ദേഷ്യം വന്നാൽ പച്ചനിറമാകും, രണ്ട് മീറ്റർ പൊക്കം; കുട്ടികളുടെ ജീവനാണ് ഹൾക്ക്, Terracotta army, China, Padhippura, Manorama Online

2000 വർഷം പഴക്കം; ഇത് ചൈനയുടെ ‘അദ്ഭുത ആയുധങ്ങൾ’

നവീൻ മോഹൻ

ഒരു ദിവസം ചുമ്മാ മുറ്റത്ത് കുഴികുത്തിക്കളിക്കുന്നതിനിടെ കുറേ പ്രതിമകള്‍ ലഭിച്ചാലോ? അതേ അമ്പരപ്പായിരുന്നു 40 വർഷം മുൻപ് ഒരു ചൈനീസ് ഗ്രാമത്തിലെ കർഷകരും. അവരുടെ കൃഷിയിടത്തിൽ കുഴിക്കുന്നതിനിടെ കണ്ടെത്തിയത് രണ്ടായിരത്തിലേറെ പ്രതിമകൾ. പടയാളികളും കുതിരകളും മറ്റു മൃഗങ്ങളും പക്ഷികളും രഥങ്ങളും ആയുധങ്ങളുമെല്ലാമായി ഒരു വന്‍ ശേഖരം. രണ്ടായിരത്തിലേറെ വർഷത്തെ പഴക്കവുമുണ്ടായിരുന്നു ആ ടെറാകോട്ട ആർമിക്ക്. ആ പ്രതിമകളും അവയ്ക്കൊപ്പമുള്ള ആയുധങ്ങളും ഇന്നും പുരാവസ്തു ഗവേഷകർക്കു മുന്നിലെ ചോദ്യചിഹ്നമാണ്. ഇനിയും ഒട്ടേറെ പ്രതിമകൾ കുഴിച്ചെടുക്കാനുണ്ടെന്നാണു ഗവേഷകർ പറയുന്നത്.

