ഇന്ത്യയിലെ ഏക അഗ്നിപർവതം വീണ്ടും പുകഞ്ഞു...

അഗ്നിപർവതങ്ങളെകുറിച്ചും സൂനാമിയെകുറിച്ചും കൂടുതൽ അറിയാം

അഗ്നിപർവതങ്ങൾ

ഭൂമിയുടെ പുറന്തോട് പല പാളികൾ (Layers) ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. ​ഇവയുടെ കനം 70 മുതൽ 100 കിലോമീറ്റർ വരെയാണ്. ഇവയ്ക്കിടെയിലെ താപനില വളരെ ഉയർന്നതായതിനാൽ പാറകളും മറ്റും ദ്രവാവസ്ഥയിലാണ് ഇവിടെ. ഇതാണ് മാഗ്‌മ. ഫലക ചലനങ്ങളുടെ ഫലമായി, ഫലകാതിരുകളിലെ വിള്ളലുകളിലൂടെ ഉരുകിയ ഈ ശിലാദ്രവം പുറത്തേക്കു കുതിച്ചുവമിച്ചാണ് അഗ്നിപർവതങ്ങൾ രൂപംകൊള്ളുന്നത്. ഏതുവേളയിലും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള സജീവ (Active) അഗ്നിപർവതങ്ങൾ, ഒരു കാലത്ത് സജീവങ്ങളായിട്ടുള്ളവയും ഇനിയും സ്ഫോടനസാധ്യത തള്ളിക്കളയാനാവാത്തവയുമായ സുഷുപ്തിയിലാണ്ടവ (Dormant), പതിനായിരിത്തോളം വർഷം മുൻപ് സജീവങ്ങളായിരുന്ന് ഇനി പൊട്ടിത്തെറി സാധ്യതയില്ലാത്ത നിർജീവങ്ങളായ (Extinct) അഗ്നിപർവതങ്ങൾ എന്നീ മൂന്നു പ്രധാന വിഭാഗങ്ങൾ ഇവയ്ക്കുണ്ട്.

ഇന്ത്യയിലെ ഏക അഗ്നിപർവതം വീണ്ടും പുകഞ്ഞു...

ആൻഡമാൻ നിക്കോബാറിലെ ബാരൻ ദ്വീപിലുള്ള അഗ്നിപർവതമാണ് 150 വർഷത്തെ സുഷുപ്താവസ്ഥയിൽ നിന്നും വീണ്ടും (1991ൽ) സജീവമായത്. തലസ്ഥാനമായ പോർട്ട്ബ്ലെയറിൽ നിന്ന് 140 കി.മീ. ദൂരെയാണു ബാരൻ ദ്വീപുകൾ. 2017 ലാണ് അവസാനമായി ഇതു സജീവമായത്. ദേശീയ സമുദ്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് ഇതു കണ്ടെത്തിയത്. ആൾപ്പാർപ്പില്ലാത്ത, പച്ചപ്പില്ലാത്ത ഈ ദ്വീപു സന്ദർശിക്കണമെങ്കിൽ വനം വകുപ്പിന്റെ പ്രത്യേക അനുമതി വേണം. ബോട്ടിൽ യാത്ര ചെയ്ത് കുറേ മാറി നിന്നുള്ള വീക്ഷണം മാത്രം സാധ്യം!

അഗ്നിപർവതങ്ങൾ കൊണ്ടുള്ള പ്രയോജനങ്ങൾ

കൃ‍ഷി: ലാവാശിലകൾ പൊടിഞ്ഞുണ്ടാകുന്ന മണ്ണ് വളരെ ഫലഭൂയിഷ്ഠമാണ്. ഡക്കാൻ പീഠഭൂമി പ്രദേശം പരുത്തിയുൾപ്പെടെയുള്ള കൃഷിക്ക് അനുയോജ്യമായത് ഇവിടത്തെ, ലാവ പൊടിഞ്ഞുണ്ടായ കറുത്ത മണ്ണിനാലാണ്.

ടൂറിസം: അഗ്നിപർവതപ്രദേശത്തു രൂപപ്പെടുന്ന ഗീസറുകൾ ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുന്നു. ഉദാ: ഓൾഡ് ഫെയ്ത്ഫുൾ ഗീസർ.

സൂനാമികൾ

ജാപ്പനീസ് ഭാഷയിലെ സൂ– തുറമുഖം, നാമി – തിര എന്നീ വാക്കുകളിൽ നിന്നാണ് ‘തുറമുഖ തിരമാലകൾ’ എന്നർഥം വരുന്ന ‘സൂനാമി (Tsunami)’ എന്ന വാക്കിന്റെ ഉദ്ഭവം. ഭൂമികുലുക്കം, വൻതോതിലുള്ള സമുദ്രാന്തർ ചലനങ്ങൾ, അഗ്നിപർവത സ്ഫോടനം, ഉൽക്കാപതനം തുടങ്ങിയവയെല്ലാം സുനാമിയുടെ സൃഷ്ടിക്ക് കാരണമാകാം. ഗ്രീക്ക് ചരിത്രകാരനായ തുസിഡൈസാണ് ആദ്യമായി ഇവയെ സമുദ്രാന്തർ ഭൂകമ്പങ്ങളുമായി ബന്ധപ്പെടുത്തിയത്.

വൻ സുനാമി ദുരന്തത്തിന് കഴിഞ്ഞ ഡിസംബറിൽ 13 വയസ്സ്

ലോകം ഇന്നും നടുക്കത്തോടെ സ്മരിക്കുന്ന ദിനമാണ് 2004 ഡിസംബർ 26. റിക്ടർ സ്കെയിലിൽ 8.3 രേഖപ്പെടുത്തിയ വൻ ഭൂകമ്പ ഫലമായി രൂപംകൊണ്ട സുനാമി തിരകൾ 2,30,000 പേരുടെ ജീവനാണു കവർന്നത് (3 ലക്ഷം എന്ന് അനൗദ്യോഗിക റിപ്പോർട്ട്). ഇന്ത്യയിലെ മരണ സഖ്യം 10,000 ത്തിലധികമായിരുന്നു. കേരളത്തിൽ മാത്രം ആയിരത്തോളം പേർ മരിച്ചു. ഇന്തൊനീഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറേ തീരത്താണ് ഇതു രൂപംകൊണ്ടത്.

സൂനാമി മുന്നറിയിപ്പ്: ഇന്ത്യയിൽ ആദ്യ സൂനാമി മുന്നറിയിപ്പു സംവിധാനം 1999ൽ നിലവിൽ വന്നു. ഇതിന്റെ ഔദ്യോഗിക നാമം Indian National Center for Ocean Information Services (INCOIS) എന്നാണ്.