സമുദ്രയാത്രകൾ

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 18–ാം നൂറ്റാണ്ടുവരെയുള്ള കാലം ലോകചരിത്രത്തിൽ ഭൂമിശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ കാലഘട്ടമാണ്. പോർച്ചുഗൽ, സ്പെയിൻ, ഹോളണ്ട് (ഡച്ച്), ഇറ്റലി, ഇംഗ്ലണ്ട്, ബൽജിയം എന്നീ യൂറോപ്യൻ രാജ്യങ്ങളാണ് ആദ്യകാല സമുദ്രയാത്രകൾക്കു നേതൃത്വം വഹിച്ചത്. സുഗന്ധദ്രവ്യങ്ങളുടെ വർധിച്ച ആവശ്യകതയും സിൽക്ക് റൂട്ടിലൂടെയുള്ള കച്ചവടത്തിന്റെ കുത്തക അറബികൾക്കായിരുന്നതും സാഹസികതയും പുതിയ വാണിജ്യപാതകൾ കണ്ടെത്തുന്നതിനു യൂറോപ്യൻമാരെ പ്രേരിപ്പിച്ചു. വിദൂരപൂർവദേശങ്ങളിലേക്ക് അവർ നൂതന സമുദ്രസഞ്ചാരമാർഗങ്ങൾ വികസിപ്പിച്ചു. അതുവരെ അജ്ഞാതമായിരുന്ന കടലുകളും ഭൂപ്രദേശങ്ങളും ദ്വീപുകളും കണ്ടെത്തി. അറ്റ്ലാന്റിക് സമുദ്രം മുറിച്ചുകടന്നു പസിഫിക്കിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിലേക്കു യാത്രകൾ നീണ്ടു. സാഹസികയാത്രകൾ പിന്നീട് കച്ചവടയാത്രകൾക്കു വഴിമാറി. കണ്ടെത്തിയ പ്രദേശങ്ങളിൽനിന്നുള്ള അസംസ്കൃത വസ്തുക്കളും വിഭവങ്ങളും യൂറോപ്യൻ രാജ്യങ്ങളെ സമ്പന്നമാക്കി. ഇതു വ്യവസായവൽക്കരണത്തിനു കാരണമായി. ഒപ്പം ലോകത്തെ യൂറോപ്യൻ അധിനിവേശത്തിനും തുടക്കം കുറിച്ചു.