നിർജീവ അഗ്നിപർവതത്തിന് ‘ജീവൻ വയ്ക്കുന്നു’; ഏതു നിമിഷവും പൊട്ടിത്തെറിക്കാം, ദുരന്തം, Volcano, Russia, Bolshaya Udina eruption, Padhippura, Manorama Online

നിർജീവ അഗ്നിപർവതത്തിന് ‘ജീവൻ വയ്ക്കുന്നു’; ഏതു നിമിഷവും പൊട്ടിത്തെറിക്കാം, ദുരന്തം

ഒരിക്കലും ദേഷ്യപ്പെടാത്ത ഒരു ടീച്ചർ. പെട്ടെന്നൊരു ദിവസമുണ്ട് ടീച്ചർ പൊട്ടിത്തെറിക്കുന്നു, കുട്ടികളെ വടിയെടുത്ത് തല്ലുന്നു, ചീത്ത പറയുന്നു.. എന്തൊരു സങ്കടമായിരിക്കും അല്ലേ? റഷ്യൻ ഗവേഷകർ ഇപ്പോൾ അത്തരമൊരു സങ്കടത്തിലാണ്. പതിനെട്ടു വർഷത്തോളം കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ നിലനിൽക്കുകയായിരുന്നു ഒരു അഗ്നിപർവതം പെട്ടെന്നൊരു ദിവസം നോക്കുമ്പോഴുണ്ട് അതിനടുത്തു നിന്ന് നേരിയ മുരൾച്ചകൾ കേൾക്കുന്നു, പലപ്പോഴായി ഭൂമി കുലുക്കങ്ങൾ രേഖപ്പെടുത്തുന്നു..! ഇനിയൊരിക്കലും പൊട്ടിത്തെറിക്കില്ലെന്നു കരുതിയിരുന്ന റഷ്യയിലെ ബോൾഷായ യുഡിന അഗ്നിപർവതമാണ് ‘ചൂടായി’ക്കൊണ്ടിരിക്കുന്നത്. ഏതു നിമിഷം വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും ഗവേഷരുടെ മുന്നറിയിപ്പ്. അതെപ്പോഴാണെന്നറിയാൻ യാതൊരു മാർഗവുമില്ലതാനും. സമീപത്തൊന്നും വോൾക്കാനിക് ആക്ടിവിറ്റി അളക്കാനുള്ള സ്റ്റേഷനുകളില്ല എന്നതാണു പ്രശ്നം. ഇതിനു മുൻപ് എപ്പോഴാണ് ഇതു പൊട്ടിത്തെറിച്ചതെന്നുമറിയില്ല. ഇത്തവണ പൊട്ടിത്തെറിച്ചാൽ വൻ ദുരന്തമുറപ്പ്. അതിനാൽത്തന്നെ താൽക്കാലിക സ്റ്റേഷനുകൾ സ്ഥാപിച്ച് അഗ്നിപർവതത്തിനു ചുറ്റിലുമുള്ള ഇടങ്ങളിലെ ഭൂമിക്കടിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ അളക്കുകയാണ് ഗവേഷകരിപ്പോൾ.

റഷ്യയുടെ ഏറെ കിഴക്കു മാറി സമുദ്രനിരപ്പിൽ നിന്ന് 9590 അടി ഉയരെയാണ് ബോൾഷായ അഗ്നിപർവതം. സമീപത്തു കൊച്ചു ഗ്രാമങ്ങളേയുള്ളൂ. അവിടെ താമസിക്കുന്നവരും കുറവ്. അതൊന്നുമല്ല പ്രശ്നം. അഗ്നിപർവതം പൊട്ടിയാൽ അതിനകത്തു നിന്നു വരുന്ന ലാവയ്ക്കും ചാരത്തിനും കയ്യും കണക്കുമുണ്ടാകില്ല. അതു റഷ്യയുടെ ആകാശഅതിർത്തിയും കടന്നു പോകും. ആകാശം മൂടിക്കെട്ടുന്നതോടെ വിമാന സർവീസുകളും താളം തെറ്റും. 1999നും 2017 സെപ്റ്റംബറിനും ഇടയ്ക്ക് ഏകദേശം 100 തവണയാണ് ബോൾഷായയ്ക്കു ചുറ്റും ചില സീസ്മിക് ആക്ടിവിറ്റി നടന്നത്. ഭൂമിക്കടിയിലുണ്ടാകുന്ന മാറ്റങ്ങളെയാണ് സീസ്മിക് ആക്ടിവിറ്റി എന്നു പറയുന്നത്. വളരെ ദുർബലമായ മാറ്റങ്ങൾ മാത്രമേ ഇക്കാലത്തുണ്ടായുള്ളൂ. പക്ഷേ 2017 ഒക്ടോബറായപ്പോൾ കളി മാറി. ഭ്രാന്തു പിടിച്ചതു പോലെയായി ബോൾഷായയ്ക്കു ചുറ്റിലുമുള്ള സീസ്മിക് പ്രവർത്തനങ്ങൾ.

