ദൈന്യത്തിന്റെ കാഴ്ച


വാൻഗോഗിനെക്കുറിച്ച്
1853ലാണ് പ്രശസ്ത ചിത്രകാരനായ വിൻസെന്റ് വാൻഗോഗിന്റെ ജനനം. മാനസിക സംഘർഷം, ഭയം, അസാധാരണ ചിന്തകൾ തുടങ്ങിയ പ്രശ്നങ്ങളെ ചിത്രരചനയിലൂടെ അതിജീവിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ബെൽജിയത്തിലെ ഖനിത്തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾ വിൻസെന്റിനെ ഏറെ അലട്ടിയിരുന്നു. അവർക്കിടയിലൊരാളായി ജീവിക്കാനും അവരുടെ യാതനകൾ രചനകൾക്കു വിഷയമാക്കാനും അദ്ദേഹം സന്നദ്ധനായി. ജീവിതകാലത്ത് ഒരേയൊരു ചിത്രം മാത്രം വിൽക്കാൻ കഴിഞ്ഞ വാൻഗോഗ് മരണശേഷം പ്രശസ്തിയുടെ കൊടുമുടിയിലെത്തി. ചിത്രങ്ങൾ ഏറ്റവും ഉയർന്ന വിലയ്ക്കു വിൽക്കപ്പെടുന്ന അവസ്ഥയാണു പിൽക്കാലത്തുണ്ടായത്. സൂര്യകാന്തിപ്പൂക്കൾ, ഉരുളക്കിഴങ്ങു തിന്നുന്നവർ, പാദരക്ഷകൾ, ചോളവയലുകൾ, മഞ്ഞവീട്, ദി സ്റ്റാറി നൈറ്റ് എന്നിവയാണ് അറിയപ്പെടുന്ന ചിത്രങ്ങളിൽ ചിലത്.

ഉരുളക്കിഴങ്ങു തിന്നുന്നവർ എന്ന ചിത്രത്തിലേക്ക്
വിൻസെന്റ് വാൻഗോഗിന്റെ ഉത്കൃഷ്ട രചനകളിലൊന്നായാണ് ‘ഉരുളക്കിഴങ്ങു തിന്നുന്നവർ’ എന്ന എണ്ണച്ചായ ചിത്രം വിലയിരുത്തപ്പെടുന്നത്. രണ്ടു പുരുഷൻമാരും രണ്ടു സ്ത്രീകളും ഒരു കുട്ടിയുമാണ് രംഗത്തുള്ളത്. നിഴലിന്റെയും വെളിച്ചത്തിന്റെയും ക്രമീകരണവും ഭാവതീവ്രത, കാലം എന്നിവയുടെ ആവിഷ്കരണവുമാണ് ചിത്രത്തിന്റെ മികവായി കരുതപ്പെടുന്നത്.

ചിത്രം കഥയായി മാറുമ്പോൾ
‘ഉരുളക്കിഴങ്ങു തിന്നുന്നവർ’ എന്ന വിഖ്യാത ചിത്രത്തിന്റെ പശ്ചാത്തലത്തെ കഥയുടെ ഭാഷയിലേക്കു പുനരാഖ്യാനം നടത്തുകയാണു പുതിയ തലമുറയിലെ പ്രശസ്ത എഴുത്തുകാരനായ സുഭാഷ് ചന്ദ്രൻ. കേന്ദ്ര, കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ എന്നീ അവാർഡുകൾ ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ‘പറുദീസ നഷ്ടം’ എന്ന ചെറുകഥാസമാഹാരത്തിലെ ഒരു കഥയാണിത്. യൂറോപ്യൻ ജനത അനുഭവിച്ചുകൊണ്ടിരുന്ന ദാരിദ്ര്യത്തിന്റെയും ജീവിത പ്രശ്നങ്ങളുടെയും അവസ്ഥ പ്രതിഫലിപ്പിക്കുന്ന വാൻഗോഗ് ചിത്രത്തിന്റെ രചനാവൈഭവം കഥയിലുടനീളം നിലനിർത്തുന്നുണ്ട്

