ചായകുടിച്ച് പഠിക്കാം

വി.യു. രാധാകൃഷ്ണൻ


പ്രഭാതത്തിൽ ചായ കുടിക്കുന്ന മലയാളി. ചായക്കടയിൽ ചർച്ച കൊഴുപ്പിക്കുന്ന കേരളീയർ. ഒഴിവാക്കാനാകാത്ത ഈ ശീലം നമ്മുടെ ദിനങ്ങളെ സമ്പന്നമാക്കുന്നു. ഗ്രാമമോ, നഗരമോ എവിടെ പോയാലും ചായ കുടിക്കുന്നതിൽ നാം ഒന്നാകുന്നു. സൗഹൃദത്തിനും സഹകരണത്തിനും ഈ ചൂടൻ പാനീയം നമുക്ക് ഒഴിവാക്കാനേ പറ്റില്ല. ലോകമാകെ പ്രിയങ്കരമായ ചായയുടെ വിശേഷങ്ങൾ അറിയാം.

ചായ തയാറാക്കുന്ന പൊടിയുടെ സ്രോതസ്സ് തേയിലച്ചെടിയാണല്ലോ രാസനാമം – Camellia sinensis കുടുംബം – Theaceae (Camelliaceae)

ഇതൊരു നിത്യഹരിത വൃക്ഷമാണ്. ഇലകൾ ലഭിക്കുന്നതിനായി കോതിയൊതുക്കി കുറ്റിച്ചെടിയാക്കി നിർത്തുന്നു. ഈ ചെടിക്കു ശിഖരങ്ങളും ഇടതൂർന്നു നിൽക്കുന്ന ഇലകളുമുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ നന്നായി വളരുന്നു. നേരിട്ട് സൂര്യപ്രകാശം അത്ര ഇഷ്ടമല്ലാത്തതിനാൽ ചില വൃക്ഷങ്ങൾ വച്ച് തണൽ ഒരുക്കാറുണ്ട്. വനവൃക്ഷമായി വളരുന്നതിനാൽ കാടിനു പറ്റിയ പരിസ്ഥിതിയും തണുപ്പുമാണു നല്ലത്. വാർഷിക വർഷപാതം 200–300 സെന്റിമീറ്റർ ലഭിക്കുന്ന പ്രദേശങ്ങളിൽ നന്നായി വളരും. മണ്ണൊലിപ്പിനെ തടയുന്ന വേരുപടലവുമായി മലഞ്ചെരിവുകളിൽ തഴച്ചുവളർന്നു നിൽക്കുന്ന തേയിലച്ചെടികൾ കാഴ്ചയ്ക്ക് ഏറെ മനോഹരമാണ്.

ചായയുടെ ചരിത്രം
ചൈനയാണ് ചായയുടെ ജന്മദേശമായി പൊതുവെ പരിഗണിച്ചുവരുന്നത്. ചൈനയിൽ ചായയുടെ ഉത്ഭവത്തെക്കുറിച്ച് അയ്യായിരത്തോളം കൊല്ലം പഴക്കമുള്ള ഒരു നാടോടിക്കഥയുണ്ട്. ചക്രവർത്തിയായിരുന്ന ഷെൻ നുങ് വേനൽക്കാലത്തു കാട്ടിൽ വേട്ടയ്ക്കു പോയപ്പോൾ ദാഹം തോന്നി. വെള്ളം ചൂടാക്കാൻ വച്ചതിൽ ഏതോ ഉണക്കയില വീണു. തവിട്ടു നിറമാർന്ന ഈ വെള്ളം കുടിച്ചപ്പോൾ ഉന്മേഷം തോന്നി. നാട്ടിൽ വന്നപ്പോൾ ചക്രവർത്തി ഈ ഇലയിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നതിനു വ്യാപക പ്രചാരം നൽകി. പിന്നെ ലോകമാകെ തേയില വ്യാപകമായത്രെ.

