മണ്ണിനടിയിൽ കുടം; തുറന്നപ്പോൾ കണ്ണുമഞ്ഞളിച്ചു, നിറയെ സ്വർണ നാണയം!,  Treasure, Byzantine, Gold discovered, Southern Russia, Padhippura, Manorama Online

മണ്ണിനടിയിൽ കുടം; തുറന്നപ്പോൾ കണ്ണുമഞ്ഞളിച്ചു, നിറയെ സ്വർണ നാണയം!

കൂട്ടുകാർ ബൈസാന്റൈൻ നാണയങ്ങൾ എന്നു കേട്ടിട്ടുണ്ടോ? ശുദ്ധസ്വർണം കൊണ്ടു നിർമിച്ചവയാണവ. അതും പത്താം നൂറ്റാണ്ടിൽ. അക്കാലത്തെ 28 സ്വർണ നാണയങ്ങളടങ്ങിയ ഒരു കുടം ഗവേഷകർ റഷ്യയിൽ നിന്നു കണ്ടെത്തിയിരിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇതിനു മുൻപ് ബൈസാന്റൈൻ നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്, പക്ഷേ ഇതാദ്യമായാണ് റഷ്യയിൽ നിന്ന് ഇത്തരമൊരു കണ്ടെത്തൽ. അതിനാൽത്തന്നെ പുരാവസ്തു ഗവേഷകരും സന്തോഷത്തിലാണ്. റഷ്യൻ ചരിത്രം സംബന്ധിച്ച നിർണായക വിവരങ്ങളാണ് ഈ നാണയങ്ങളിൽ ഒളിച്ചിരിക്കുന്നത്.

തെക്കൻ റഷ്യയിലെ ക്രാസ്നൊദാർ ക്രായ് പ്രവിശ്യയിൽ നിന്നാണ് നാണയങ്ങളടങ്ങിയ കുടം കണ്ടെത്തിയത്. പത്താം നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളായിരുന്നു ഇവ. അക്കാലത്ത് ടാമൻ പെനിൻസുല എന്നായിരുന്നു ഈ മേഖല അറിയപ്പെട്ടിരുന്നത്. പ്രദേശത്തെ വീടുകൾ തിങ്ങിനിറഞ്ഞ ഒരിടത്തായിരുന്നു മണ്ണിൽ കുഴിച്ചിട്ട നിലയിൽ കുടം കണ്ടെത്തിയത്. പതിനൊന്നാം നൂറ്റാണ്ടിൽ ഉപേക്ഷിക്കപ്പെട്ട മേഖലയായിരുന്നു ഇത്. ബൈസാന്റൈൻ രാജാക്കന്മാരുടെ മുഖങ്ങൾ മുദ്രണം ചെയ്തതായിരുന്നു ഓരോ നാണയവും.


കിഴക്കൻ റോമൻ സാമ്രാജ്യം എന്നായിരുന്നു ബൈസാന്റൈൻ രാജവംശം അറിയപ്പെട്ടിരുന്നത്. ഇതിലെ ഓരോ രാജാക്കന്മാരും അവരവരുടെ കാലത്ത് അവരുടെ തന്നെ മുഖം മുദ്രണം ചെയ്ത നാണയങ്ങളായിരുന്നു തയാറാക്കിയിരുന്നത്. തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിൾ, ഇറ്റലി, സിസിലി, അനറ്റോളിയ, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലായിരുന്നു നാണയങ്ങളുടെ നിർമാണം. നാണയത്തിന്റെ ഭാരവും സ്വർണത്തിന്റെ ശുദ്ധിയുമൊക്കെ നോക്കിയായിരുന്നു ഓരോന്നിന്റെയും മൂല്യം തീരുമാനിച്ചിരുന്നത്. പ്രധാനമായും പട്ടാളക്കാർക്കും ഉദ്യോഗസ്ഥർക്കും ശമ്പളം നൽകാനായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്.

ഈ രാജവംശത്തിന്റെ കാലത്ത് അവരായിരുന്നു യൂറോപ്പിൽ സാമ്പത്തികമായും സാംസ്കാരികമായും സൈനികപരമായും മുന്നിലുണ്ടായിരുന്നത്. എന്നാൽ പത്താം നൂറ്റാണ്ടിന്റെ അവസാനത്തോടെ ടമുട്ടറാക്കൻ സാമ്രാജ്യം ശക്തി പ്രാപിച്ചു തുടങ്ങി. അക്കാലത്ത്, അവസാന ബൈസാന്റൈൻ രാജാക്കന്മാരിലൊരാളായിരിക്കണം ഈ നാണയങ്ങൾ ഒളിപ്പിച്ചതെന്നാണു ഗവേഷകർ കരുതുന്നത്. തങ്ങളുടെ വംശത്തിന്റെ ചരിത്രം തന്നെ പല രാജാക്കന്മാരുടെ മുഖങ്ങളായി ഓരോ നാണയത്തിലുമുണ്ടായിരുന്നു. ഇത് പിൻക്കാലത്ത് ലോകത്തിനു കാണിച്ചു കൊടുക്കാനായിരിക്കണം കുടത്തിലാക്കി ഒളിപ്പിച്ചതെന്നും കരുതുന്നു.

വർഷങ്ങൾക്കു മുൻപ് സോവിയറ്റ് ഗവേഷകർ രണ്ടിടത്തു നിന്ന് ഒട്ടേറെ ബൈസാന്റൈൻ സ്വർണ നാണയങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ അവ പിന്നീട് എവിടെയാണെന്നു പോലുമറിയാതെ അപ്രത്യക്ഷമാവുകയായിരുന്നു. ആ സങ്കടത്തിനിടെയാണ് പുതിയ കണ്ടെത്തൽ. റഷ്യയുടെ രൂപീകരണ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന നിർണായക കണ്ടെത്തലാണ് കുടത്തിൽ കാത്തിരിക്കുന്നതെന്നും ഗവേഷകർ പറയുന്നു.

Summary : Rare Treasure of Byzantine Gold Discovered in Southern Russia