ലോകമലയാളി

ഡോ. സന്തോഷ് മാത്യു വേരനാൽ

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട പ്രസംഗത്തിന് എഴുപതു കൊല്ലം തികഞ്ഞിരിക്കുന്നു. ഏഴു മണിക്കൂറും 48 മിനിറ്റും നീണ്ടുനിന്ന ആ പ്രസംഗം ഒരു മലയാളിയുടെ പേരിലുള്ളതാണ് – വി.കെ. കൃഷ്ണമേനോൻ എന്ന വേങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ. കോഴിക്കോട് പന്നിയങ്കരയിൽ 1896ൽ ആണ് അദ്ദേഹം ജനിച്ചത്.

കശ്മീരിന്റെ ഹീറോ
1957 ജനുവരി 23ന് അഞ്ചു മണിക്കൂറും ജനുവരി 24നു രണ്ടു മണിക്കൂർ 48 മിനിറ്റും നീണ്ടുനിന്നതായിരുന്നു ആ പ്രസംഗം. ഈ പ്രസംഗത്തോടെ അദ്ദേഹം രാജ്യാന്തരവേദിയിൽ ‘Hero of Kashmir’ എന്നറിയപ്പെട്ടു. യുഎൻ പൊതുസഭയിൽ പ്രസംഗകർക്കു തടസ്സമില്ലാതെ എത്ര വേണമെങ്കിലും പ്രസംഗിക്കാം. അമേരിക്കൻ കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റിലും ഇത്തരമൊരു സൗകര്യമുണ്ട്. സെനറ്റർമാർ പലപ്പോഴും അവർക്കിഷ്ടമുള്ളത്ര സമയം പ്രസംഗിക്കാൻ എടുക്കുന്ന Filibustering എന്ന സമ്പ്രദായം യുഎൻ പൊതുസഭയും അവലംബിച്ചുവരുന്നു. അങ്ങനെയാണ് കൃഷ്ണമേനോൻ, കശ്മീരിനെ സംബന്ധിച്ച ചരിത്രപ്രസിദ്ധമായ പ്രസംഗം നടത്തിയത്.

ചേരി ചേരാത്ത പേര്
ചേരിചേരാ പ്രസ്ഥാനത്തിന് (Non–Aligned Movement) ആ പേരു നിർദേശിച്ചതു കൃഷ്ണമേനോൻ ആണ്. ലോകപ്രശസ്തമായ പെൻഗ്വിൻ ബുക്സിന്റെ സ്ഥാപകരിൽ ഒരാളുമാണ് അദ്ദേഹം. ലണ്ടനിൽനിന്നുള്ള ഈ പുസ്തകശാലയിലാണ് പുറംചട്ടയ്ക്ക് പേപ്പർ ബാക്ക് ആദ്യമായി പരീക്ഷിച്ചത്.

കശ്മീരിനെ മുറുകെപ്പിടിച്ച്
കശ്മീരിൽ സ്വാതന്ത്ര്യ റഫറൻഡം നടത്തിയാലുണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അത്യന്തം ബോധവാനായിരുന്ന കൃഷ്ണമേനോൻ, യുഎൻ വേദികളിൽ കൂടുതൽ സമയവും വിനിയോഗിച്ചതു കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ നിർത്താനായിരുന്നു. ലണ്ടനിലെ പഠനകാലത്തു തന്നെ ചങ്ങാത്തം സ്ഥാപിച്ച നെഹ്റു, കൃഷ്ണമേനോനെ 1953ൽ മദ്രാസ് സംസ്ഥാനത്തുനിന്നു രാജ്യസഭയിൽ എത്തിച്ചു. 1956ൽ മന്ത്രിസഭയിൽ വകുപ്പില്ലാമന്ത്രിയായി നിയമിച്ച കൃഷ്ണമേനോനെ 1957ൽ പ്രതിരോധമന്ത്രിയായി ഉയർത്തി. ഇതേവർഷം തന്നെ കൃഷ്ണമേനോൻ വടക്കൻ ബോംബെ നിയോജകമണ്ഡലത്തിൽനിന്നു ലോക്സഭയിലെത്തി.

