുള്ള തിമിംഗലവുമായി ഇവ സംസാരിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതുപക്ഷേ ചൂളംവിളികൾ പോലുള്ള ശബ്ദങ്ങളായിരുന്നു. ഡോൾഫിനുകളെയും കടൽപ്പശുക്കളെയുമെല്ലാം ഇത്തരത്തിൽ അനുകരിക്കാറുണ്ട് കൊലയാളി തിമിംഗലങ്ങൾ. ആ കഴിവാണ് ഇപ്പോൾ മനുഷ്യന്മാരുടെ ശബ്ദവും അനുകരിക്കാവുന്ന രീതിയിലേക്ക് എത്തിച്ചത്. പതിനാലു വയസ്സുള്ള കൊലയാളി തിമിംഗലമാണ് വിക്കി. ഫ്രാൻസിലാണു ജീവിതം. ‘ഹലോ’ മാത്രമല്ല ‘ബൈ ബൈ’ എന്നും വിക്കി പറഞ്ഞാതായാണ് പരിശീലക പറയുന്നത്. ഇപ്പറഞ്ഞത് റെക്കോർഡ് ചെയ്തു സൂക്ഷിച്ചിട്ടുമുണ്ട്. എന്തൊക്കെയായാലും ജന്തുലോകത്തു വൻ വഴിത്തിരിവാണ് വിക്കിയുടെ ‘ഹലോ’ സൃഷ്ടിച്ചിരിക്കുന്നത്. അതിന്മേൽ കൂടതൽ ഗവേഷണത്തിനും ഒരുങ്ങുകയാണ് വിദഗ്ധർ.

മരച്ചീനിയിൽ സയനൈഡ് വിഷം അടങ്ങിയിട്ടുണ്ടോ?