അധികമായാൽ കളിപ്പാട്ടവും...

നവീൻ മോഹൻ

ക്രിസ്മസിങ്ങെത്തിയിരിക്കുന്നു. നമ്മുടെ നാട്ടിലില്ലെങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ ക്രിസ്മസ് കുട്ടികൾക്ക് ‘എക്സ്ട്രാ’ ആഘോഷമാണ്. കാരണവുമുണ്ട്. സാന്താക്ലോസ് അപ്പൂപ്പനു പുറമേ രക്ഷിതാക്കളും കുട്ടികൾക്ക് ചറപറ സമ്മാനം വാങ്ങിക്കൊടുക്കുന്ന കാലമാണിത്. എത്ര കളിപ്പാട്ടങ്ങൾ‌ വാങ്ങിക്കൊടുത്താലാണ് കുട്ടികൾ‌ക്ക് സന്തോഷമാവുക എന്ന കൺഫ്യൂഷനാണ് മിക്ക രക്ഷിതാക്കൾക്കും. ചിലർക്കാകട്ടെ കുട്ടികളുടെ മുറി നിറയെ കളിപ്പാട്ടങ്ങൾ കൊണ്ടു നിറച്ചാൽ മാത്രമേ മനസ്സും നിറയൂ.

എന്തായാലും രക്ഷിതാക്കൾക്ക് ആശ്വാസം പകരുന്നൊരു കണ്ടെത്തലാണ് അമേരിക്കയിലെ ടോലീഡോ സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയിരിക്കുന്നത്. കൂടുതൽ കളിപ്പാട്ടങ്ങൾ നൽകുന്നത് കുട്ടികൾക്കു നല്ലതല്ലെന്നാണു കണ്ടെത്തൽ. കളിപ്പാട്ടങ്ങൾ കൂടുന്നതനുസരിച്ച് കുട്ടികളുടെ ശ്രദ്ധയും സർഗാത്മകമായ കഴിവുകളും കുറയുമെന്നാണ് പഠനം. 18 മുതൽ 30 വരെ മാസം പ്രായമുള്ള കുട്ടികളെ ഉപയോഗിച്ചായിരുന്നു പഠനം. ഇവരിൽ ഒൻപതു പേർ ആൺകുട്ടികളും 27 പേർ പെൺകുട്ടികളുമായിരുന്നു. അങ്ങനെ 36 പേരെയും രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചു. ഒരു കൂട്ടർക്ക് 16 കളിപ്പാട്ടങ്ങൾ കൊടുത്തു. ബാക്കിയുള്ളവർക്ക് നാലെണ്ണവും. നാലു കളിപ്പാട്ടം കൊടുത്തവർക്ക് ഓരോ അരമണിക്കൂർ കൂടുമ്പോഴും പുതിയ നാലെണ്ണമായി മാറ്റി നൽകി. 16 കളിപ്പാട്ടം നൽകിയവർക്കും പുതിയ കളിപ്പാട്ടങ്ങളാണു നൽകിയത്. എന്നിട്ട് ഗവേഷകർ കുട്ടിക്കൂട്ടം എന്താണു ചെയ്യുന്നതെന്ന് ഒരിടത്തിരുന്നു നിരീക്ഷിച്ചു. അവരുടെ കളിചിരികളെല്ലാം ക്യാമറയിലാക്കി. അതു പരിശോധിച്ചതിൽ നിന്നാണ് ഒരു കാര്യം മനസിലായത്. കൂടുതൽ കളിപ്പാട്ടങ്ങൾ ലഭിച്ചവർ അതെല്ലാം ചുമ്മാതെ തട്ടിക്കളിച്ചു കൊണ്ടേയിരുന്നു.

