പത്താംക്ലാസ് ഐടി പരീക്ഷയ്ക്ക് ഒരുങ്ങാം

എങ്ങനെ പഠിച്ചാൽ മികച്ച സ്കോർ നേടാമെന്നു നോക്കാം. മാതൃകാ ചോദ്യങ്ങളുടെ വിശകലനവും പ്രാക്ടിക്കൽ പരീക്ഷാ പരിശീലനവും വായിക്കാം. ഈ വർഷത്തെ കേരള സിലബസ് എസ്എസ്എൽസി പരീക്ഷകൾ തുടങ്ങുന്നതെന്നാണ്? ഈ ചോദ്യത്തിനു ഭൂരിഭാഗം കൂട്ടുകാരുടെയും ഉത്തരം, 2018 മാർച്ച് ഏഴിന് എന്നായിരിക്കും. എന്നാൽ, അതിനു മുമ്പ് ഫെബ്രുവരി മാസത്തിൽ നടക്കുന്ന (പ്രത്യേകം തയാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള) ഐടി പരീക്ഷകളോടെയാണ് എസ്എസ്എൽസിയുടെ തുടക്കം. ഈ മാസം അവസാനത്തോടെ (ജനുവരി 29നു തുടങ്ങി ഫെബ്രുവരി 10ന് അകം തീരുന്ന തരത്തിൽ) ‘മോഡൽ എസ്എസ്എൽസി ഐടി’ പരീക്ഷകളും നടക്കും.

മോഡൽ പരീക്ഷയ്ക്കു മുമ്പുതന്നെ, ഇക്കഴിഞ്ഞ മാസം അതേ മാതൃകയിൽ മിഡ്-ടേം പരീക്ഷ നടന്നത് ഓർക്കുമല്ലോ? മോഡൽ പരീക്ഷകൂടി കഴിയുന്നതോടെ യഥാർഥ പരീക്ഷയെ വളരെ ആത്മവിശ്വാസത്തോടെ നേരിടാനും ഉയർന്ന ഗ്രേഡുകൾ നേടാനും കൂട്ടുകാർക്ക് ആവും.

‘പഠിപ്പുര’യിലൂടെ അതിനു സഹായകരമായ കാര്യങ്ങളാണു പങ്കുവയ്ക്കാനുദ്ദേശിക്കുന്നത്. ആദ്യഭാഗത്തിൽ പൊതുവായ നിർദേശങ്ങൾക്കു പുറമേ തിയറി വിഭാഗത്തിൽ ഓരോ യൂണിറ്റിൽനിന്നും പ്രധാനമായി ഓർത്തിരിക്കേണ്ട വസ്തുതകളുടെ സൂചനകളും ഒരു സെറ്റ് മാതൃകാ ചോദ്യങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

(തുടർന്നു വരുന്ന പഠിപ്പുര ലക്കത്തിൽ, പ്രാക്ടിക്കൽ ചോദ്യങ്ങളുടെ മാതൃകകളും ശ്രദ്ധിക്കേണ്ട വസ്തുതകളും ഉൾപ്പെടുത്തുന്നുണ്ട്.)

തുടർമൂല്യനിർണയവും പ്രാക്ടിക്കൽ വർക്ക്‌ ബുക്കും
വർഷം മുഴുവൻ നീണ്ടുനിന്ന നിങ്ങളുടെ ഐസിടി പ്രവർത്തന മികവുകൾ കണക്കിലെടുത്തു അധ്യാപിക നൽകുന്ന തുടർമൂല്യനിർണയ സ്കോറിനെപ്പറ്റി (CE) വ്യാകുലപ്പെടേണ്ടതില്ല. അതു സോഫ്റ്റ്‌വെയറിലേക്ക് ഇൻവിജിലേറ്റർ ചേർത്തുകൊള്ളും. പരീക്ഷാസമയത്ത്, ഓരോ പ്രാക്ടിക്കൽ ക്ലാസിലേക്കും വേണ്ടി നിങ്ങൾ തയാർ ചെയ്ത്, സ്വയം, സുഹൃത്ത്, അധ്യാപിക എന്നിവർ അഭിപ്രായം രേഖപ്പെടുത്തിയ പ്രാക്ടിക്കൽ വർക്ക്‌ ബുക്ക് കയ്യിൽ കരുതേണ്ടതുണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

തിയറിയുടെ പ്രാധാന്യം
10 മാർക്കിനുള്ള ചോദ്യങ്ങളാണു തിയറി വിഭാഗത്തിൽ വരുന്നതെന്ന് അറിയാമല്ലോ? ഇവയുടെ മൂല്യനിർണയം പൂർണമായും സോഫ്റ്റ്‌വെയർ തന്നെയാണു നടത്തുന്നതെന്ന് ഓർമ വേണം. ഐടിക്ക് A+ ഗ്രേഡ് ലഭിക്കാൻ വേണ്ടതു 45 മാർക്കാണ്. അതായത് പ്രാക്ടിക്കൽ, സിഇ, വർക്ക് ബുക്ക് എന്നിവയ്ക്കു മുഴുവൻ മാർക്കും നേടിയാലും തിയറി പരീക്ഷയ്ക്കു പകുതി മാർക്കെങ്കിലും കിട്ടിയാലേ A+ കിട്ടുകയുള്ളൂവെന്നു സാരം.