കഥാസൂചനകളിൽ നിന്ന് അറിയേണ്ടത്
എണ്ണയിലെരിയുന്ന തൂക്കുവിളക്കിലെ മഞ്ഞനിറത്തിലുള്ള വെളിച്ചത്തിന്റെ പശ്ചാത്തലം ചിത്രത്തിലെന്നപോലെ കഥയിലും ഉചിതമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. താഴ്ന്ന ജീവിതനിലയിൽ കഴിയുന്നവരും ഉരുളക്കിഴങ്ങു കൃഷി ജീവിതവൃത്തിയാക്കിയവരുമായ ഒരു ജനതയുടെ ദുരിതത്തിന്റെ കാഴ്ചയാണ് കഥാപാത്രങ്ങളിലൂടെ വെളിപ്പെടുന്നത്. താഴ്ന്നു കിടക്കുന്ന മേൽക്കൂര, മാറാലയും അഴുക്കും നിറഞ്ഞ ചുമരുകൾ, പരിമിതമായ ഭക്ഷണം, ഇരിപ്പിടങ്ങളുടെ സ്ഥിതി, നിറംമങ്ങിയ വസ്ത്രങ്ങൾ, ഇതെല്ലാം അവരുടെ ഇല്ലായ്മയുടെയും കഷ്ടപ്പാടിന്റെയും വ്യാപ്തി വ്യക്തമാക്കുന്നുണ്ട്. നിസ്സഹായത കഥയിലെ സ്ഥായീഭാവമാവുന്നതോടൊപ്പം ദാരിദ്ര്യവും കഥാപാത്രമായി മാറുന്നു. അച്ഛനെക്കുറിച്ചുള്ള അന്നയുടെ നിഷ്കളങ്കമായ പരാമർശങ്ങൾ മിറലിനോടൊപ്പം വായനക്കാരെയും നോവിക്കുന്നുണ്ട്.

പരമ്പരാഗത മേഖലയിൽനിന്നു മാറി മറ്റൊരു തൊഴിൽ തേടിപ്പുറപ്പെട്ടു പോവുന്ന പുതിയ തലമുറയെയാണു മിറലിന്റെ മകൻ പ്രതിനിധീകരിക്കുന്നത്. ഘടികാരത്തിന്റെ ശബ്ദം ഇറ്റിറ്റുവീഴുന്ന വെള്ളത്തുള്ളികളോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. അവ ഓർമപ്പെടുത്തലുകളുടെ ഭാഗമാണ്. മകൻ അപമൃത്യുവിനിരയായി എന്ന സത്യം ബോധ്യപ്പെട്ടാണ് മിറൽ തിരിച്ചെത്തിയിരിക്കുന്നതെന്നു പറയാതെതന്നെ ജൂലിയാന തിരിച്ചറിയുന്ന ഒരു ഘട്ടത്തിലാണു കഥ അവസാനിക്കുന്നത്.

യൂണിറ്റിന്റെ ആമുഖമായി കൊടുത്തിട്ടുള്ള ചിത്രങ്ങളിലൊന്ന് വിൻസെന്റ് വാൻഗോഗിന്റെ ‘ദി സ്റ്റാറി നൈറ്റ്’ എന്ന എണ്ണച്ചായച്ചിത്രമാണ്. സ്ഫോടനാത്മകമായ അവസ്ഥ ധ്വനിപ്പിക്കുന്ന നക്ഷത്രങ്ങളുടെ വർണക്കാഴ്ചയും ആകാശത്തോളം ഉയർന്നുപോകുന്ന സൈപ്രസ് മരവുമാണ് ഇതിൽ പ്രധാനമായും ചിത്രീകരിച്ചിരക്കുന്നത്.ചിത്രരചനയിൽ ഒരുനിമിഷത്തെ രംഗമാണ് അവതരിപ്പിക്കപ്പെടുന്നതെങ്കിൽ കഥപോലുള്ള ആവിഷ്കരണ രീതിയിൽ കഴിഞ്ഞുപോയതോ, വരാനിരിക്കുന്നതോ ആയ കാലത്തെ അവതരിപ്പിക്കുന്നതിന് സാധ്യത നിലനിൽക്കുന്നുണ്ടെന്ന എം. പി.പോളിന്റെ പ്രസ്താവന ഇത്തരം രചനകളെ കൂടുതൽ വിസ്തൃതമാക്കുന്നുണ്ട്.

