ഈജിപ്ഷ്യൻ ശവപ്പെട്ടിയിൽ കണ്ടു, ആത്മാക്കളുടെ രഹസ്യമുറങ്ങുന്ന ‘നരക’ഭൂപടം, The coffin texts, The book of two ways, Egypt,Padhippura, Manorama Online

ഈജിപ്ഷ്യൻ ശവപ്പെട്ടിയിൽ കണ്ടു, ആത്മാക്കളുടെ രഹസ്യമുറങ്ങുന്ന ‘നരക’ഭൂപടം

ഈജിപ്തിൽ നിന്നു കണ്ടെത്തിയ പുരാതന കാലത്തെ മിക്ക ശവപ്പെട്ടികളിലും കൊത്തുപണികളും മറ്റും നടത്തി ഭംഗിയാക്കിയിട്ടുണ്ടാകും. അത്തരമൊരു കൊത്തുപണിയായിരിക്കും അതെന്നാണു ഗവേഷകർ ആദ്യം കരുതിയത്. എന്നാൽ സൂക്ഷ്മനിരീക്ഷണത്തിലാണു പിടികിട്ടിയത്– ലോകത്തെ ഏറ്റവും പഴക്കം ചെന്ന നരക (പാതാള) ഭൂപടമായിരുന്നു അത്. മരണത്തിനു ശേഷം എത്തിച്ചേരുന്ന ലോകത്തിലേക്കു വഴിതെറ്റാതെ സഞ്ചരിക്കുന്നതിനുള്ള വഴി ആത്മാവിനു ചൂണ്ടിക്കാണിക്കാനായിരുന്നു അതു ശവപ്പെട്ടിയിൽ തന്നെ കൊത്തിവച്ചതും. ‘ആത്മാവിനു മോക്ഷം ലഭിക്കാനുള്ള വഴി’ എന്നാണ് ഭൂപടത്തിലെ വിവരങ്ങളെ ഗവേഷകർ വിവരിച്ചതും. ‘ദ് ബുക്ക് ഓഫ് ടു വേയ്സ്’ എന്നും ഗവേഷകർ ഇതിനു പേരിട്ടിട്ടുണ്ട്. അതിനു കാരണവുമുണ്ട്. ഭൂമിക്കും ഇന്നേവരെ കാണാത്ത മറ്റൊരു ലോകത്തിനും ഇടയിലുള്ള നിഗൂഢ വഴികളെപ്പറ്റിയാണല്ലോ കൊത്തുപണികൾ വിശദമാക്കുന്നത്. പേടിപ്പെടുത്തുന്ന തടാകങ്ങളെയും മൂർച്ചയേറിയ കത്തികളും മറ്റ് ആയുധങ്ങളുമായി വഴിയിൽ കാത്തുനിൽക്കുന്ന ചെകുത്താന്മാരെയുമെല്ലാം മറികടക്കാനുള്ള വഴികളാണ് ഈ ‘പുസ്തക’ത്തിലുള്ളത്. അതെല്ലാം കടന്നു ചെന്നെത്തുന്നതാകട്ടെ ഈജിപ്ഷ്യൻ നരകദേവനായ ഒസിരിസിന്റെ സാമ്രാജ്യത്തിലും. ‘രൊസ്താ’ എന്നാണ് ഈ സാമ്രാജ്യം അറിയപ്പെടുന്നത്.

