വിഷവസ്തുക്കളെ പോലും ശുദ്ധമാക്കും യൂണികോണ്‍!

നവീൻ മോഹൻ

ചുമ്മാ ഒന്നു കറക്കിവിട്ടാൽ പിന്നെ നിർത്താതെ എത്രനേരം വേണമെങ്കിലും കറങ്ങുന്ന ഫിജിറ്റ് സ്പിന്നറുകളായിരുന്നു കഴിഞ്ഞ വർഷം കളിപ്പാട്ട വിപണിയിലെ താരങ്ങൾ. ഈ സ്പിന്നറുകൾ ഇപ്പോൾ സകലയിടത്തു നിന്നും വാങ്ങാൻ കിട്ടും. കുട്ടിക്കൂട്ടത്തിന് പതിയെ അതിലുള്ള താൽപര്യവും കുറഞ്ഞു വരികയാണ്. അങ്ങനെയിരിക്കെ കളിപ്പാട്ട വിപണിയിലെ ഏറ്റവും പുതിയ ട്രെൻഡ് എന്താണെന്നു ചിലർ അന്വേഷിച്ചു. അപ്പോഴാണ് ഒറ്റക്കൊമ്പുള്ള, കുതിരയെപ്പോലുള്ള, ഒരു ജീവി തുള്ളിച്ചാടി വന്നത്. യൂണികോൺ എന്ന ആ ജീവി ഗ്രീക്ക് പുരാണങ്ങളിലൂടെ എല്ലാവർക്കും പരിചിതരാണ്. തൂവെള്ള നിറത്തിലുള്ള യൂണികോണിനെ സ്പർശിച്ചാൽ പ്രശ്നങ്ങളും സങ്കടങ്ങളുമെല്ലാം മാറി നമ്മളെന്നും സന്തോഷത്തോടെയിരിക്കുമെന്നാണു വിശ്വാസം.

വിഷം നിറഞ്ഞ വസ്തുക്കളെ പോലും ശുദ്ധമാക്കാൻ യൂണികോണിനാകുമെന്നും കരുതുന്നു. കാഴ്ചയിൽ ആടും കുതിരയുമൊക്കെ പോലെയാണെങ്കിലും ശിരസ്സിലെ ഒറ്റക്കൊമ്പാണ് അതിനെ വേറിട്ടു നിർത്തുന്നത്. പലരും വിശ്വസിച്ചിരുന്നത് യൂണികോൺ യഥാർഥത്തിൽ ജീവിച്ചിരുന്നുവെന്നാണ്. നാർവെൽ എന്ന തരം തിമിംഗലങ്ങളുടെ നീളൻ കൊമ്പു പോലുള്ള ഭാഗം ശേഖരിച്ച് യൂണികോണിന്റെ കൊമ്പാണെന്നു പറഞ്ഞു വിറ്റ കഥകൾ വരെയുണ്ട്. നുണ പറയുന്നവരുടെ ഹൃദയത്തിൽ യൂണികോൺ ഒറ്റക്കൊമ്പു കുത്തിയിറക്കുമെന്ന വിശ്വാസവുമുണ്ട്. എന്തൊക്കെയാണെങ്കിലും വിദേശരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ അന്വേഷിച്ചെത്തുന്ന കളിപ്പാട്ടങ്ങളുടെ കണക്കെടുത്തപ്പോൾ അതിൽ ഇത്തവണ ഏറ്റവും കൂടുതൽ പേർക്കു വേണ്ടിയിരുന്നത് യൂണികോൺ ആയിരുന്നു.

‘യൂണികോൺ’ തീം ആക്കിയിട്ടുള്ള എല്ലാത്തരം കളിപ്പാട്ടങ്ങൾക്കും വൻ ഡിമാൻഡാണ്. ഇത്തവണ ക്രിസ്മസിന് ഏറ്റവുമധികം ആവശ്യക്കാർ വരിക ഈ കളിപ്പാട്ടം തേടിയായിരിക്കുമെന്ന സൂചന ആദ്യമേ കിട്ടിയതോടെ കടക്കാരും ഇപ്പോൾ യൂണികോണിനു പിന്നാലെയാണ്. പ്രശസ്ത കമ്പനി ആർഗോസ് ഈ വർഷത്തെ ഏറ്റവും വിൽപനയുള്ള പത്തു കളിപ്പാട്ടങ്ങളുടെ ലിസ്റ്റെടുത്തപ്പോൾ അതിൽ മുൻപന്തിയിൽ യൂണികോൺ ആയിരുന്നു. കുഞ്ഞൻ പാവ മുതൽ മുതിര്‍ന്നവർക്കു വരെയിരിക്കാവുന്ന വമ്പൻ യൂണികോൺ വരെ വിപണിയിലുണ്ട്. കളിപ്പാട്ടങ്ങളുമായി ബന്ധപ്പെടുത്തി നോക്കിയാൽ 2018 യൂണികോണിന്റെ വർഷമാണെന്നാണു ആർ‍ഗോസ് പറയുന്നത്. ഇത്തവണ കുട്ടികൾക്കു പ്രിയപ്പെട്ട പത്തു തരം കളിപ്പാട്ടങ്ങൾ തിരഞ്ഞെടുത്തതിൽ നാലും യൂണികോണിന്റെ വിവിധ തരത്തിലുള്ളവയാണ്.

കുട്ടികൾ കയറിയിരുന്നാൽ തനിയെ ഓടിപ്പോകുന്ന യൂണികോൺ പാവകളുമുണ്ട്. അതിന്റെ കുഞ്ചിരോമകൾ ചീകിക്കൊടുത്തും ഭക്ഷണം കൊടുത്തും മേയ്ക്കാൻ കൊണ്ടുനടന്നുമെല്ലാമാണ് കുട്ടിക്കളികൾ കളിക്കുന്നത്. രാത്രി കിടക്കും നേരം യൂണികോണിന്റെ തലയിലെ ഒറ്റക്കൊമ്പ് ഇരുട്ടിൽ പല വർണത്തിൽ മിന്നിത്തിളങ്ങുന്നതും കാണാം. ഒരു ഇലക്ട്രിക് റൈഡ് ആണു സംഗതി. കുട്ടികൾക്കു നിയന്ത്രിക്കാവുന്ന ചക്രങ്ങൾ ഘടിപ്പിച്ചാണ് ഇതിന്റെ യാത്ര. അകത്തും പുറത്തും ഉപയോഗിക്കാവുന്ന വിധമാണ് ഡിസൈനിങ്. ഇനി വൈകാതെ തന്നെ കുട്ടികൾ യൂണികോണിനു മേൽ കയറി സ്കൂളിലേക്കും പോകുന്നതു കാണാമെന്നു പറയുന്നു കളിപ്പാട്ട നിർമാതാക്കൾ. വായു നിറച്ചു വെള്ളത്തിലിടാവുന്ന യൂണികോൺ പാവയുമുണ്ട്. അതിൽ മുതിർന്നവർ കയറിയിരുന്നാലും യാതൊരു പ്രശ്നവുമുണ്ടാകില്ല!