കഥയുടെ രൂപാന്തരത്തിൽ
ഖനിയിൽ തൊഴിലന്വേഷിച്ചു പോയ മകനെ കാണാനാവാതെ മിറൽ എന്ന വൃദ്ധൻ തിരിച്ചു വീട്ടിലെത്തുന്നിടത്താണ് കഥയുടെ തുടക്കം. ദരിദ്രരായ ഒരു കർഷക കുടുംബത്തിന്റെ പഴയൊരു മുറിയാണ് രംഗം. തൂക്കുവിളക്കിന്റെ പരിമിതമായ വെളിച്ചത്തിലാണ് കഥാപാത്രങ്ങളെ ദൃശ്യമാവുന്നത്. മഞ്ഞുകാലത്തിന്റെ തീവ്രത ചിത്രം അനുഭവപ്പെടുത്തുന്നുണ്ട്. മകന്റെ ഭാര്യ ജൂലിയാന, മകന്റെ മകൾ അന്ന എന്നിവരെ കൂടാതെ മൈലുകൾക്കപ്പുറത്തുനിന്നു ജൂലിയാനയുടെ അച്ഛനമ്മമാരും അവിടെയെത്തിച്ചേർ‌ന്നിട്ടുണ്ട്.

വിവരമൊന്നും ലഭിച്ചില്ലെന്ന വിധത്തിലുള്ള മിറലിന്റെ പ്രതികരണം അവരെയാകെ തളർത്തുകയാണ്. പട്ടിണിയുടെയും ജീവിത ക്ലേശങ്ങളുടെയും നിരന്തരമായ വേട്ടയാടലുകൾക്കുപരി ഗൃഹനാഥന്റെ ദുരൂഹമായ അസാന്നിധ്യമാണ് കുടുംബത്തെ ദുഃഖത്തിലാഴ്ത്തുന്നത്. അച്ഛനെക്കുറിച്ചുള്ള അന്നയുടെ ചോദ്യങ്ങളെ നേരിടാൻ അവർ അശക്തരാവുന്നു.

ഖനിയിൽ പണിയെടുക്കുന്നവരുടെ അപകടാവസ്ഥ ജൂലിയാനയെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. ഒരു സാധ്യതയും അവശേഷിക്കുന്നില്ലെന്നറിഞ്ഞിട്ടും ‘നാളെ ഒന്നുകൂടി അന്വേഷിച്ചു പോവാ’മെന്നാണ് ജൂലിയാനയുടെ അച്ഛന്റെ ആശ്വാസവാക്കുകൾ.പിന്നീടു കൂടുതലെന്തെങ്കിലും പറയാൻ ആർക്കുമാവുന്നില്ല. മൗനം തളംകെട്ടിനിൽക്കുന്ന നിർജീവാവസ്ഥയെ മറികടക്കാനെന്നവണ്ണം അവർ രാത്രി ഭക്ഷണമായ ഉരുളക്കിഴങ്ങും ചായയും കഴിക്കാനൊരുങ്ങുകയാണ്. എന്നാൽ ഭക്ഷണത്തിനു മുന്നിൽ ആകെ തകർന്നിരിക്കുന്ന അവസ്ഥയിലാണ് മിറൽ.

മുഖം പൊട്ടി ചതഞ്ഞരഞ്ഞ് വികൃതമായ നിലയിൽ മകന്റെ രൂപം അയാൾ മനസ്സിൽ കാണുന്നുണ്ടാവണം. ഭർതൃപിതാവിന്റെ കണ്ണുകളിലെ ഭാവത്തിൽനിന്നും തന്റെ ഭർത്താവിനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്ന സത്യം ജൂലിയാനയ്ക്ക് ബോധ്യപ്പെടുകയാണ്.
തയാറാക്കിയത്: സുരേഷ് കാട്ടിലങ്ങാടി