ഭൂമിയിൽ നിന്ന് 1800 കോടി കിലോമീറ്റർ അകലെ സൗരയൂഥ ‘യാത്രികൻ’, Voyager 2, Space, Padhippura, Manorama Online

ഭൂമിയിൽ നിന്ന് 1800 കോടി കിലോമീറ്റർ അകലെ സൗരയൂഥ ‘യാത്രികൻ’

അശ്വിൻ നായർ

ഭൂമിയിൽ നിന്നു പോയ ഒരു ചങ്ങാതി വ്യാഴവും ശനിയും പ്ലൂട്ടോയുമൊക്കെ കടന്ന് സൗരയൂഥത്തിന്റെ കണ്ണെത്താ മേഖലകൾ കടന്നു. യുഎസ് ബഹിരാകാശ ഏജൻസി(നാസ) വിക്ഷേപിച്ച വോയേജർ 2 ആണ് സൗരയൂഥത്തിൽ സൗരവാതത്തിന്റെ ദൃഢസാന്നിധ്യം നിലനിൽക്കുന്ന ഹീലിയോസ്ഫിയർ എന്ന മേഖല കടന്ന് ഇന്റർസ്റ്റെല്ലാർ മേഖലയിലേക്കു പ്രവേശിച്ചത്. കഴിഞ്ഞവർഷം ഇക്കാര്യം സാധിച്ചെന്നാണു ശാസ്ത്രജ്ഞരുടെ പഠനം സൂചിപ്പിക്കുന്നത്.

1977ൽ വിക്ഷേപിക്കപ്പെട്ടതാണ് വോയേജർ 2. ദൗത്യത്തിന്റെ സഹോദരദൗത്യമെന്ന നിലയിൽ വോയേജർ 1 എന്നൊരു ബഹിരാകാശദൗത്യവും വിക്ഷേപിച്ചിരുന്നു. വോയേജർ 1 ഹീലിയോസ്ഫിയറിന്റെ അതിർത്തി 2012ൽ തന്നെ പിന്നിട്ടു. എന്നാൽ വോയേജർ രണ്ടിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ഉപകരണങ്ങളുള്ളതിനാൽ ഇന്റർസ്റ്റെല്ലാർ മേഖലയിലേക്കുള്ള ഇതിന്റെ പ്രവേശനം പുതിയ ഉൾക്കാഴ്ചകൾ മാനവരാശിക്കു നൽകും.

ഭൂമിയിൽ നിന്ന് 1800 കോടി കിലോമീറ്റർ അകലെയാണ് വോയേജർ 2 ഇപ്പോൾ സ്ഥിതി ചെയ്യുന്നതെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. സൂര്യനിൽ നിന്നു പ്ലൂട്ടോയിലേക്കുള്ള ദൂരത്തിന്റെ മൂന്നിരട്ടിയാണ് ഇത്.

ഹീലിയോസ്ഫിയറിന്റെ അതിർത്തി നിർണയിക്കുന്നത് സൗരവാതം മാനദണ്ഡമാക്കിയാണ്. സൗരവാതത്തിന് സൗരയൂഥത്തിലെ ഒരു പ്രത്യേക മേഖല വരെ ഇന്റർസ്റ്റെല്ലാ‍ർ കണങ്ങളെ മാറ്റി നിർത്താൻ സാധിക്കും. ഈ മേഖലയാണു ഹീലിയോസ്ഫിയർ എന്നറിയപ്പെടുന്നത്. കുമിളപോലെ സങ്കൽപിക്കപ്പെടുന്ന ഈ മേഖലയിലാണു ഭൂമി അടക്കമുള്ള ഗ്രഹങ്ങൾ. ഇതിനുവെളിയിൽ ഇന്റർസ്റ്റെല്ലാർ‌ മേഖലയാണ്. ഹീലിയോസ്ഫിയറും ഇന്റർസ്റ്റെല്ലാർ മേഖലയും തമ്മിലുള്ള അതിർത്തിയാണു ഹീലിയോഷീത്ത്.

എന്നാൽ ഹീലിയോസ്ഫിയർ കടന്നെന്നു കരുതി വോയേജർ 2 സൗരയൂഥം കടന്നിട്ടില്ല. ‘ഉർട്ട് ക്ലൗഡ്’ എന്നറിയപ്പെടുന്ന പ്രദേശമാണു സൗരയൂഥത്തിന്റെ അതിർത്തിയായി ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. സൂര്യനിൽ നിന്നു 15000 കോടി കിലോമീറ്റർ അകലെയാണ് ചെറുവസ്തുക്കൾ നിറഞ്ഞ ഉർട്ട് ക്ലൗഡ്. 300 വർഷങ്ങൾക്കു ശേഷം വോയേജർ 2 ഇവിടെത്തുമെന്നാണു സൂചന. 30000 വർഷങ്ങൾ കഴിഞ്ഞാൽ ഈ മേഖലയ്ക്കു പുറത്തുകടക്കാം. ഇതു സാധിച്ചാൽ സൗരയൂഥത്തിനു പുറത്തുപോകുന്ന ആദ്യവസ്തുവായിരിക്കും വോയേജർ 2. നാസയുടെ ഏറ്റവും വിജയകരമായ ദൗത്യങ്ങളിലൊന്നാണ് വോയേജർ 2.

ആണവോർജത്തിൽ പ്രവർത്തിക്കുന്ന റേഡിയോ ഐസോടോപ് തെർമൽ ജനറേറ്ററാണ് ഇതിന് ഊർജം നൽകുന്നത്. അഞ്ചുവർ‌ഷക്കാലയളവി‍ലേക്കു പരിഗണിച്ച പേടകം ഇപ്പോൾ 42 കൊല്ലം പിന്നിട്ടു. Summary : Voyager 2 in space