ഫുൾമൂൺ പ്രതിഭാസം കുട്ടികളെ ബാധിക്കുന്നത് ഇങ്ങനെ!

സൂപ്പർ മൂൺ, ഫുൾമൂൺ, ബ്ലൂമൂൺ എന്നിങ്ങനെ പലതരം മൂണുകളുണ്ടല്ലോ. ഒരു പ്രത്യേക കാലയളവിലാണ് ചന്ദ്രൻ ഇത്തരം വിശേഷണങ്ങളുള്ള മൂണായി മാറുന്നത്. ശാസ്ത്രം പറയുന്നത് പ്രകാരം സൂപ്പര്‍മൂൺ -ബ്ലൂമൂണ്‍-ബ്ലഡ് മൂണ്‍ എന്നിവ ഒരുമിച്ച് വരുന്ന പ്രതിഭാസം 152 വർഷങ്ങൾക്കിടയിൽ ഒരിക്കൽ മാത്രമാണുണ്ടാകുന്നത്. ഈ അപൂർവ പ്രതിഭാസം നടക്കാൻ പോകുന്നത് ഈ ജനുവരി 31നാണ്.

ഈ ഫുൾ മൂൺ അഥവാ പൂർണ ചന്ദ്രന് കുട്ടികളുമായി ചില ബന്ധങ്ങളുണ്ടെന്നാണ് ശാസ്ത്രഞ്ജൻമാർ പറയുന്നത്. പൊതുവെ ഫുൾമൂൺ ദിവസങ്ങളിൽ കുട്ടികളുടെ ഉറക്കം കുറയുന്നതായി വിവിധ രാജ്യങ്ങളിലെ കുട്ടികളിൽ നടത്തിയ പഠനങ്ങൾ നേരത്തെതന്നെ കണ്ടെത്തിയിരുന്നു.

ചന്ദ്രഗ്രഹണ സമയത്ത് കുട്ടികൾ കൂടുതൽ ഹൈപ്പർ ആക്റ്റീവ് ആകുന്നതായി കാലാകാലങ്ങളായി പറയപ്പെടുന്നു. കാന‍ഡയിലെ ഈസ്‌റ്റേൺ ഒൺടാറിയോ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു പഠനം നടത്തിയത്.

സൂര്യനും ചന്ദ്രനും ഇടയിലായി ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിച്ചാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നതെന്ന് അറിയാമല്ലോ. ഈ സമയത്തു സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 05.18ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം 08.43 PM ന് അവസാനിക്കും. പൗർണമി ദിനത്തിലാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. 3 മണിക്കൂര്‍ 26 മിനിറ്റാണ് കേരളത്തിലെ ഗ്രഹണ ദൈര്‍ഘ്യം.

ഫുൾ മൂൺ പലതരത്തിൽ മനുഷ്യനെയും അവന്റെ സ്വഭാവത്തെയും സ്വാധീനിക്കുന്നതായി പറയാറുണ്ട്. എന്നാൽ ശാസ്ത്രീയമായ കണ്ടെത്തൽ ഇതാദ്യമാണ്. ഒൻപതിനും പതിനൊന്നിനും ഇടയിലുള്ള 5,800 കുട്ടികളിലാണ് പഠനം നടത്തിയത്. ഓസ്ട്രേലിയ, ഇന്ത്യ, ബ്രസീൽ, കാനഡ, ചൈന, കൊളംബിയ, ഫിൻലന്‍ഡ്, കെനിയ, പോർച്ചുഗൽ, സൗത്ത് ആഫ്രിക്ക, യു കെ, യു എസ് എന്നീ 12 രാജ്യങ്ങളിലെ കുട്ടികളാണ് പഠനത്തിന് വിധേയരായത്.

എന്നാൽ എന്തുകൊണ്ടാണ് ഫുൾമൂൺ ദിവസങ്ങളിൽ ഇങ്ങനെ കുട്ടികളുടെ ഉറക്കസമയത്തിൽ വ്യത്യാസം വരുന്നതെന്ന് കണ്ടെത്താനായില്ല. കുട്ടികളുടെ മറ്റ് പ്രവർത്തനങ്ങളായ കളികൾക്കൊന്നും യാതൊരു കുഴപ്പങ്ങളും കണ്ടെത്തിയുമില്ല. ഫുൾമൂണിന്റെ അമിത പ്രകാശമാകാം കുട്ടികളുടെ ഉറക്കത്തെ തടസപ്പെടുത്തുന്നതെന്ന നിഗമനത്തിലാണിവർ അവസാനം ചെന്നെത്തിയത്. എന്നാൽ ആർട്ടിഫിഷ്യലായ ധാരാളം പ്രകാശങ്ങൾ ഉള്ള ഈ കാലത്ത് ഈ നിഗമനം വിശ്വസനീയവുമല്ല. ഫുൾമൂണും മനുഷ്യശരീവുമായുള്ള ആ നിഗൂഢ ബന്ധം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം

ബ്ലൂ ബ്ലഡ് സൂപ്പർ മൂൺ!