സാധാരണക്കാർക്കൊന്നും ഇവിടെ എത്തിപ്പെടാൻ പറ്റില്ലെന്നാണു പറയപ്പെടുന്നത്. പക്ഷേ ഒസിരിസിന്റെ ചിത്രം പതിച്ച ശവപ്പെട്ടിയിൽ കഴിയുന്നവർക്ക് മോക്ഷം ലഭിക്കും. അതാകട്ടെ പ്രത്യേക ചടങ്ങുകളോടെയാണു നടപ്പാക്കുക. നരക ഭൂപടത്തിന്റെ കൊത്തുപണികളുള്ള ഈ ശവപ്പെട്ടി 2012ലാണു കണ്ടെത്തിയത്. ഇതിന് ഏകദേശം 4000 വർഷത്തെ പഴക്കമുണ്ടെന്നാണു കരുതുന്നത്. രാജാവോ രാജകുമാരനോ ഒന്നുമല്ല ശവപ്പെട്ടിയിലെന്നും കണ്ടെത്തിയിരുന്നു. മറിച്ച്, ഒരു കുലീന വനിതയായിരുന്നു. ആദ്യഘട്ട പരിശോധനയിൽ ഇതൊരു ഈജിപ്ഷ്യൻ രാജാവിന്റേതാണെന്നാണു കരുതിയത്. പക്ഷേ പിന്നീടാണ് ‘ആൻഖ്’ എന്ന വനിതയുടേതാണെന്നു തെളിഞ്ഞത്. ശവപ്പെട്ടിയിലെ എഴുത്തിൽ നിന്നാണ് അക്കാര്യം തിരിച്ചറിഞ്ഞത്. രണ്ടു മരപ്പലകകളിലായിട്ടായിരുന്നു ഭൂപടം വരച്ചിട്ടിരുന്നത്. ഇത്തരം ഭൂപടങ്ങളുടെ മറ്റു വകഭേദങ്ങളും നേരത്തേ കണ്ടെത്തിയിട്ടുണ്ട്. രാജകുടുംബവുമായി ബന്ധപ്പെട്ടവരുടെ ശവപ്പെട്ടികൾ സൂക്ഷിക്കുന്ന കല്ലറകളുടെ ചുമരുകളിലും ഇത്തരം ഭൂപടങ്ങൾ വരച്ചിടാറുണ്ട്. പാപ്പിറസ് ചുരുളിൽ വരച്ച് ശവപ്പെട്ടിയിലിടുന്ന പതിവുമുണ്ട്. മമ്മികൾക്കു നൽകുന്ന മുഖാവരണത്തിലും ഇവ വരയ്ക്കും. പക്ഷേ ഇന്നേവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കം ചെന്നതാണ് ആൻഖിന്റെ ശവപ്പെട്ടിയിൽ കണ്ടത്.

‘ദ് കോഫിൻ ടെക്സ്റ്റ്സ്’ എന്ന പേരിൽ പ്രസിദ്ധമായ പുരാതനകാല ഗ്രന്ഥത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഈ ഭൂപടം. മരണത്തിനു ശേഷം മനുഷ്യനു സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം. മരണാനന്തര ജീവിതത്തെപ്പറ്റിയും ഇതിൽ പറയുന്നുണ്ട്. ‘ദ് ബുക്ക് ഓഫ് ദ് ഡെഡ്’ എന്ന പേരിൽ സിനിമകളിലൂടെയും മറ്റും കുപ്രസിദ്ധമായ ഗ്രന്ഥത്തിന്റെ ഭാഗമാണ് ‘ദ് കോഫിൻ ടെക്സ്റ്റ്സ്’. മരണത്തിന്റെ ഈ പുസ്തകത്തിലെ താളുകളെല്ലാം ചേർത്തു വച്ചാൽ ഏകദേശം 20 മീറ്റർ വരും നീളം. ഇന്നും പിടികിട്ടാത്ത ഒട്ടേറെ മന്ത്രങ്ങളുണ്ട് അതിൽ. പാപ്പിറസ് ചുരുളിൽ തയാറാക്കിയ ആ ഗ്രന്ഥത്തിലെ മന്ത്രങ്ങളുടെ ലക്ഷ്യവും മനുഷ്യരുടെ മരണ ശേഷം ഒസിരിസിനടുത്തേക്കുള്ള സ്വസ്ഥമായ യാത്രയാണ്.