നിലയിൽ ചൈനയിലെ മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുകയാണ് ഈ ആർമിയെ. ബിസി 210 മുതൽ 290 വരെ ചൈന ഭരിച്ച ക്വിൻ ഷി ഹുവാങ് രാജാവിന്റേതായിരുന്നു ആ സൈന്യമെന്നാണു കരുതുന്നത്. മരിച്ചു കഴിഞ്ഞാലും പരലോകത്തു രാജാവിനു സംരക്ഷണത്തിനും യാത്രയ്ക്കും വേണ്ടിയായിരുന്നത്രേ അത്രയും വലിയ സൈന്യം! പടയാളികളെ കളിമണ്ണു കൊണ്ടാണു നിർമിച്ചിരുന്നതെങ്കിലും അവരുടെ ആയുധങ്ങളെല്ലാം വെങ്കലത്തിൽ നിർമിച്ചതായിരുന്നു. വാളും കുന്തവും കൊളുത്തുകളും അസ്ത്രങ്ങളുമെല്ലാമായി ഈ ആയുധങ്ങൾ ഗവേഷകരെ കുഴക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. വർഷങ്ങളോളം മണ്ണിനടിയിൽ കിടന്നിട്ടും ആയുധങ്ങൾ ദ്രവിക്കുകയോ ക്ലാവു പിടിക്കുകയോ ചെയ്യാതിരുന്നതാണ് ഈ അമ്പരപ്പിനു കാരണം. ഇതിനെപ്പറ്റി പഠനം നടത്തുകയായിരുന്ന ഗവേഷകർ അടുത്തിടെ അതിന്റെ ഏകദേശ കാരണവും കണ്ടെത്തി. വെങ്കലം ദ്രവിക്കാതെ സംരക്ഷിക്കാനായി അതിനു മുകളിൽ ഒരു ‘ആവരണം’ ഉണ്ടായിരുന്നുവെന്നാണ് സയന്റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇന്നത്തെ കാലത്ത് അത് ‘ക്രോമേറ്റ് കൺവേർഷൻ കോട്ടിങ്’ എന്നാണ് അറിപ്പെടുന്നത്. സ്റ്റീലും അലൂമിനിയവും ചെമ്പും വെള്ളിയുമൊക്കെ സംരക്ഷിക്കാൻ വേണ്ടി ഇരുപതാം നൂറ്റാണ്ടിൽ കണ്ടുപിടിച്ചതാണ് ഈ ‘കോട്ടിങ്’ രീതി. ചൈനീസ് പടയാളികളുടെ ആയുധങ്ങളിലും ക്രോമിയത്തിന്റെ അംശങ്ങൾ കണ്ടതോടെയാണ് ഗവേഷകരുടെ സംശയം ആ വഴിക്കു നീങ്ങിയത്.
എന്നാൽ ആകെ കണ്ടെത്തിയ 464 ആയുധങ്ങളിൽ 10 ശതമാനത്തിൽ മാത്രമേ ക്രോമിയം ഉണ്ടായിരുന്നുള്ളൂവെന്ന പ്രശ്നവുമുണ്ട്. അതോടെ ചൈനയിലെ പ്രത്യേക മണ്ണിനെപ്പറ്റിയായി സംശയം. മണ്ണിലും ക്രോമിയത്തിന്റെ അംശം കണ്ടെത്തിയത് സംശയം കൂച്ചി. അധികം ക്ഷാരഗുണമില്ലാത്ത മണ്ണുള്ള പ്രദേശത്തു നിന്നായിരുന്നു ടെറാകോട്ട ആർമിയെ കണ്ടെത്തിയത്. എന്നാൽ ആയുധങ്ങൾ സംരക്ഷിക്കാനല്ല മറിച്ചു, ഭംഗി വരുത്തുന്നതിനു വേണ്ടി വാളിലും മറ്റും പ്രയോഗിച്ച വസ്തുവിലുണ്ടായ ക്രോമിയമാണു ക്ലാവു പിടിക്കാതെ സംരക്ഷിച്ചതെന്നും വാദമുണ്ട്. മരം കൊണ്ടും മുള കൊണ്ടുമെല്ലാം പിടി കെട്ടിയ ആയുധങ്ങളിലാണ് ഈ ക്രോമിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത്തരത്തിൽ അഴുകിപ്പോകുന്ന ‘ജൈവ’ വസ്തുക്കൾക്കൊപ്പമുള്ള ആയുധങ്ങളിൽ മാത്രമാണ് ഈ ‘കോട്ടിങ്’ നടത്തിയിരിക്കുന്നതെന്നും കണ്ടെത്തി. അതായത് ജനലിനും വാതിലിനുമെല്ലാം വാർണിഷ് അടിക്കുന്നതു പോലൊരു ഭംഗിവരുത്തൽ ഈ ആയുധങ്ങളിൽ നടത്തിയിരുന്നു. ഈ അസാധാരണ വസ്തുവിൽ നിന്നായിരിക്കാം മണ്ണിലും ക്രോമിയം കലർന്നതെന്നും ഗവേഷകർ പറയുന്നു.

മണ്ണിന്റെ ഗുണം പരിശോധിക്കാൻ ചൈനയിലെ ടെറാകോട്ട ആർമിയെ കണ്ടെത്തിയ സ്ഥലത്തു നിന്നെടുത്ത മണ്ണിൽ ഏതാനും വെങ്കല ആയുധങ്ങൾ കുഴിച്ചിട്ടു നോക്കിയിരുന്നു. അതേ മാതൃകയിലുള്ള ആയുധങ്ങൾ ബ്രിട്ടനിലെ മണ്ണിലും കുഴിച്ചിട്ടു. നാലു മാസം കഴിഞ്ഞു നോക്കിയപ്പോൾ ചൈനീസ് മണ്ണിലെ ആയുധങ്ങൾക്കൊന്നും ഒരു കുഴപ്പവുമില്ല. ബ്രിട്ടന്റെ മണ്ണിലെ ആയുധങ്ങളിലാകട്ടെ ക്ലാവും പിടിച്ചു! പുരാതന ചൈനയിലെ ജനങ്ങൾക്ക് ആയുധങ്ങൾ ദ്രവിക്കാതെയും ക്ലാവു പിടിക്കാതെയും സംരക്ഷിക്കാനുള്ള വഴി അറിയാമെന്നു തന്നെയാണ് ഈ സൂചനകൾ വിരൽ ചൂണ്ടുന്നത്.

Summary : Terracotta army, China