യന്ത്രരാക്ഷസൻ കാറുകള്‍ യാഥാർഥ്യമാകുന്നു!

നവീൻ മോഹൻ

റോഡിലൂടെ ചുമ്മാ ഓടിക്കൊണ്ടിരിക്കുന്ന കാർ. എതിരെ വരുന്നത് ഒരു ട്രക്ക്. അതിവേഗത്തിലാണ് അതിന്റെ വരവ്. പക്ഷേ കാറിനു തൊട്ടടുത്തു നിന്നതും അത് ബ്രേക്കിട്ടു പോയി. കാരണവുമുണ്ട്– അതാ ട്രക്കിനു തൊട്ടു മുന്നിൽ ഒരു ഭീകര ‘യന്ത്രരാക്ഷസൻ’. അതുവരെ റോഡിലൂടെ വന്നിരുന്ന കാർ ആ പരിസരത്തു പോലുമില്ല. ഞൊടിയിട നേരം കൊണ്ടാണു കാർ യന്ത്ര മനുഷ്യനായി രൂപം മാറിയത്. കൂട്ടുകാരെല്ലാം പലപ്പോഴും കണ്ടിട്ടുണ്ടാകും ഈ കാഴ്ച; ‘ട്രാൻസ്ഫോമേഴ്സ്’ എന്ന ഹോളിവുഡ് സിനിമാ സീരീസിലൂടെ. കാറും ട്രക്കും ബൈക്കും സൈനിക ടാങ്കും വരെ രൂപം മാറി ഭീകര യന്ത്രരാക്ഷസന്മാരായി പരസ്പരം പോരാടുന്ന സിനിമ. ചിത്രത്തിൽ പക്ഷേ എല്ലാ ‘ഭീകരന്മാരെയും’ വിഎഫ്എക്സിന്റെ സഹായത്തോടെയാണു നിർമിച്ചത്. യഥാർഥത്തിലുള്ള ഇത്തരം യന്ത്രരാക്ഷസന്മാരെ കാണാൻ പോലും കിട്ടില്ലെന്നു ചുരുക്കം.

പക്ഷേ ഇനിയങ്ങോട്ട് അങ്ങനെയല്ല. ‘ട്രാൻസ്ഫോമേഴ്സ്’ മോഡലിലുള്ള ഗംഭീരൻ റോബട്ടിക് കാറിനെയാണ് ഏതാനും എൻജിനീയർമാർ നിർമിച്ചെടുത്തത്. തിളങ്ങുന്ന കണ്ണുകളും യന്ത്രക്കൈകളും പേടിപ്പിക്കുന്ന കൂറ്റൻ ശരീരവും കാലുകളുമൊക്കെയായി നടന്നു നീങ്ങാനും കഴിയുന്ന ഈ യന്ത്ര ഭീകരന്റെ പേര് ‘ജെ–ഡെയ്റ്റ റൈഡ്’. കഴിഞ്ഞയാഴ്ചയാണ് ജപ്പാനിൽ ഈ ഭീകരൻ രംഗത്തിറങ്ങിയത്. ഒറ്റനോട്ടത്തിൽ ഒരുഗ്രൻ സ്പോർട്സ് കാർ. അതിനകത്ത് രണ്ടു പേർക്ക് ഇരിക്കുകയും ചെയ്യാം. കാറോടിച്ചു പോകാനുമാകും. ഇടയ്ക്ക് നിർത്തി ഒരു ബട്ടണമർത്തിയാൽ കാർ പതിയെ മുകളിലേക്കുയരും. പിന്നെ നാലടിയോളം ഉയരമുള്ള ഒരു യന്ത്ര മനുഷ്യനായി മാറും, അതും വെറും ഒരു മിനിറ്റു കൊണ്ട്. തിരിച്ചു കാറാകാനും അത്രതന്നെ സമയം മതി!

അകത്തിരിക്കുന്നവർക്ക് ആ ഭീമൻ റോബട്ടിനെ നിയന്ത്രിച്ചു മുന്നോട്ടു നടത്തിക്കാനും സാധിക്കും. മൂന്ന് റോബട്ടിക്സ് കമ്പനികളും യന്ത്രഭാഗങ്ങള്‍ നിർമിക്കുന്ന കമ്പനികളും ചേർന്നു കഴിഞ്ഞ നാലു വർഷമായി ഇതിന്റെ നിർമാണത്തിലായിരുന്നു. ട്രാൻസ്ഫോമേഴ്സ് സിനിമയിലെപ്പോലെയാണു ‘ലുക്കെങ്കിലും’ അതിലെ വാഹനങ്ങളെപ്പോലെ പാഞ്ഞു പോകാനൊന്നും ഈ റോബട്ടിനു സാധിക്കില്ല. പതിയെയാണു നടത്തവും. കാറായി ഓടിക്കുകയാണെങ്കിൽ മണിക്കൂറിൽ 60 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നാണു നിർമാതാക്കളുടെ അവകാശവാദം. റോബട്ട് ആയാലും കാറിന്റെ ചക്രങ്ങൾ കൊണ്ടു റോഡിലൂടെ ഉരുണ്ടു പോകാനും ഇതിനു സാധിക്കും. പക്ഷേ കാറിന്റെ പകുതി വേഗമേ ഉണ്ടാവുകയുള്ളൂ. നടക്കുന്നതാകട്ടെ മണിക്കൂറിൽ 100 മീറ്റർ എന്ന കണക്കിലും. പക്ഷേ ആ ‘ഭീമൻ’ നടത്തം കാണുന്ന ആരും ആദ്യം ഒന്നമ്പരക്കും. പേടിച്ച് ഒന്നോ രണ്ടോ അടി പിന്നോട്ടു വച്ചാലും കുറ്റം പറയാനാകില്ല.

ലോകമെമ്പാടുമുള്ള അമ്യൂസ്മെന്റ് പാർക്കുകളിലേക്ക് ഇത്തരം ‘യന്ത്രക്കാർ മനുഷ്യരെ’ നിർമിച്ചു നൽകാനാണു നിർമാതാക്കളായ ആസ്റാടെക്, സാൻസെയ് ടെക്നോളജീസ്, ബ്രേവ് റോബട്ടിക്സ് കമ്പനികളുടെ തീരുമാനം. ട്രാൻസ്ഫോമേഴ്സ് സിനിമയ്ക്കു മുൻപേ തന്നെ ജപ്പാനിൽ രൂപം മാറി റോബട്ടാകുന്ന വാഹനങ്ങളുടെ കഥകൾക്ക് ഏറെ ആരാധകരുണ്ട്. ഭീമൻ റോബട്ടുകളെ നിർമിച്ച് പരസ്പരം ഗുസ്തി മത്സരം വരെ അവർ സംഘടിപ്പിക്കാറുണ്ട്. ‘റോബട്ട്–സുമോ’ എന്നാണ് അത്തരം മത്സരങ്ങളുടെ പേര്. അവയിൽ പങ്കെടുക്കുന്ന യന്ത്രമനുഷ്യർക്കുമുണ്ട് ഒരു പേര്– മെഗാബോട്ട്.