ഒക്ടോബർ മുതൽ 2019 ഫെബ്രുവരി വരെ ഏകദേശം 2400 സീസ്മിക് പ്രവർത്തനങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്. അതിലൊരെണ്ണം 4.3 തീവ്രതയുള്ള ഭൂകമ്പമായിരുന്നു. മേഖലയില്‍ ഇന്നേവരെയുണ്ടായതിൽ വച്ച് ഏറ്റവും തീവ്രതയേറിയതായിരുന്നു അത്. സംഗതി പ്രശ്നമാണെന്നു തിരിച്ചറിഞ്ഞപ്പോൾത്തന്നെ റഷ്യ, ഈജിപ്ത്, സൗദി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ പരിശോധനയ്ക്കെത്തി. 2018 മേയ്–ജൂലൈ മാസത്തിലായിരുന്നു നാലു താൽക്കാലിക മോണിറ്ററിങ് സ്റ്റേഷനുകൾ സ്ഥാപിച്ചുള്ള പരിശോധന. മൂന്നു മാസത്തിനിടെ മേഖലയിലുണ്ടായത് 559 സീസ്മിക് ആക്ടിവിറ്റികൾ. ഉപരിതലത്തിൽ നിന്നു മൂന്നു മൈൽ താഴെ വരെ മാറ്റങ്ങളുണ്ടായി. ഭൂമിക്കടിയിൽ ദ്രാവക രൂപത്തിലുള്ള മാഗ്മ പ്രശ്നമുണ്ടാക്കുന്നുവെന്നതായിരുന്നു ഇതിന്റെ സൂചനകൾ. അതോടെ ഗവേഷകർ ഉറപ്പിച്ചു– ബോൾഷായ പൊട്ടിത്തെറിക്കാനുള്ള തയാറെടുപ്പിലാണ്.

അഗ്നിപർവതത്തിന്റെ തെക്കു ഭാഗത്തുള്ള ടൊലുഡ് സോൺ കേന്ദ്രീകരിച്ചായിരുന്നു പ്രധാന മാറ്റങ്ങള്‍. ഇവിടെയാണ് മാഗ്‌മ സംഭരിക്കപ്പെട്ടിരിക്കുന്നതെന്നാണു ഗവേഷകരുടെ നിഗമനം. പൊട്ടിത്തെറിയുണ്ടായാൽ ടൊലുഡ് സോണിൽ നിന്നായിരിക്കും തിളച്ചുമറിയുന്ന ലാവ പുറത്തേക്കൊഴുകുക. നേരത്തേ മേഖലയിലുണ്ടായിരുന്ന ബെസിമിയാനി എന്ന അഗ്നിപർവതവുമായും ഘടനയിൽ ബോൾഷായയ്ക്കു സാമ്യമുണ്ട്. നിർജീവമായിരിക്കുകയാണെന്നു കരുതിയിരിക്കെ 1956ൽ പെട്ടെന്നൊരു ദിവസം പൊട്ടിത്തെറിച്ച് ലോകത്തെ അമ്പരപ്പിച്ചാണ് ബെസിമിയാനി. ഇതേ സ്വഭാവം തന്നെയാണ് ബോൾഷായയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു. നിലവിൽ 50 ശതമാനമാണ് ഈ അഗ്നിപർവതം പൊട്ടിത്തെറിക്കാനുള്ള സാധ്യത. ചിലപ്പോൾ പൊട്ടിത്തെറിച്ചില്ലെന്നും വരാം. ഭൂമിക്കടിയിൽ സംഭരിക്കപ്പെട്ടിരിക്കുന്ന ഊർജം അൽപാൽപമായി പുറത്തേക്കു വിട്ട് ഒടുവിൽ ശാന്തനായി ഉറങ്ങിയേക്കാം ബോൾഷായ. അങ്ങനെ സംഭവിക്കട്ടേയെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ് ഗവേഷകരും.