നീല നിറത്തിലുള്ള ‘നിധി’; കാത്തിരുന്നത് വൻദുരന്തം .!. Sophia. Telescope. Stratospheric Observatory for Infrared Astronomy Brazil. Accidental poisoning. Padhippura, Manorama Online

വിമാനത്തിലേറി കറക്കം, സൗരയൂഥ നിരീക്ഷണം; ഈ ടെലിസ്കോപ്പ് താരമാകുന്നു!

ഭൂമിയിലെ ടെലിസ്കോപ്പുകളെക്കുറിച്ചു കേട്ടിട്ടുണ്ട്. ബഹിരാകാശത്തുള്ള ടെലിസ്കോപ്പുകളെക്കുറിച്ചും കേട്ടിട്ടുണ്ട്. എന്നാൽ വിമാനത്തിലേറി കറങ്ങി നടക്കുന്ന ടെലിസ്കോപ്പിനെക്കുറിച്ച് അറിയാമോ..?

സോഫിയ (Stratospheric Observatory for Infrared Astronomy) എന്നു പേരുള്ള ഒരു ടെലിസ്കോപ് ആണു താരം. പറന്നു നടന്നാണ് നിരീക്ഷണം. വലിയ ഒരു Boeing 747SP വിമാനം. അതിനുള്ളിലാണ് ഈ ടെലിസ്കോപ് ഇരിക്കുന്നത്. 2.7മീറ്റർ വലിപ്പമുള്ള ഒരു കണ്ണാടിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇൻഫ്രാറെഡ് പ്രകാശത്തിൽ നിരീക്ഷണം നടത്താൻ കഴിയുന്ന തരത്തിലുള്ള ഒരു റിഫ്ലെക്ടിങ് ടെലിസ്കോപ്. 11 കിലോമീറ്റർ മുതൽ 13 കിലോമീറ്റർ വരെ ഉയരത്തിലൂടെ (അന്തരീക്ഷത്തിന്റെ സ്ട്രാറ്റോസ്ഫിയർ എന്ന പാളിയിലൂടെ) ആണ് ഈ വിമാന ടെലിസ്കോപ്പിന്റെ പറക്കൽ.

തടസ്സങ്ങൾ ഒഴിവാക്കാൻ
ഇൻഫ്രാറെഡ് മേഖലയിലുള്ള പഠനമാണ് ഇതു നടത്തുന്നത്. ഭൂമിയിലെ ടെലിസ്കോപ്പുകൾക്ക് ഇൻഫ്രാറെഡ് മേഖലയിൽ പഠനം നടത്തുക ബുദ്ധിമുട്ടാണ്. ഭൂമിയുടെ അന്തരീക്ഷവും ജലകണികകളും എല്ലാം ഇൻഫ്രാറെഡിനെ വലിയ തോതിൽ തടയും എന്നതിനാലാണത്. അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിൽ കൊണ്ടുപോയി ടെലിസ്കോപ് സ്ഥാപിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാം. അങ്ങനെയാണ് ബോയിങ് വിമാനത്തിനുള്ളിൽ ഇൻഫ്രാറെഡ് ടെലിസ്കോപ്പും പേറിയ സോഫിയ എന്ന ദൗത്യം ആരംഭിച്ചത്. ഇൻഫ്രാറെഡിനെ തടയുന്ന 99ശതമാനം തടസ്സങ്ങളും സ്ട്രാറ്റോസ്ഫിയിറിലൂടെ പറക്കുമ്പോൾ ഒഴിവായി കിട്ടും.

എങ്ങനെ ചിത്രമെടുക്കും
ക്യാമറയും സ്പെക്ട്രോമീറ്ററും പൊളാരിമീറ്ററും ചേർന്ന സംവിധാനമാണ് സോഫിയയിൽ ചിത്രങ്ങളെടുക്കാൻ സഹായിക്കുന്നത്. പ്രിസത്തിലൂടെ വെളിച്ചം കടത്തിവിട്ടാൽ വിവിധ നിറങ്ങളായി വേർപിരിയുന്നതു ശ്രദ്ധിച്ചിരിക്കുമല്ലോ. ഓരോ നിറവും ഓരോ ആവൃത്തിയിലുള്ള തരംഗങ്ങളാണ്. ഇത്തരത്തിൽ പ്രകാശത്തെ അതിന്റെ വിവിധ തരംഗങ്ങളായി വേർതിരിക്കാനും അളക്കാനും കഴിയുന്ന സംവിധാനമാണ് സ്പെക്ട്രോമീറ്റർ. ഇൻഫ്രാറെഡ് മേഖലയിലെ പ്രകാശത്തെയും ഇതേപോലെ വിവിധ നിറങ്ങളായി വേർതിരിക്കുക എന്നതാണ് സോഫിയയിലെ സ്പെക്ട്രോമീറ്റർ ചെയ്യുന്നത്. നക്ഷത്രങ്ങളിലെയും മറ്റും വിവിധ മൂലകങ്ങളെ തിരിച്ചറിയാൻ ഇതു സഹായിക്കും.

