പെൺകുട്ടികൾക്ക് ഇന്ത്യൻ അയൺമാന്റെ സമ്മാനം– ലിപ്സ്റ്റിക് തോക്ക്, The first cookies, baked in space, Padhippura, NASA  Manorama Online

പെൺകുട്ടികൾക്ക് ഇന്ത്യൻ അയൺമാന്റെ സമ്മാനം– ലിപ്സ്റ്റിക് തോക്ക്

സ്കൂളിലേക്ക് പോകുംവഴി പൂവാലന്മാർ ശല്യം ചെയ്യാൻ വന്നാൽ ഇനി പേടിക്കരുത്. പകരം ബാഗിൽ നിന്ന് ലിപ്സ്റ്റിക് എടുത്ത് ഒരു ബട്ടണമർത്തുക. ‘ഠോ’ എന്നു വമ്പൻ ശബ്ദം കേൾക്കാം, ശരിക്കും വെടിപൊട്ടിയതു പോലെ. ചെവി പൊട്ടുന്ന ആ ശബ്ദം കേട്ട് പൂവാലന്മാർ പേടിച്ചില്ലെങ്കിലും കുഴപ്പമില്ല. തൊട്ടുപിന്നാെല പൊലീസ് ജീപ്പെത്തും. ശല്യക്കാരനെ തൂക്കിയെടുത്തു കൊണ്ടുപോവുകയും ചെയ്യും. ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നാണ് ഇത്തരമൊരു ഗംഭീര കണ്ടുപിടിത്തമെത്തിയിരിക്കുന്നത്.

വാരാണസി സ്വദേശി ശ്യാം ചൗരസ്യയാണ് ഈ ലിപ്സ്റ്റിക് തോക്ക് നിർമിച്ചത്. ആർക്കും സംശയം തോന്നാത്ത വിധം ഇത് ബാഗിൽ സൂക്ഷിക്കാം, ബട്ടണമർത്തിയാൽ വൻ ശബ്ദമുണ്ടാവുക മാത്രമല്ല പൊലീസിന്റെ 112 എന്ന ഹെൽപ്‌ലൈൻ നമ്പറിലേക്കും അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ തനിയെ ഒരു സന്ദേശവും പോകുമെന്നതാണ് പ്രത്യേകത. ലൊക്കേഷൽ ലഭിക്കുന്ന പൊലീസിന് കൃത്യം സ്ഥലത്തേക്കു പാഞ്ഞെത്തുകയും ചെയ്യാം. ബ്ലൂടൂത്ത് വഴി മൊബൈലുമായി ലിപ്സ്റ്റിക്കിനെ കണക്ട് ചെയ്താണ് ഈ ‘തോക്ക്’ പ്രവർത്തിക്കുന്നത്. ഇത് ചാർജ് ചെയ്യാനും സാധിക്കും. 70 ഗ്രാമേയുള്ളൂ ഭാരം.

സാധാരണ ലിപ്സ്റ്റിക്കിൽ തന്നെ ചില മാറ്റം വരുത്തിയാണ് വെടിപൊട്ടുന്ന ശബ്ദമുണ്ടാക്കുന്ന ‘സോക്കറ്റ്’ സംവിധാനം ഘടിപ്പിച്ചിരിക്കുന്നത്. ഒരു മാസമെടുത്താണ് ലിപ്സ്റ്റിക് തോക്ക് നിർമിച്ചത്. ഇതിന്റെ പേറ്റന്റിനു വേണ്ടി അപേക്ഷിച്ചിരിക്കുകയാണ് ശ്യാം. അനുമതി ലഭിച്ചാൽ 600 രൂപയ്ക്ക് വിപണിയിലെത്തിക്കാമെന്നും അദ്ദേഹം പറയുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി ഈ ലിപ്സ്റ്റിക് തോക്ക് പരിശോധിച്ചിരുന്നു. ഏറെ ധൈര്യം പകരുന്ന കണ്ടെത്തലെന്നായിരുന്നു ഇതിനെപ്പറ്റി അവർ പറഞ്ഞത്. തോക്ക് പരീക്ഷിക്കുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

നേരത്തേത്തന്നെ ഇന്ത്യയിൽ പ്രശസ്തനാണ് ശ്യാം. ഇന്ത്യൻ അയൺമാൻ എന്നായിരുന്നു മാധ്യമങ്ങൾ അദ്ദേഹത്തിനു നൽകിയ പേരു തന്നെ. അതിനു കാരണവുമുണ്ട്. യഥാർഥ അയൺമാൻ സിനിമയിൽ ഒരു അമാനുഷിക സ്യൂട്ട് നിർമിക്കുന്നുണ്ടല്ലോ, അതിന്റെ ഒരു ഇന്ത്യൻ പതിപ്പ് ശ്യാം നിർമിച്ചിരുന്നു. യുദ്ധസമയത്തും മറ്റും സൈനികർക്ക് ഏറെ ഉപകാരപ്രദമാകുന്നതായിരുന്നു അത്.

Summary : Varanasi man develops lipstick gun for women