ഐസിടി പാഠപുസ്തകത്തിലൂടെ താൽപര്യത്തോടെ പലവട്ടം കടന്നുപോയിട്ടുള്ള കൂട്ടുകാർക്കു വളരെ ലളിതമായി ഉത്തരമെഴുതാവുന്ന ചോദ്യങ്ങളേ ചോദിക്കാറുള്ളൂ. പാഠപുസ്തകത്തിലെ എല്ലാ യൂണിറ്റിൽനിന്നുമുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കണം. പാഠഭാഗങ്ങളെക്കുറിച്ചു നിങ്ങൾക്കുള്ള മതിയായ ധാരണകളാണു പരീക്ഷിക്കപ്പെടുന്നത്. ഓരോ പാഠഭാഗവും വായിച്ചുപോകുമ്പോൾ പ്രധാനമെന്നു തോന്നുന്നവ കുറിച്ചുവച്ച്, അവസാനവട്ട തയാറെടുപ്പിന് ഉപയോഗപ്പെടുത്താം.

തിയറി പരീക്ഷ - പ്രധാന സൂചകങ്ങൾ


1. ഡിസൈനിങ്ങിന്റെ ലോകത്തിലേക്ക് എസ്‌വിജി, ബിറ്റ്‌മാപ് (SVG, Bitmap) ചിത്ര വ്യത്യാസങ്ങൾ വെക്ടർ (Vector) ചിത്രങ്ങൾക്കു റാസ്റ്റർ (Raster) ചിത്രങ്ങളെക്കാളുള്ള മേന്മകൾ ഇമേജ് എഡിറ്റിങ് (Image editing) സോഫ്റ്റ്‌വെയറുകളിൽ വെക്ടർ / റാസ്റ്റർ കൈകാര്യം ചെയ്യുന്നവ. അതിൽത്തന്നെ, സ്വതന്ത്രമായവ. ഇങ്ക്‌സ്കേപ് ജാലകം, വിവിധ ടൂളുകൾ, മെനു ബാർ, വിവിധ സബ്‌ മെനുകൾ (Window, Toolbar, Menu bar, Sub menus) വിവിധ ചിത്ര ഫയൽ ഫോർമാറ്റുകൾ (Image file formats), ഇംപോർട്ടിങ് (Import bitmap Images), എക്‌സ്‌പോർട്ടിങ് (Export to raster images)

2. പ്രസിദ്ധീകരണത്തിലേക്ക് ലിബർഓഫിസ് റൈറ്റർ (LibreOffice Writer) ജാലകത്തിലെ ക്ലോൺ ഫോർമാറ്റിങ് (Clone formatting) സ്റ്റൈലുകൾ (Styles) – Paragraph/Charecter/Frame/Page/List ഉള്ളടക്കപ്പട്ടിക (Index Table) മെയിൽ മെർജ് (Mail merge)

3. വെബ്‌ ഡിസൈനിങ് മിഴിവോടെ എച്ച്ടിഎംഎൽ ടാഗുകളും ആട്രിബ്യൂട്ടുകളും (HTML Tags and Atributes) കാസ്‌കേഡിങ് സ്റ്റൈൽ ഷീറ്റ് (CSS) Element selector / Class Selector CSS ഉൾപ്പെടുത്താനുള്ള Inline/ Internal/External രീതികൾ WYSIWYG എഡിറ്ററുകൾ വെബ് കണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റം (Web Content Management System)

4. പൈത്തൺ ഗ്രാഫിക്‌സ് ഐഡിഇ (IDE – Integrated Development Environment) Turtle നിർദേശങ്ങൾ, ആവർത്തന നിർദേശങ്ങൾ (Loop statements)

5. നെറ്റ്‌വർക്കിങ് UTP/RJ45/RJ11 കേബിളുകൾ - കണക്ടറുകൾ ഹബ്, സ്വിച്ച്, മോഡം (Hub, Switch, Modem) ലാൻ, വാൻ (LAN, WAN) വയർലെസ് നെറ്റ്‌വർക്ക് വൈഫൈ, ബ്ലൂടൂത്ത് (WiFi, bluetooth) ഐപി അഡ്രസ് (IP Address) ഗ്രിഡ് കംപ്യൂട്ടിങ്, ക്ലൗഡ് കംപ്യൂട്ടിങ് (Grid computing, Cloud computing)