ചിലരാകട്ടെ ഓരോന്നും എടുത്ത് വലിച്ചെറിയാനും തുടങ്ങി. അഥവാ ഒരെണ്ണം നഷ്ടപ്പെട്ടാലും മറ്റൊന്നുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അവർക്ക്. ഒന്നിലും ശ്രദ്ധിക്കാതെ ഓരോന്നിലും തട്ടീംമുട്ടീം അവരങ്ങനെ സമയം കളഞ്ഞു. പിന്നെയിരുന്നു ബോറടിച്ചു. നാലു കളിപ്പാട്ടം കിട്ടിയവരുടെ കാര്യം നേരെ മറിച്ചായിരുന്നു. അവർക്ക് ആദ്യമേ മനസ്സിലായി, ആകെ നാലു കളിപ്പാട്ടമേയുള്ളൂ. അതു പോയാൽപ്പിന്നെ വേറൊന്നുമില്ല.

അതിനാൽത്തന്നെ ഓരോ കളിപ്പാട്ടവും എടുത്ത് ആസ്വദിക്കുകയായിരുന്നു കുട്ടികൾ െചയ്തത്. വലിച്ചെറിയലോ തട്ടിക്കളിക്കലോ ഒന്നുമില്ല. മറുഗ്രൂപ്പിനേക്കാൾ കൂടുതൽ സമയം കളിപ്പാട്ടങ്ങളുമൊത്ത് ‘ഗുസ്തി’ പിടിക്കുകയും ചെയ്തു. അതായത്, ഏറ്റവുമധികം നേരം കളിപ്പാട്ടങ്ങൾ ആസ്വദിച്ചത് നാലു കളിപ്പാട്ടങ്ങൾ കിട്ടിയ കുട്ടികളാണ്. ചെറുപ്പം മുതൽക്കേ കുട്ടികളെ ശ്രദ്ധാലുക്കളാക്കാൻ കുറച്ച് കളിപ്പാട്ടം മതിയെന്നാണു പഠനം പറയുന്നത്. അത് അവരുടെ നിരീക്ഷണബുദ്ധിയെയും മെച്ചപ്പെടുത്തും. ഓരോ കളിപ്പാട്ടവും പരിശോധിച്ച് അതിന്റെ പ്രവർത്തനരീതി വരെ മനസ്സിലാക്കിയെടുക്കാനും സമയം ലഭിക്കും.

എന്നാൽ കൂടുതൽ കളിപ്പാട്ടങ്ങൾ ഉള്ളവർ വിഷമിക്കേണ്ടെന്നും ഗവേഷകർ പറയുന്നു. കുട്ടികൾക്ക് അത് കൂട്ടത്തോടെ കൊടുക്കുന്നതിനു പകരം മൂന്നോ നാലോ എണ്ണം വീതം പലപ്പോഴായി നൽകുന്നത് ഗുണം ചെയ്യും. ബ്രിട്ടണിലെ കണക്കനുസരിച്ച് ഒരു കുട്ടിക്ക് ശരാശരി 238 കളിപ്പാട്ടങ്ങളെങ്കിലുമുണ്ടാകും. അതിൽ അവർക്ക് ഏറ്റവും ഇഷ്ടപ്പെടുന്നതാകട്ടെ വെറും 12 എണ്ണവും. അതായത് വെറും അഞ്ചു ശതമാനം മാത്രമേ കുട്ടികൾ ഉപയോഗിക്കുന്നുള്ളൂ. ഓരോ ഡിസംബർ മാസത്തിലും കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങാൻ മാത്രം ബ്രിട്ടിഷ് മാതാപിതാക്കൾ ചെലവിടുന്നത് 20,000 രൂപയ്ക്കടുത്ത് തുകയാണ്. ഇങ്ങനെ ചുമ്മാതെ കളിപ്പാട്ടത്തിനു കാശു കളയാതെ ആവശ്യത്തിനു മാത്രം കുട്ടികൾക്കു വാങ്ങിക്കൊടുത്താൽ മതിയെന്നും ഗവേഷകർ പറയുന്നു. അധികമായാൽ കളിപ്പാട്ടവും പ്രശ്നമാണെന്നു മനസ്സിലായില്ലേ...!