സൈന്യത്തിൽ പരിഷ്കാരം
സൈന്യത്തിലെ പദവികളിൽ സീനിയോറിറ്റിക്കു പകരം മെറിറ്റാവണം മാനദണ്ഡം എന്ന നിർദേശം കൃഷ്ണമേനോൻ മുന്നോട്ടുവച്ചു. 1961ൽ ഗോവയെ പോർച്ചുഗീസുകാരിൽനിന്നു മോചിപ്പിക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ചു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി ഉൾപ്പെടെയുള്ളവർ കൃഷ്ണമേനോനെ ഇതിന്റെ പേരിൽ വിമർശിക്കുകയും ചെയ്തു. 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിലുണ്ടായ കെടുതിയുടെ പേരിലും പഴികേൾക്കാനായിരുന്നു കൃഷ്ണമേനോന്റെ നിയോഗം. ഇതേവർഷം, ടൈം മാസികയുടെ മുഖചിത്രത്തിൽ നെഹ്റുവിനെ നയിക്കുന്ന പാമ്പാട്ടിയായി കൃഷ്ണമേനോൻ പ്രത്യക്ഷപ്പെട്ടു. പ്രശസ്തമായ ടൈം മാസികയുടെ മുഖചിത്രത്തിൽ പ്രത്യക്ഷപ്പെട്ട ഏക മലയാളി!

എരിഞ്ഞടങ്ങിയ അഗ്നിപർവതം
നിരായുധീകരണത്തിനുവേണ്ടി എന്നും നിലയുറപ്പിച്ച കൃഷ്ണമേനോന്റെ ‘Either man will abolish war, or war will abolish man’ എന്ന വാചകം ഇപ്പോഴും രാജ്യാന്തരവേദികളിൽ മുഴങ്ങാറുണ്ട്. 1974 ഒക്ടോബർ ആറിന് 78–ാം വയസ്സിൽ കൃഷ്ണമേനോൻ അന്തരിച്ചു. അനുശോചനക്കുറിപ്പിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കുറിച്ചത് ‘ഒരഗ്നിപർവതം എരിഞ്ഞടങ്ങി’ എന്നാണ്. 1984ൽ കൃഷ്ണമേനോൻ അനുസ്മരണ ചടങ്ങിൽ കെ.ആർ. നാരായണൻ പറഞ്ഞത് ഇങ്ങനെ: ‘ഇന്ത്യയ്ക്കു മഹത്തായ പാരമ്പര്യവും സംസ്കാരവും മാത്രമല്ല, മഹാരഥന്മാരുമുണ്ട്. ബുദ്ധൻ മുതൽ ഗാന്ധി വരെ, അശോകൻ മുതൽ നെഹ്റു വരെ, കൗടില്യൻ മുതൽ കൃഷ്ണമേനോൻ വരെ.’

തിരുവനന്തപുരം എംപി
1964ൽ നെഹ്റുവിന്റെ മരണത്തോടെ കൃഷ്ണമേനോന്റെയും പ്രതാപകാലം അവസാനിച്ചുവെന്നു പറയാം. ഇന്ദിരയുമായി പലകാര്യങ്ങളിലും കൃഷ്ണമേനോന് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. 1967ൽ വടക്കുകിഴക്ക് ബോംബെയിൽനിന്നു സ്വതന്ത്രനായി മൽസരിച്ച കൃഷ്ണമേനോൻ പരാജയപ്പെട്ടു. 1968ലെ ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയോടു തോറ്റു. എന്നാൽ, 1971ൽ ഇഎംഎസിന്റെ അചഞ്ചല പിന്തുണയോടെ ഇടതുപക്ഷ സ്ഥാനാർഥിയായി തിരുവനന്തപുരത്തുനിന്ന് അദ്ദേഹം ലോക്സഭയിലെത്തി. 1974ൽ മരിക്കുന്നതുവരെ അദ്ദേഹം എംപിയായി തുടർന്നു.