അറിയാം കേരളം, പഠിക്കാം മലയാളം

മലയാള ഭാഷ പഠിക്കാനും നമ്മുടെ നാടിന്റെ ചരിത്രം അറിയാനും സഹായിക്കുന്ന വിദ്യ ലേൺ മലയാളം ആപ് ശ്രദ്ധേയമാകുന്നു. കുട്ടികൾക്കാണ് ഈ ആപ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക. മുതിർ‌ന്നവർക്കറിയാത്ത ഒരുപാടു വസ്തുതകളും ഇൗ ആപ്പിലുണ്ട്. നമ്മുടെ നാടിനെക്കുറിച്ചുള്ള ഒരു റഫറൻസായി ഫോണിൽ സേവ് ചെയ്തു വയ്ക്കാം വിദ്യ ആപ്പിനെ.

സ്മാർട്ട് ഫോൺ ലോകമാക്കിയ പുതുതലമുറയ്ക്കു നാടിനെക്കുറിച്ച് അറിയേണ്ടതെല്ലാം എത്തിച്ചു കൊടുക്കുകയാണു ഈ ആപ്പിലൂടെ. മണലിൽ എഴുതി പഠിച്ച മുൻതലമുറക്കാരിൽനിന്നു വിഭിന്നമായി ഫോണിൽ എഴുതിപ്പഠിക്കാൻ അവസരമൊരുക്കുന്നു വിദ്യ ആപ്.

ലേൺ, എൻജോയ്, പ്ലേ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണ് വിദ്യ ആപ്പിൽ . അടിസ്ഥാന മലയാളം പഠിക്കാനുള്ള അവസരമാണു ലേൺ വിഭാഗം ഒരുക്കുന്നത്. മലയാള അക്ഷരങ്ങൾ എഴുതാനും ഉച്ചരിക്കാനും വ്യാകരണത്തെറ്റു കൂടാതെ വാചകങ്ങൾ എഴുതാനും ലേൺ വിഭാഗം പഠിപ്പിക്കുന്നു. മുതിർന്നവർക്കു പോലും ഒരുപക്ഷേ അറിയാനിടയില്ലാത്ത മലയാള വാക്കുകളും ഇൗ ആപ്പിലുണ്ട്. പഠിപ്പിക്കുക മാത്രമല്ല ഒടുവിൽ രസകരമായി പരീക്ഷയും നടത്തും ആപ്.

എൻജോയ് വിഭാഗത്തിൽ കേരളത്തെയും നമ്മുടെ നാടിന്റെ ചരിത്രത്തെയും സംസ്കാരത്തെയും മറ്റും പ്രത്യേകതകളെയും അറിയാനുള്ള അവസരമാണുള്ളത്. നമ്മുടെ നാട്, വീട്, വേഷം, ഭാഷ, സാഹിത്യം, ഉത്സവം, കല, സംഗീതം, കവിത തുടങ്ങി ഒട്ടനവധി വിഷയങ്ങൾ സംബന്ധിച്ചു ലഘുവായതും അതേസമയം ലളിതവുമായ വിശദീകരണക്കുറിപ്പുകൾ ഈ വിഭാഗത്തിലുണ്ട്. മികവാർന്ന ചിത്രങ്ങളും ഇൗ വിഭാഗത്തിനു മിഴിവേകുന്നു.

പേരു പോലെ തന്നെ ‘പ്ലേ’ വിഭാഗം കളികളാണ്. എന്നാൽ സാധാരണ മൊബൈൽ ഗെയിം പോലെയാണെന്നു ധരിച്ചെങ്കിൽ തെറ്റി. മലയാളം പഠിച്ചു കളിക്കാനാണു കുമിളകൾ, ദ്വീപുകൾ എന്നീ ഗെയിമുകൾ അവസരമൊരുക്കുക. രസകരമായതും അതേസമയം അറിവു വർധിപ്പിക്കുന്നതുമാണ് ഇൗ ഗെയിമുകൾ.

പറഞ്ഞാൽ തീരുന്നതല്ല വിദ്യ ആപ്പിന്റെ പ്രത്യേകതകൾ. വായിച്ചാൽ അത് അനുഭവിക്കാനോ അറിയാനോ സാധിക്കുകയുമില്ല. അതിന് ഇൗ ആപ് ഡൗൺലോഡ് ചെയ്യണം. ഗൂഗിൾ പ്ലേ സ്റ്റോറിൽ വിദ്യ ലേണിങ്ങ് ആപ് എന്ന പേരിൽ സേർച്ച് ചെയ്തു ഡൗൺലോഡ് ചെയ്താൽ ആപ് നിങ്ങളുടെ മൊബൈലിലും എത്തും. ഇവിടെ ക്ലിക്ക് ചെയ്താലും മതി. ഓഫ്‌ലൈനിലും പ്രവർത്തിക്കുമെന്നതിനാൽ ഡേറ്റ ചെലവിനെക്കുറിച്ചുള്ള പേടിയും വേണ്ട.