ഗ്രീനിച്ച് സമയം എന്നാലെന്ത്? | Padippura | Manorama Online

ഗ്രീനിച്ച് സമയം എന്നാലെന്ത്?

എസ്.സുധീഷ് ഷേണായി

വിദ്യാർഥികളുടെ പഠനഭാരം ലഘൂകരിക്കുന്നതിനായി ഈ വർഷത്തെ എസ്എസ്എൽസി പൊതു പരീക്ഷയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുള്ള വിവരം അറിയാമല്ലോ. സാമൂഹ്യശാസ്ത്രം II ൽ (Geography and Economics) വരുത്തിയിട്ടുള്ള മാറ്റങ്ങൾ ചുവടെ നൽകിയിരിക്കുന്നു. പട്ടികയിലൂടെ വ്യക്തമായി മനസ്സിലാക്കൂ.

ഓരോ യൂണിറ്റിന്റെയും അവസാന ഭാഗത്തു നൽകിയിട്ടുള്ള പഠനനേട്ടങ്ങളെ (Learning outcomes) അടിസ്ഥാനമായിരിക്കും ചോദ്യങ്ങൾ. ചോദ്യകർത്താവു പ്രതീക്ഷിക്കുന്ന മൂല്യനിർണയ ഉപാധികളാണ് നിങ്ങളുടെ സ്കോറിനെ നിർണയിക്കുന്നത്. ഭൂമിശാസ്ത്രത്തിലെ 1, 2 യൂണിറ്റുകളിലെ ചില ചോദ്യമാതൃകകളും അവയുടെ value point സും നൽകുന്നു. യൂണിറ്റുകളെ പുനരവലോകനം ചെയ്ത് പരീക്ഷയെ സധൈര്യം നേരിടുവാൻ ഇവ നിങ്ങളെ സഹായിക്കും.

ചോദ്യപേപ്പർ ഘടനയിൽ മാറ്റമില്ലാത്ത സ്ഥിതിക്ക് പാർട്ട് A യിൽ നിന്നും 1, 3, 4 സ്കോറിന്റെ ചോദ്യങ്ങളും, പാർട്ട് B യിൽ നിന്നും 3, 4, 5, 6 സ്കോറിന്റെ ചോദ്യങ്ങളുമായിരിക്കും ഉണ്ടാവുക.

പാർട്ട് B യിലെ ചില യൂണിറ്റുകൾ പഠനത്തിൽനിന്നും പൂർണമായും ഒഴിവാക്കുന്നത് അധ്യാപകരുമായി ആലോചിച്ചതിനുശേഷം മാത്രം

ഋതുഭേദങ്ങളും സമയവും

? ഭൂമിയുടെ അച്ചുതണ്ടിന്റെ സമാന്തരത (Parallelism of the earth's axis) എന്തെന്നു വ്യക്തമാക്കുക. ഇതിന്റെ പ്രാധാന്യമെന്ത്? (3 score)

ഉത്തരസൂചിക

∙ ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണതലത്തിൽനിന്നും (Orbital plane) അറുപത്തിയാറര ഡിഗ്രിയും ലംബതലത്തിൽ നിന്നും (Vertical Plane) ഇരുപത്തിമൂന്നര ഡിഗ്രിയും ചരിവുണ്ട്. പരിക്രമണവേളയിലുടനീളം നിലനിർത്തുന്ന ഈ ചരിവാണ് അച്ചുതണ്ടിന്റെ സമാന്തരത. (2 score)

∙ ഋതുഭേദങ്ങൾക്കു കാരണമാകുന്ന ഒരു പ്രധാന ഘടകമാണിതെന്നതാണ് ഇതിന്റെ പ്രാധാന്യം (1 score)

?ഹേമന്തകാലം (Autumn Season) എന്നാലെന്ത്? ഇതിന്റെ മൂന്നു പ്രത്യേകതകൾ എഴുതുക.

ഉത്തരത്തിലേക്ക്

ഹേമന്തകാലം എന്തെന്നെഴുതുമ്പോൾ ഒരു സ്കോറും അതിന്റെ മൂന്നു പ്രത്യേകതകൾക്ക് മൂന്നു സ്കോറുമാണ് ലഭിക്കുക. അതായത്

∙ വേനൽക്കാലത്തിന്റെ തീഷ്ണതയിൽനിന്നു ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലം (1 സ്കോർ)

∙ അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറയുന്നു

∙ പകലിന്റെ ദൈർഘ്യം കുറഞ്ഞ് രാത്രിയുടേത് കൂടുന്നു

∙ മരങ്ങൾ പൊതുവെ ഇല പൊഴിക്കുന്നു (3 സ്കോർ)

? (a) ഗ്രീനിച്ച് സമയം എന്നാലെന്ത്? (Green wich mean time)

