‘ബീപ്’ ശബ്ദം കേട്ടു കുഴിച്ചു നോക്കി; മണ്ണിൽ ലക്ഷങ്ങള്‍ വിലയുള്ള സ്വർണവള, Treasure hunter, 4000 year old, Neck ring,Padhippura, Manorama Online

‘ബീപ്’ ശബ്ദം കേട്ടു കുഴിച്ചു നോക്കി; മണ്ണിൽ ലക്ഷങ്ങള്‍ വിലയുള്ള സ്വർണവള

ഏകദേശം ഒന്നൊന്നര മണിക്കൂറോളമായി ബില്ലി വോൺ എന്ന അൻപത്തിനാലുകാരൻ ആ വയലിലൂടെ നടക്കുന്നു. വിളവെടുപ്പൊക്കെ കഴിഞ്ഞ് നികത്തിയിട്ടിരിക്കുന്ന വയലിലൂടെയാണ് അദ്ദേഹം തേരാപ്പാര നടക്കുന്നത്. കയ്യിലൊരു മെറ്റൽ ഡിറ്റക്ടറുമുണ്ടായിരുന്നു. കൂട്ടുകാർക്കറിയാമോ ഇംഗ്ലണ്ടിലും മറ്റു രാജ്യങ്ങളിലും പലർക്കും ഇതൊരു ഹോബിയാണ്. ചിലർ ഇതൊരു ‘ജോലി’യായിത്തന്നെ സ്വീകരിച്ചിട്ടുണ്ട്. പണ്ടുകാലത്തെ ആഭരണങ്ങളും മറ്റു ലോഹവസ്തുക്കളും മണ്ണിനടിയിൽ നിന്നു കണ്ടെത്തുകയാണു ലക്ഷ്യം. ചിലപ്പോൾ സ്വർണനാണയങ്ങളും അമൂല്യ ആഭരണങ്ങളുമൊക്കെയായിരിക്കും ലഭിക്കുക. അല്ലെങ്കിൽ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള വസ്തുക്കൾ. രണ്ടാണെങ്കിലും കിട്ടുന്നയാൾ ഹാപ്പിയാകും. കയ്യിൽ അത്രയേറെ കാശാണല്ലോ കിട്ടുക! കംബ്രിയയിലെ വൈറ്റ്ഹാവൻ ടൗണിലെ വയലുകളിലൊന്നിലായിരുന്നു ബില്ലി കറങ്ങി നടന്നത്. ഒരിടത്തെത്തിയപ്പോഴുണ്ട് ഡിറ്റക്ടർ ‘ബീപ് ബീപ്’ ശബ്ദം പുറപ്പെടുവിക്കുന്നു. ഒട്ടും സമയം കളഞ്ഞില്ല അദ്ദേഹം അവിടെ കുഴിക്കാന്‍ തുടങ്ങി. അഞ്ച് ഇഞ്ചോളം കുഴിച്ചു കഴിഞ്ഞപ്പോൾ കയ്യിൽ എന്തോ തടഞ്ഞു. നോക്കുമ്പോഴുണ്ട് ഒരു ലോഹവളയം.

