ഒരിക്കലും നടക്കാത്ത ആ ടൈംടേബിൾ!

പുതിയ ക്ലാസ്, പുതിയ പുസ്തകം, പുതിയ സ്കൂൾ വർഷം... കൂട്ടുകാർ ആകെ ആവേശത്തിലാണല്ലോ.. ഈ ആവേശം ഈ അധ്യയനവർഷം മുഴുവൻ നിലനിർത്തണം. അതിന് നല്ല പ്ലാനിങ് ആവശ്യമാണ്. നല്ലൊരു വ്യക്തിഗത ടൈംടേബിൾ വേണം. വ്യക്തിഗതം എന്ന വാക്ക് അൽപം ഊന്നി വായിക്കാം. ഓരോരുത്തർക്കും ഓരോ ശീലവും സൗകര്യവും ഒക്കെയാണല്ലോ. അതുകൊണ്ടുതന്നെ ചേരുന്ന ടൈംടേബിൾ ഉണ്ടാക്കിയില്ലെങ്കിൽ പാലിക്കാനും ബുദ്ധിമുട്ടാകും.

ടൈം ടേംബിളിൽ എന്തൊക്കെ
കൂട്ടുകാർക്ക് വ്യക്തിഗത ടൈംടേബിൾ ഉണ്ടാക്കാനുള്ള ചില മാർഗനിർദേശങ്ങൾ ഇതാ... ആവശ്യമായ മാറ്റങ്ങൾ വരുത്താൻ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരിക്കും– പക്ഷേ, ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത് കേട്ടോ. ചിത്രങ്ങളും നിറങ്ങളും ഉപയോഗിച്ച് ടൈംടേബിൾ രസകരമായി തയാറാക്കി പഠനമുറിയിലോ പഠനമേശയിലോ എപ്പോഴും കാണാവുന്ന വിധത്തിൽ വയ്ക്കണം.
∙ക്ലാസ് ഉള്ള ദിവസത്തിനും അവധി ദിവസങ്ങൾക്കും പ്രത്യേകം ടൈംടേബിൾ വേണം
∙പൂർണതയ്ക്കും സമഗ്രതയ്ക്കും വേണ്ടി, ഒരിക്കലും നടക്കാത്ത ടൈംടേബിൾ ഉണ്ടാക്കിയിട്ടു കാര്യമില്ല.
∙പ്രായോഗികത പരിഗണിക്കാതെ ടൈംടേബിൾ ഉണ്ടാക്കിയില്ലെങ്കിൽ പാലിക്കാനാകാതെ പരാജയപ്പെടും
∙ രാവിലെ 5–6 കണക്ക്, 6–7 ഇംഗ്ലിഷ്, 7–8.30 ട്യൂഷൻ..... ഇങ്ങനെ എഴുതാൻ എല്ലാവർക്കും കഴിയും. അതുകൊണ്ട് കാര്യമില്ല. പഠനത്തിനു പുറമെ കളിക്കാനും പത്രവും മറ്റു പ്രസിദ്ധീകരണങ്ങളും വായിക്കാനും ടിവി കാണാനും ഹോബികൾക്കും വിശ്രമത്തിനും എല്ലാം ടൈംടേബിളിൽ സമയം വേണം.
∙തുടർച്ചയായി അധികസമയം ഒരു വിഷയം തന്നെ പഠിക്കുന്നത് അത്ര നല്ലതല്ല.
∙ നിർബന്ധമായും പാലിക്കേണ്ട സമയക്രമവും ചെറുതായി വിട്ടുവീഴ്ചകൾ അനുവദിക്കാവുന്ന സമയങ്ങളും പ്രത്യേകം മാർക്ക് ചെയ്യണം
∙പഠിക്കാൻ ഓരോരുത്തരും ചേരുന്ന സമയം തിരഞ്ഞെടുക്കണം. പുലർച്ചെ പഠിക്കാൻ ഇഷ്ടമുള്ളവരും രാത്രി വൈകുവോളം പഠിക്കാൻ ഇഷ്ടമുള്ളവരും ഉണ്ടാകും. ആ ശീലങ്ങൾ മാറ്റി മറിച്ചുള്ള ടൈംടേബിൾ വേണ്ട. ഇന്ന സമയത്തു പഠിച്ചാലേ ശരിയാകൂ എന്ന് നിർബന്ധം വേണ്ട.
∙സാഹചര്യങ്ങൾക്കനുസരിച്ച് ടൈംടേബിളിൽ ചെറിയ വിട്ടുവീഴ്ചകളാകാം. ഒരു കവിത പഠിച്ചുകൊണ്ടിരിക്കുമ്പോഴോ, കണക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴോ നിശ്ചയിച്ചിരിക്കുന്ന സമയം ആയാൽ അത് നിർത്തേണ്ടതില്ല. പൂർത്തിയാക്കണം.
∙ദിവസം തോറുമുള്ള ടൈംടേബിളിനു പുറമെ പ്രതിമാസ, വാർഷിക ടൈംടേബിളും വേണം.
∙വിലയിരുത്തൽ നടത്തി ടൈംടേബിൾ ഇടയ്ക്കിടെ പുതുക്കിക്കൊണ്ടിരിക്കണം.

ടൈംടേബിൾ എന്തിന്
∙കാര്യക്ഷമത കൂടും
∙കാര്യങ്ങൾ വിഭജിച്ച് ചെയ്യാം
∙അമിത ഭാരം അനുഭവപ്പെടില്ല
∙വിലയിരുത്തൽ എളുപ്പമാകും
∙ആത്മവിശ്വസം വർധിക്കും
∙ലക്ഷ്യം അടുത്തുവരുന്നെന്നതോന്നൽ ഉന്മേഷം നൽകും
തുടക്കത്തിൽ ടൈംടേബിൾ പാലിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടാകും. അൽപം കഷ്ടപ്പെട്ടായാലും അതു പാലിക്കുക. ഏതാനും ദിവസം കൊണ്ട് അത് നിങ്ങളുടെ വഴിക്കു വരും.