6. ഭൂപടവായന സൺക്ലോക്ക് സോഫ്റ്റ്‌വെയർ. (Sunclock) മെനു ബാർ - മെനു ബാറിലെ ഓരോ മെനു വിവരങ്ങളും സമയ മേഖലകളും രേഖാംശങ്ങളും സോളർ ടൈം, ലീഗൽ ടൈം (Solar time, Legal time) ഡിജിറ്റൽ ഭൂപടങ്ങൾ (Digital maps) ഭൂവിവരവ്യവസ്ഥ (GIS), അതിനുള്ള സോഫ്റ്റ്‌വെയറുകൾ ക്യു ജിസ് ജാലകം (Quantom GIS) ലെയറുകൾ (Layer types) ബഫറിങ് (Buffering)

7. ഇന്റർനെറ്റ് പ്രവർത്തിക്കുന്നത് സെർവർ കംപ്യൂട്ടറുകൾ (server) HTTP/HTTPS URL ഇ–മെയിൽ, ഇ-ബാങ്കിങ്, ഇ–ഗവേണൻസ് സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം

8. വിവരസഞ്ചയം - ഒരാമുഖം ഡേറ്റാബേസ് മാനേജ്‌മെന്റ് സിസ്റ്റം (DBMS) ലിബർഓഫിസ് ബേസ് ജാലകം (LibreOffice Base) Field, Record, Table, Database പ്രൈമറി കീ (Primary Key) ക്വറി (Querry), ക്വറി ഭാഷകൾ ലൈബ്രറി മാനേജ്‌മെന്റ് സിസ്റ്റം (LMS)

9. ചലിക്കും ചിത്രങ്ങൾ അനിമേഷൻ, അനിമേഷൻ സോഫ്റ്റ്‌വെയറുകൾ സ്റ്റോറി ബോർഡ് സിൻഫിഗ് സ്റ്റുഡിയോ സോഫ്റ്റ്‌വെയർ (Synfig Studio) സിൻഫിഗ് ടൂളുകളും ഉപയോഗവും എഫ്പിഎസ് (FPS – Frames Per Second) ട്വീനിങ്, ഇന്റർപൊളേഷൻ (Tweening, Interpolation)

10. കംപ്യൂട്ടറിന്റെ പ്രവർത്തക സംവിധാനം ചരിത്രം - അനലിറ്റിക്കൽ എൻജിൻ, ഏനിയാക് (Analytical Engine, ENIAC) പ്രവർത്തക സംവിധാനം (Operating System) ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ (Application software) ഫയൽ സിസ്റ്റം - ഗ്‌നൂ/ലിനക്സ് ഫയൽ സിസ്റ്റം കേർണൽ പ്രോഗ്രാം (Kernel) സോഫ്റ്റ്‌വെയറുകൾ - കുത്തകാവകാശമുള്ളത് / സ്വതന്ത്രം മൊബൈൽ‍ ഓപ്പറേറ്റിങ് സിസ്റ്റംസ് ചോദ്യങ്ങൾ മറ്റു യൂണിറ്റുകളിൽനിന്നും പ്രതീക്ഷിക്കാം.

താഴെ തന്നിരിക്കുന്നവയിൽ വെക്ടർ ഇമേജ് ഫയൽ ഏതാണ്?

1. Box.png 2. Box.jpg 3. Box.svg 4. Box.gif (ഉത്തരം: 3)

മാതൃക 2 (1 മാർക്ക്): താഴെ തന്നിരിക്കുന്നവയിൽ ഇങ്ക്‌സ്കേപ്പിനെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
1. റാസ്റ്റർ ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയർ
2. വെക്ടർ ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയർ
3. ബിറ്റ്‌മാപ് ചിത്രങ്ങളെ ഇങ്ക്‌സ്കേപ്പിലേക്ക് ഇംപോർട്ട് ചെയ്യാം.
4. ബിറ്റ്‌മാപ് ചിത്രങ്ങളെ ഇങ്ക്‌സ്കേപ്പിലേക്ക് ഇംപോർട്ട് ചെയ്യാൻ സാധ്യമല്ല. (ഉത്തരം: 2, 3)

പരീക്ഷയെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും padhippura@manorama.co.inലേക്ക് മെയിൽ ചെയ്യാം.സബ്ജക്ടിൽ SSLC-ITഎന്നു വയ്ക്കണം. വിദഗ്ധ അധ്യാപകർപഠിപ്പുരയിലൂടെമറുപടി നൽകും.