മണ്ണു ചെളിയുമൊക്കെ പിടിച്ച് നിറം പോലും മനസ്സിലാക്കാനാത്ത അവസ്ഥയിലായിരുന്നു അത്. ട്രാക്ടറിൽ നിന്നോ മറ്റോ വിട്ടു പോയ ലോഹക്കഷ്ണമെന്നാണ് ബില്ലി കരുതിയത്. കിട്ടിയതല്ലേ, ഒന്നു പരിശോധിച്ചേക്കാം എന്നു കരുതി കൂട്ടുകാരിലൊരാൾക്ക് അതിന്റെ ചിത്രം അയച്ചുകൊടുത്തു. കൂട്ടുകാരനും മെറ്റൽ ഡിറ്റക്ടറിസ്റ്റായിരുന്നു. ബില്ലി പിന്നെയും തിരച്ചിൽ തുടരുമ്പോഴായിരുന്നു സുഹൃത്തിന്റെ ഫോൺ വന്നത്. അത്യാവശ്യമായി കാണണമെന്നായിരുന്നു സന്ദേശം. കാറിൽ നേരെ അങ്ങോട്ടുവിട്ടു. ബില്ലിയുടെ കണ്ടുപിടിത്തം അമൂല്യമായ എന്തോ ആണെന്നായിരുന്നു കൂട്ടുകാരന്‍ പറഞ്ഞത്. അങ്ങനെ പ്രദേശത്തെ ജ്വല്ലറിയിലും ഒരു മ്യൂസിയത്തിലും ഇതു കാണിച്ചു. അവർ പറഞ്ഞതു കേട്ട് ബില്ലി അന്തംവിട്ടു പോയി. ഏകദേശം 4000 വർഷം പഴക്കമുള്ള സ്വർണത്തടവളയായിരുന്നു അത്. 22 കാരറ്റുള്ള അതിന്റെ ഇന്നത്തെ വിലയാകട്ടെ ലക്ഷങ്ങൾ വരും. 11 ഔൺസ് ശുദ്ധ സ്വർണം കൊണ്ടായിരുന്നു തടവള നിർമിച്ചിരുന്നത്. ആ സ്വർണത്തിന്റെ മാത്രം ഇന്നത്തെ വിപണിവില ഏകദേശം ഒൻപതര ലക്ഷം രൂപ വരും. പക്ഷേ വള 4000 വർഷം മുൻപത്തെയാണെന്നോർക്കണം. വർഷം കൂടുന്തോറും വില കൂടുന്നുവെന്നതാണ് പുരാവസ്തുക്കളുടെ പ്രത്യേകത. അതു സ്വർണം കൂടിയാകുന്നതോടെ ലേലത്തിൽ ലക്ഷങ്ങൾ കയ്യിൽ വരുമെന്നത് ഉറപ്പ്.

ആറു മാസമേ ആയിട്ടുള്ളൂ ബില്ലി തന്റെ ഹോബി തുടങ്ങിയിട്ട്. നേരത്തേയും പലതവണ വൈറ്റ്ഹാവനിലെ വയലിൽ മെറ്റൽ ഡിറ്റക്ടറുമായി കറങ്ങിയിട്ടുമുണ്ട്. പക്ഷേ അപ്പോഴൊന്നുമുണ്ടാകാത്ത ഭാഗ്യമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ആദ്യം ഇതിനെപ്പറ്റിയറിഞ്ഞപ്പോൾ തനിക്കു വിശ്വസിക്കാൻ പോലുമായില്ലെന്നാണു ബില്ലി പറഞ്ഞത്. ഈ തടവള അധികൃതരെ ഏല്‍പിച്ചിരിക്കുകയാണ് ഇപ്പോൾ. ട്രഷർ ആക്ടിനു കീഴിലാണ് അതു വരുന്നതെങ്കില്‍ തടവള ലേലത്തിനു ലഭിക്കും. അതിന്റെ പണം ബില്ലിക്കു ലഭിക്കുകയും ചെയ്യും. പണ്ടുകാലത്തു കയ്യിലും കഴുത്തിനു ചുറ്റും ധരിക്കുന്നതിനാണ് ഇത്തരം സ്വർണത്തടവളകൾ ഉപയോഗിച്ചിരുന്നത്. ഓരോരുത്തരും തങ്ങളുടെ സ്വത്തും അന്തസ്സും കാണിക്കാൻ ഉപയോഗിക്കുന്നതായിരുന്നു ഇത്. എന്തായാലും സ്വര്‍ണത്തടവള വഴി ബില്ലിയുടെ സ്വത്തും കൂടാൻ പോവുകയാണിപ്പോൾ!