പാകം ചെയ്തവർക്ക് കഴിക്കാൻ പറ്റില്ല; ഇത് ബഹിരാകാശത്തെ കുക്കീസ്, The first cookies, baked in space, Padhippura, NASA  Manorama Online

പാകം ചെയ്തവർക്ക് കഴിക്കാൻ പറ്റില്ല; ഇത് ബഹിരാകാശത്തെ കുക്കീസ്

ഭൂമിയിൽ നിന്ന് ചൊവ്വയിലേക്കു യാത്ര പോകണമെങ്കില്‍ ഏകദേശം ഏഴു മാസം യാത്ര ചെയ്യണം. യുഎസ് ബഹിരാകാശ സംഘടനയായ നാസയുടെ നേതൃത്വത്തിൽ ചൊവ്വായാത്രയ്ക്കുള്ള ഗവേഷകരെയും പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ ചൊവ്വയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെ ഇവർക്കാവശ്യമായ ഭക്ഷണം എങ്ങനെ തയാറാക്കും? മാസങ്ങളോളം കേടാകാതെയിരിക്കുന്ന ഭക്ഷണമൊക്കെ നാസ നേരത്തേത്തന്നെ തയാറാക്കിയിട്ടുണ്ട്. പക്ഷേ യാത്രയ്ക്കിടെ സ്വയം ഭക്ഷണം പാകംചെയ്തു കഴിക്കാനായാൽ എന്തെളുപ്പമായിരിക്കും? അതിനുവേണ്ടിയുള്ള പരീക്ഷണങ്ങളിലാണ് നാസ ഇപ്പോഴും. അതിൽ ആദ്യഘട്ടം ഏകദേശം വിജയിച്ചും കഴിഞ്ഞു.

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഇക്കഴിഞ്ഞ ക്രിസ്മസിനു മുൻപാണ് ഗവേഷകർ ഏതാനും കുക്കീസ് പാകം ചെയ്തെടുത്തത്. ഇതിനു വേണ്ടിയുള്ള പ്രത്യേക മൈക്രോവേവ് അവ്നും പ്രത്യേകം തയാർ ചെയ്ത ധാന്യവും നവംബറിൽ തന്നെ നിലയത്തിലേക്ക് അയച്ചിരുന്നു. ക്രിസ്മസിനു തൊട്ടുമുൻപായിരുന്നു ഈ ധാന്യം ഉപയോഗിച്ച് ഗവേഷകർ കുക്കീസ് ബെയ്ക്ക് ചെയ്തെടുത്തത്. പക്ഷേ ഇതു കഴിക്കാൻ മാത്രം ഗവേഷകർക്കു സാധിക്കില്ല. പാകം ചെയ്തെടുത്ത അഞ്ച് കുക്കീസ് സീൽ ചെയ്ത് പായ്ക്കറ്റിലാക്കി ഭൂമിയിലേക്ക് ഇക്കഴിഞ്ഞ ജനുവരി ഏഴിന് അയച്ചു. കഴിഞ്ഞ ദിവസം അത് ഇവിടെയെത്തുകയും ചെയ്തു. നാസയുടെ നേതൃത്വത്തിലായിരിക്കും അതിന്റെ രുചി പരിശോധിക്കുക.
സംഗതി വിജയകരമാണെന്നാണ് നിലയത്തിൽ നിന്നുള്ള റിപ്പോർട്ട്. പക്ഷേ രുചിയുടെ വിവരങ്ങൾ മാത്രം പുറത്തെത്തിയിട്ടില്ല. ന്യൂയോർക്ക് ആസ്ഥാനമായുള്ള സ്റ്റാർട്ടപ് കമ്പനി സീറോ ജി കിച്ചനും ബഹിരാകാശ ഗവേഷണ രംഗത്തെ പ്രമുഖരായ നാനോറാക്ക്സും ചേർന്നായിരുന്നു അവ്ൻ നിർമിച്ചത്. ഡബിൾട്രീ എന്ന കമ്പനിയാണ് പ്രത്യേകം തയാറാക്കിയ ധാന്യപ്പൊടി അയച്ചത്. ഭൂമിയിലെ പോലെയല്ല, സീറോ ഗ്രാവിറ്റിയിൽ വേണം നിലയത്തിൽ അവ്ൻ പ്രവർത്തിപ്പിക്കാൻ. ഭൂമിയിലെപ്പോലെ അന്തരീക്ഷം ബഹിരാകാശത്ത് ഇല്ലാത്തതിനാൽ ഏറെ വെല്ലുവിളി നിറഞ്ഞതാണ് ബേക്കിങ്. ഭൂമിയിലാണെങ്കിൽ അവ്നിലെ ചൂട് മുകളിലേക്കുയരും, അങ്ങനെ കുക്കീസിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിക്കും. എന്നാൽ ബഹിരാകാശത്ത് അതു സാധ്യമല്ല. എല്ലാവശത്തും ഹീറ്ററുകൾ ഘടിപ്പിച്ച ഒരു സിലിണ്ടറിന്റെ രൂപത്തിൽ അവ്ൻ നിർമിച്ചായിരുന്നു ഇതിനു പരിഹാരം കണ്ടത്.

അവ്നിൽ വയ്ക്കുന്ന ധാന്യം നിറച്ച ട്രേ ചിലപ്പോൾ പറന്നുപോകാനും സാധ്യതയുണ്ടായിരുന്നു. എന്നാൽ ധാന്യം ഉറച്ചു നിൽക്കുംവിധം ട്രേയിൽ ചില മാറ്റങ്ങൾ വരുത്തി ആ പ്രശ്നവും പരിഹരിച്ചു. യൂറോപ്യൻ സ്പെയ്സ് ഏജൻസിയിൽ നിന്നുള്ള ലൂക്ക പാർമിറ്റാനോ എന്ന ആസ്ട്രോനട്ടായിരുന്നു ഡിസംബർ 12, 13, 17 തീയതികളിലായി കുക്കീസ് പാകം ചെയ്തത്. എല്ലാം വളരെ എളുപ്പമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എങ്കിലും ആദ്യത്തെ മൂന്ന് കുക്കീസ് പാകം ചെയ്യാൻ ലേശം ബുദ്ധിമുട്ടി, അവസാനത്തെ രണ്ടെണ്ണം ചോക്കലേറ്റ് വരെ കൃത്യമായി ഉരുകിച്ചേർന്നു ഗംഭീരമായെന്നും അദ്ദേഹം പറയുന്നു. പരീക്ഷണമായതിനാലാണ് കുക്കീസ് കഴിക്കരുതെന്ന് നിലയത്തിലെ ഗവേഷകരോടു നിർദേശിച്ചത്. ഭൂമിയിൽ കുക്കീസിന്റെ രുചി പരിശോധിച്ച് വിജയകരമാണെങ്കിൽ ചൊവ്വായാത്രയ്ക്കിടയിലും ബഹിരാകാശത്ത് എത്ര ദൂരെപ്പോയാലും ‘ചൂടോടെ’ ഭക്ഷണം കഴിക്കാൻ സാധിക്കുന്നതിന്റെ ആദ്യപടിയാകും അത്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം താമസിച്ച് റെക്കോർഡിട്ട ക്രിസ്റ്റീന കൊക് എന്ന ഗവേഷക ഈ കുക്കീസ് പായ്ക്കറ്റിന്റെ ചിത്രം പങ്കുവച്ചതും വൈറലായിരുന്നു.

Summary : The first cookies baked in space