ഇൻഫ്രാറെഡ് മേഖലയിലെ നിറങ്ങളൊന്നും നമുക്കു കാണാൻ കഴിയില്ല. പക്ഷേ നമ്മുടെ ഡിജിറ്റൽ ക്യാമറയ്ക്ക് കാണാനാകും. (ടിവി റിമോട്ട് എടുത്ത് മൊബൈൽഫോൺ ക്യാമറയുടെ മുന്നിൽ ഓൺ ആക്കി നോക്കൂ. ഇൻഫ്രാറെഡ് എൽഇഡിയിൽനിന്നു വരുന്ന ഇൻഫ്രാറെഡ് പ്രകാശത്തെ കാണാം) സ്പെക്ട്രോമീറ്റർ വേർതിരിക്കുന്ന പ്രകാശത്തിലുള്ള ദൃശ്യത്തെ പകർത്തുക എന്നതാണ് സോഫിയയിലെ ക്യാമറയുടെ ദൗത്യം. ഇൻഫ്രാറെഡ് പ്രകാശത്തിലെ വിവിധ തരംഗദൈർഘ്യത്തിലുള്ള ചിത്രങ്ങൾ എടുത്ത് അവയെ യോജിപ്പിച്ചാണ് സോഫിയയിലെ ചിത്രങ്ങൾ തയാറാക്കുന്നത്.

അര നൂറ്റാണ്ട് പഴക്കമുണ്ടു വിമാനത്തിലേറിയ പറക്കും ടെലിസ്കോപ്പുകൾക്ക്. 1965ലാണ് ഇത്തരമൊരു ദൗത്യം ആദ്യം നടത്തിയത്. അന്ന് ഒരു Convair-990 വിമാനം പരിഷ്കരിച്ച് സൂര്യഗ്രഹണം നിരീക്ഷിക്കാൻ ഉപയോഗിച്ചു. ഗലീലിയോ 1 എന്നു പേരിട്ട ആ ദൗത്യത്തിന്റെ വിജയം ഇത്തരം നിരീക്ഷണാലയങ്ങൾ തുടരാൻ കാരണമായി. 1968ൽ ലിയർജെറ്റ് ഒബ്സർവേറ്ററിയും 1975ൽ കുയിപ്പർ എയർബോൺ ഒബ്സർവേറ്ററിയും നിലവിൽ വന്നു. വിമാനങ്ങളിൽ വലിയ മാറ്റങ്ങൾ നടത്തിവേണം ടെലിസ്കോപ് ഘടിപ്പിക്കാൻ. 10 കിലോമീറ്ററിനു മുകളിൽ പറക്കുന്നതിനാൽ അകത്തും പുറത്തും ഉള്ള വായുമർദ്ദം തമ്മിൽ വലിയ വ്യത്യാസമുണ്ട്. ടെലിസ്കോപ് ഇരിക്കുന്ന അറയുടെ വാതിൽ തുറക്കുമ്പോൾ ഈ മർദ്ദവ്യതിയാനം പ്രശ്നമാകാതിരിക്കാനുള്ള വിദ്യകൾ അടക്കം ഇത്തരം വിമാനങ്ങളിലുണ്ട്.

ഒട്ടേറെ കണ്ടെത്തലുകൾ
ജർമൻ എയ്റോ സ്പേസ് സെന്ററും നാസയും ചേർന്നാണ് സോഫിയയെ യാഥാർഥ്യമാക്കിയത്. ലോകത്തെ ഏതു ഭാഗത്തുനിന്നും നിരീക്ഷണം നടത്താം എന്നതാണ് സോഫിയയുടെ ഗുണം. ഭൂമിയിൽ ടെലിസ്കോപ്പുകൾ സ്ഥാപിക്കാൻ സാധ്യമല്ലാത്ത സമുദ്രങ്ങൾക്കു മുകളിലൂടെയും വലിയ പർവതനിരകൾക്കു മുകളിലൂടെയും സോഫിയയ്ക്കു നിരീക്ഷണം നടത്താം. പ്ലൂട്ടോ അടക്കമുള്ള സൗരയൂഥഗോളങ്ങളെയും മറ്റും നിരീക്ഷിക്കാനും സോഫിയയെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ചൊവ്വയിൽ മൂലകരൂപത്തിൽ ഓക്സിജനെ കണ്ടെത്തുന്നത് ഉൾപ്പടെയുള്ള കണ്ടെത്തലുകൾക്കും സോഫിയ വഴിതെളിച്ചു.