രഹസ്യങ്ങൾ ‘അടക്കം’ ചെയ്ത ഈജിപ്ഷ്യൻ താഴ്‌വര!

നവീൻ മോഹൻ

ലോകത്തിൽ ഏറ്റവുമധികം രഹസ്യങ്ങൾ ‘അടക്കം’ ചെയ്തിരിക്കുന്ന സ്ഥലം എവിടെയാണെന്നറിയാമോ? ഈജിപ്തിലാണത്. ‘രാജാക്കന്മാരുടെ താഴ്‌വര’ എന്നറിയപ്പെടുന്ന ഈ സ്ഥലത്താണ് ഈജിപ്തിലെ ഭരണാധികാരികളായിരുന്ന ഫറവോമാരെ അടക്കം ചെയ്തിരുന്നത്. അവിടെ നിന്നു കണ്ടെടുത്തിട്ടുള്ള കാര്യങ്ങളിൽ പലതിനും ഇന്നു പോലും ഉത്തരം കണ്ടെത്താൻ ഗവേഷകർക്കായിട്ടില്ല. ഇക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധം തുത്തൻഖാമൻ എന്ന ഫറവോയുടെ കല്ലറയെപ്പറ്റിയുള്ള കഥയാണ്. കല്ലറ തുറന്നവരിൽ ഭൂരിപക്ഷം പേരും അജ്ഞാത കാരണങ്ങളാൽ കൊല്ലപ്പെട്ടുവെന്നാണു പറയപ്പെടുന്നത്.

പക്ഷേ എന്തൊക്കെ കഥകളുണ്ടെങ്കിലും പുരാവസ്തുക്കളെപ്പറ്റി ഗവേഷണം നടത്തുന്ന ആർക്കിയോളജിസ്റ്റുകളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഇന്നും ‘വാലി ഓഫ് കിങ്സ്’. പുരാതന ഈജിപ്തിലെ തീബ്സ് നഗരത്തിന്റെ ഭാഗമായിരുന്നു ഇവിടം. 1500 വരെയാണ് ഈജിപ്തിൽ രാജാക്കന്മാരെ അടക്കം ചെയ്യാനായി പിരമിഡുകൾ നിർമിച്ചിരുന്നത്. അതിനു ശേഷമാണ് കല്ലറകളിലേക്കു മാറിയത്. രാജാക്കന്മാരെ അടക്കം ചെയ്യാൻ അനുയോജ്യമായ സ്ഥലം തേടിയപ്പോൾ നറുക്കുവീണത് ഈ താഴ്‌വരയ്ക്കായിരുന്നു.

ഈജിപ്തിലെ 18, 19, 20 രാജവംശങ്ങളിലെ ഫറവോമാരുടെ മൃതദേഹങ്ങളാണ് ഇവിടെ അടക്കം ചെയ്തിരിക്കുന്നതെന്നാണു സൂചന. ഇവിടെ നിന്നു മാത്രം അറുപതിലേറെ കല്ലറകളാണു ഗവേഷകർ ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടു മുതലാണ് ‘രാജാക്കന്മാരുടെ താഴ്‌വര’ ഗവേഷകരെയും അമ്പരപ്പിച്ചു തുടങ്ങിയത്. എന്നാൽ അതിനെല്ലാം മുൻപേ തന്നെ പല കല്ലറകളും പഴയ കാലത്തു കൊള്ളയടിക്കപ്പെട്ടിരുന്നു. 500 വർഷത്തോളം രാജാക്കന്മാരുടെ കല്ലറയായി ഉപയോഗിക്കപ്പെട്ട ഈ പ്രദേശത്ത് അത്രയേറെ വിലപിടിച്ച വസ്തുക്കളാണുണ്ടായിരുന്നത്. തുത്തൻഖാമന്റെ കല്ലറ മാത്രം പക്ഷേ ആർക്കും കൊള്ളയടിക്കാനായില്ല. 1922ൽ ഹൊവാർഡ് കാർട്ടർ എന്ന ഗവേഷകനാണ് ഇതു കണ്ടെത്തുന്നത്. തുത്തൻഖാമന്റെ മമ്മിക്കു സമീപം ഒരു ‘ശാപഫലകം’ ഉണ്ടായിരുന്നുവെന്നും മറ്റുള്ളവർ കാണാതെ കാർട്ടർ അതു മാറ്റിയെന്നുമാണ് കഥ. അങ്ങനെയാണ് ഖനനത്തിൽ പങ്കെടുത്തവരിലേറെയും അസാധാരണ കാരണങ്ങളാൽ കൊല്ലപ്പെട്ടതെന്നും വിശ്വാസമുണ്ട്. പക്ഷേ പ്രായാധിക്യം കൊണ്ടുള്ള രോഗങ്ങളാലാണ് കാർട്ടർ മരിച്ചതെന്നു മാത്രം.

റാംസിസ് ഏഴാമൻ ഫറവോയുടെ കുടീരമാണ് ഇവിടെ ആദ്യമായി ഗവേഷകർ ഉദ്ഖനനം ചെയ്തെടുത്തത്. പിന്നീട് പലപ്പോഴായി നടത്തിയ അന്വേഷണത്തിൽ അറുപതിലേറെ കല്ലറകളും ലോകത്തിനു മുന്നിൽ തുറന്നു വന്നു. ഇവയിലേറെയും പൊതുജനത്തിനു പ്രവേശനമില്ലാത്ത ഇടങ്ങളാണ്. ‘മെജായ്’ എന്ന വിഭാഗക്കാരായിരുന്നു ‘രാജാക്കന്മാരുടെ താഴ്‌വര’യ്ക്ക് കാവൽ നിന്നിരുന്നത്. ‘ദ് മമ്മി’ എന്ന സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളിലും മെജായ് വിഭാഗക്കാർ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവിടെ നിന്നു കണ്ടെത്തിയ മിക്ക കുടീരങ്ങളും ഏതൊക്കെ രാജാക്കന്മാരുടേതാണെന്നു വ്യക്തമായി മനസ്സിലാക്കാനായിട്ടുണ്ട്. എന്നാൽ ചില കല്ലറകളിൽ യാതൊന്നും ഉണ്ടായിരുന്നില്ല. അവയുടെ ‘ഉടമകളെ’ തേടി ഇന്നും ഗവേഷണം തുടരുകയാണ്. ഒരു മാളത്തേക്കാളും അൽപം മാത്രം വലുപ്പം കൂടുതലുള്ള കുഞ്ഞൻ കല്ലറ മുതൽ നൂറുകണക്കിന് ഭൂഗർഭ ഗുഹകളുള്ള വമ്പൻ കല്ലറകൾ വരെയുണ്ട് ഈ രഹസ്യ താഴ്‌വരയിൽ.