കുട്ടികളുടെ അവകാശങ്ങള്‍ക്കായി ഒരു 'ക്ഷേത്രം'!!

തീര്‍ത്തും വ്യത്യസ്തമായ വാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്നുമെത്തിയിരിക്കുന്നത്. അവിടുത്തെ കുട്ടികള്‍ ഇനി ദൈവങ്ങളോടൊപ്പം സ്ഥാനം പിടിക്കും. രാജസ്ഥാനിലെ ബന്‍സ്വര ജില്ലയില്‍ കുട്ടികള്‍ക്കായി ഒരു പ്രത്യേക ക്ഷേത്രം നിര്‍മിക്കാനുള്ള പദ്ധതിയിലാണ് അവിടുത്തെ എംപി ആയ മന്‍ശങ്കര്‍ നിനമ. 

ആദിവാസി വിഭാഗങ്ങള്‍ കൂടുതലുള്ള ഗതോല്‍ ബ്ലോക്കിലാണ് മിടുക്കരായ കൂട്ടികളുടെ പ്രതിമ ഉയരുക. ബാല്‍കൃഷ്ണന്റെയും ബാല്‍ ഗണേഷിന്റെയും ബാല്‍ ഹനുമാന്റെയും എല്ലാം കൂടെയാണ് കുട്ടികളുടെ സ്റ്റാച്യൂകളും ഉയരുക. കുഞ്ഞുകുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വല്ലാതെ കൂടുന്ന സാഹചര്യത്തില്‍ അവരുടെ അവകാശങ്ങളെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കാണ് ഇത്തരം ഒരു ഉദ്യമം.

ക്ഷേത്രത്തിന്റെ ചുമരില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള കുറിപ്പുകളുമുണ്ടാകും. പ്രതീകാത്മക പ്രസാദം എന്ന നിലയില്‍ കുട്ടികളുടെ അവകാശങ്ങള്‍ വിശദമാക്കുന്ന ബുക്ക്‌ലെറ്റും നല്‍കും. 

പരമ്പരാഗതമായ ആദിവാസി വേഷത്തില്‍ തന്നെയായിരിക്കും കുട്ടികളുടെ പ്രതമകള്‍ ഉയരുക. കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുക, നല്ല ഭക്ഷണം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം രക്ഷിതാക്കളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യും. 

ക്ഷേത്രത്തിനടുത്ത് ഒരു പരാതിപ്പെട്ടി വെക്കാനും സംഘാടകര്‍ക്ക് പദ്ധതിയുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോ അവരുടെ അവകാശങ്ങള്‍ ലംഘിക്കുന്ന സംഭവങ്ങളോ ഉണ്ടായാല്‍ ആ പെട്ടിയില്‍ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്യാം. കുട്ടികളുടേതായ ഒരു സേന, ബാല്‍ സേന അഥവാ ചില്‍ഡ്രന്‍സ് ആര്‍മി, രൂപീകരിക്കാനും പദ്ധതിയുണ്ട്. ഇവരായിരിക്കും കാംപെയ്‌നുകള്‍ക്ക് നേതൃത്വം നല്‍കുക. 

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചയാക്കാന്‍ നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥി ഭാരതയാത്രകള്‍ വരെ സംഘടിപ്പിക്കുന്ന സമയത്ത് തീര്‍ത്തും മികച്ച ആശയമായാണ് ഈ ക്ഷേത്ര പദ്ധതി വിലയിരുത്തപ്പെടുന്നത്.