ചായയിലെ രാസഘടകങ്ങൾ
കഫീൻ ആണ് ചായയിൽ അടങ്ങിയിരിക്കുന്ന പ്രധാന ആൽക്കലോയ്ഡ്. ഇതു തേയിൻ എന്ന പേരിലും അറിപ്പെടുന്നു. കാപ്പിയിലുള്ളതിനെക്കാൾ കുറവാണ് തേയിലയിൽ ഇവയുടെ സാന്നിധ്യം. കാറ്റെച്ചിൻ എന്ന മറ്റൊരു ഘടകവും ഇതിലുണ്ട്. ടാനിനുകളും വൈറ്റമിനുകളും ഫ്ലാവിനോയ്ഡുകളും ഫ്ലൂറൈഡുകളും പാന്റോതെനിക് ആസിഡും തേയിലയിൽ ഉണ്ട്.

തേയിലക്കൃഷി
ഇന്ത്യയിൽ അസം, ബംഗാൾ, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ തേയിലക്കൃഷി വ്യാപകമായിട്ടുണ്ട്. ഇന്ത്യയിലാകെ 4.35 ലക്ഷം ഹെക്ടർ സ്ഥലത്തു തേയിലക്കൃഷിയുണ്ട്. 870 ദശലക്ഷം കിലോഗ്രാം ഉൽപാദനമുണ്ടെന്നാണു കണക്ക്. ലോക ഉൽപാദനത്തിൽ 24% ഇന്ത്യയിലാണ്. ഇതിൽ 75% ഇന്ത്യയിൽതന്നെ ഉപയോഗിച്ചുവരുന്നു. ഡാർജിലിങ്, നീലഗിരീസ്, അസം എന്നീ ഇനങ്ങൾ തേയിലയിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്നു. തേയില സംസ്കരിക്കുന്നതിന് ഉണക്കൽ, ചതയ്ക്കൽ, റോൾ ബ്രേക്കിങ്, പുളിപ്പിക്കൽ, ഫയറിങ്, തരംതിരിക്കൽ എന്നിങ്ങനെ ആറു ഘട്ടങ്ങളുണ്ട്.

തേയിലയുടെ ഔഷധ ഗുണങ്ങൾ

പോളിഫിനോൾ ഘടകങ്ങൾ കൊളസ്ട്രോൾ കുറയ്ക്കുന്നതിനാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
തേയിലയിലെ ഉയർന്ന ഫ്ലൂറൈഡ് ദന്തക്ഷയം ഉണ്ടാകാതെ പരിരക്ഷിക്കുന്നു.
മൂത്രത്തിലെ കല്ല്, മഞ്ഞപ്പിത്തം, രക്തസമ്മർദം എന്നിവയ്ക്കു പ്രതിവിധിയാണ് തേയിലയിലെ പാന്റോതെനിക് ആസിഡ്.
പച്ചത്തേയിലയിലെ വിറ്റമിൻ K, ആന്തരിക രക്തസ്രാവം ഒഴിവാക്കുന്നതിനു സഹായിക്കുന്നു.

ടീ ടേസ്റ്റർ
രുചി നോക്കി തേയിലയുടെ ഗുണമേന്മ നിർണയിക്കുന്ന പ്രഫഷനൽ വൈദഗ്ധ്യം വേണ്ട തൊഴിലാണിത്. ശാസ്ത്രത്തിന്റെ പിൻബലമുള്ള കലയെന്നാണ് വിശേഷണം. നിറവും മണവും സ്വാദും തേയിലച്ചെടി വളരുന്ന സാഹചര്യമനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും. അതു തിരിച്ചറി‍ഞ്ഞ് ഇനം തിരിക്കുന്നതാണ് പരിപാടി. പുകവലി, മദ്യപാനം, മസാലരുചി, മുറുക്കൽ എന്നിവയൊഴിവാക്കിയവർക്കേ ഈ മേഖലയിൽ പിടിച്ചുനിൽക്കാനാകൂ. വിവിധതരം ആൽക്കലോയ്ഡുകളുടെ സാന്നിധ്യം അടുത്തറിഞ്ഞാണു സ്വാദ് പറയുന്നത്. Tea Tasters–ന്റെ ബൈബിൾ എന്നു വിളിക്കപ്പെടുന്ന പുസ്തകമാണ് The Book of Tea. Kakuzo okakura എന്ന ജാപ്പനീസ് പണ്ഡിതനാണ് ഇതു രചിച്ചത്..