കടലിനടിയിൽ അത്ഭുതപ്പെടുത്തുന്ന മറ്റൊരു ലോകം;  ട്ടേറെ നിധികളും, Treasure, Heraklion, Padhippura, Manorama Online

കടലിനടിയിൽ അത്ഭുതപ്പെടുത്തുന്ന മറ്റൊരു ലോകം; ഒട്ടേറെ നിധികളും

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭനാളുകൾ. പ്രശസ്ത പുരാവസ്തു ഗവേഷകനായ ഡോ.ഫ്രാങ്ക് ഗോഡിയോയുടെ നേതൃത്വത്തിൽ ഈജിപ്ഷ്യൻ തീരത്തു പര്യവേക്ഷണം നടക്കുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന നൈൽ യുദ്ധത്തിൽ മുങ്ങിപ്പോയ ഫ്രഞ്ച് യുദ്ധക്കപ്പലുകളെ കണ്ടെത്തുകയെന്നതായിരുന്നു ലക്ഷ്യം. എന്നാൽ കടലിന്റെ ആഴങ്ങളിലേക്ക് ഡൈവ് ചെയ്തെത്തിയ സംഘത്തിനു മുന്നിൽ തെളിഞ്ഞുവന്നത് അത്ഭുതപ്പെടുത്തുന്ന മറ്റൊരു ലോകം. ഒപ്പം ആ ലോകത്ത് ഒളിപ്പിച്ചു വച്ച ഒട്ടേറെ നിധികളും.

ആദ്യം ചില കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങളാണു പര്യവേക്ഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. കെട്ടിക്കിടന്നിരുന്ന മണലും ചെളിയുമെല്ലാം നീക്കിയപ്പോഴാണ് ഇനിയും മൂല്യം നിർണയിക്കാനാകാത്തത്ര വിലയേറിയ നിധിയാണു കടലിനടിയിലെന്നു മനസ്സിലായത്. ഒരു കാലത്ത് മെഡിറ്ററേനിയൻ കടൽ വഴിയുള്ള വ്യാപാരത്തിന്റെ മുഖ്യ കേന്ദ്രമായിരുന്ന ഹെറാക്ലിയൺ നഗരത്തിന്റെ അവശിഷ്ടങ്ങളായിരുന്നു അത്. ഏറെ പ്രശസ്തമായ ഈജിപ്ഷ്യൻ നഗരം അലക്സാണ്ട്രിയ സ്ഥാപിക്കപ്പെടും മുൻപ് ഹെറാക്ലിയണിലൂടെയായിരുന്നു ഈജിപ്ത് അറിയപ്പെട്ടിരുന്നത്. ഗ്രീക്ക് കപ്പലുകളെല്ലാം ഈ നഗരത്തിനോടു ചേർന്നുള്ള തുറമുഖത്തിലൂടെ മാത്രമേ ഈജിപ്തിലേക്കു പ്രവേശിപ്പിച്ചിരുന്നുള്ളൂ. അതിനാൽതന്നെ തിരക്കേറിയ, സമൃദ്ധമായ നഗരമായും ഹെറാക്ലിയൺ മാറി.

രാജവംശത്തിന്റെ പ്രധാന ചടങ്ങുകളെല്ലാം നടന്നിരുന്ന അമുൺ ദേവന്റെ ക്ഷേത്രവും ഈ നഗരത്തിലായിരുന്നു. ബിസി എട്ടാം നൂറ്റാണ്ടിലാണ് ഹെറാക്ലിയൺ നഗരം സ്ഥാപിക്കപ്പെട്ടതെന്നാണു കരുതുന്നത്. എഡി എട്ടാം നൂറ്റാണ്ടോടെ മെഡിറ്ററേനിയൻ കടലിന്റെ ആഴങ്ങളിൽ മറയുകയും ചെയ്തു.

ആയിരത്തിലേറെ വർഷം പഴക്കമുള്ള ആ നഗരത്തെപ്പറ്റി അന്നേവരെ പുരാതനകാല ഫലകങ്ങളിലും മറ്റു രേഖകളിലും മാത്രമാണു പരാമർശമുണ്ടായിരുന്നത്. എന്നാൽ ഇന്നത്തെ അബു ഖിർ ഉൾക്കടലിൽ മറഞ്ഞുകിടക്കുകയായിരുന്നു ആ പുരാതന നഗരം. അവിടെയായിരുന്നു 4 വർഷക്കാലം ഗോഡിയോയും സംഘവും. അതിനോടകം കടലിനടിയിലെ നഗരത്തിന്റെ ഒരു ഏകദേശരൂപം അവർ മാപ് ചെയ്തെടുത്തു. പിന്നീട് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളും മുങ്ങിക്കിടന്നിരുന്ന കപ്പലുകളുമൊക്കെ പരിശോധിക്കാൻ ആരംഭിച്ചു. ഗോഡിയോയുടെ വാക്കുകളിൽ പറഞ്ഞാൽ ഇനിയും 200 വർഷത്തേക്കുള്ള ഗവേഷണം ബാക്കിവച്ചിട്ടുണ്ട് ഈ നഗരം.