(b) ഗ്രീനിച്ച് സമയം രാവിലെ 10 മണിയായിരിക്കുമ്പോൾ ന്യൂയോർക്കിലെ (74 ഡിഗ്രി പടിഞ്ഞാറ്) സമയമെന്തായിരിക്കും? (5 സ്കോർ)

ഉത്തരത്തിലേക്ക്

ഗ്രീനിച്ച് സമയം എന്തെന്നെഴുതുമ്പോൾ ഒരു സ്കോറും ന്യൂയോർക്കിലെ സമയം കണ്ടുപിടിച്ചെഴുതുമ്പോൾ 4 സ്കോറുമാണു ലഭിക്കുന്നത്. അതിനാൽ (b) പാർട്ടിന്റെ വിവിധ ഘട്ടങ്ങൾ (steps) എഴുതേണ്ടതുണ്ട്. ചിത്രത്തിന്റെ സഹായത്തോടെ ഉത്തരം കണ്ടുപിടിക്കുന്നത് നന്നായിരിക്കും. 74 ഡിഗ്രി പടിഞ്ഞാറ് 0 ഡിഗ്രി

സമയനിർണയത്തിന്റെ അടിസ്ഥാന രേഖയായ ഗ്രീനിച്ച് രേഖ, ന്യൂയോർക്ക് ഇവ തമ്മിൽ 74 ഡിഗ്രി വ്യത്യാസമുണ്ട്.

1 ഡിഗ്രി രേഖാംശത്തിന്റെ സമയ വ്യത്യാസം = 4 മിനിട്ട്

74 ഡിഗ്രിയുടെ സമയവ്യത്യാസം = 4 x 74 = 296 മിനിട്ട്

ഇതിനെ മണിക്കൂറിലാക്കുമ്പോൾ

4 മണിക്കൂർ 56 മിനിട്ട്

ഗ്രീനിച്ചിന്റെ പടിഞ്ഞാറു ഭാഗത്തേക്ക് പോകുമ്പോൾ സമയം കുറയുന്നു

അതായത് ന്യൂയോർക്കിലെ സമയം = ഗ്രീനിച്ച് സമയം – സമയ വ്യത്യാസം = 10 - 4.56 = 5.04 A.M (സംശയമുണ്ടെങ്കിൽ ഇവ തമ്മിൽ കൂട്ടി നോക്കി ഉത്തരം ഉറപ്പിക്കാവുന്നതാണ് 5.04 + 4.56 = 9.60 = 10)

ഈ യൂണിറ്റുമായി ബന്ധപ്പെട്ട പേജ് 9 ലെ ചിത്രത്തെ ആധാരമാക്കിയുള്ള അയനാന്ത ദിനങ്ങൾ (Solstices), അയനം (apparent movement of the sun), വിവിധ ഋതുക്കൾ (seasons) തുടങ്ങിയവയും ഭൂമിയുടെ ഭ്രമണവും അവയുടെ ഫലങ്ങളും, (Rotation of the earth and results), സ്റ്റാൻഡേർഡ് സമയം, അന്താരാഷ്ട്ര ദിനാങ്കരേഖ (International date line) എന്നിവയും പഠനവിധേയമാക്കുക.

കാറ്റിന്റെ ഉറവിടം തേടി

കാറ്റുകൾ എന്നാലെന്ത്? ഇവയുടെ വേഗത്തെയും ദിശയെയും സ്വാധീനിക്കുന്ന ഒരു ഘടകം നൽകിയിരിക്കുന്നു? മറ്റു രണ്ടെണ്ണം എഴുതുക (Score 3)

∙ മർദചരിവുമാന ബലം Pressure gradient force)

ഉത്തരത്തിലേക്ക്

∙ ഉച്ചമർദമേഖലയിൽ നിന്നും ന്യൂനമർദ മേഖലയിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് കാറ്റുകൾ (1 സ്കോർ)

∙ കൊറിയോലിസ് പ്രഭാവം

∙ ഘർഷണം (Friction) (2 സ്കോർ)

? (a) സമ്മർദരേഖകൾ (Isobars) എന്നാലെന്ത്?

(b) സമുദ്ര നിരപ്പിൽനിന്നും ഒരേ ഉയരമുള്ള സ്ഥലങ്ങളാണ് A, B എന്നിവ. ഇതിൽ ഏതു സ്ഥലത്താണ് അന്തരീക്ഷ മർദം കുറവായിരിക്കുക? എന്തുകൊണ്ട്? (Score 3)

ഉത്തരസൂചിക

(a) ഭൂപടത്തിൽ ഒരേ അന്തരീക്ഷ മർദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടു വരയ്ക്കുന്ന സാങ്കൽപിക രേഖകളാണ് സമ്മർദ രേഖകൾ (Score 1)

(b) A എന്ന സ്ഥലത്താണ് അന്തരീക്ഷമർദം കുറവായിരിക്കുക. സമുദ്ര തീരത്തോടടുത്ത പ്രദേശങ്ങളിൽ ആർദ്രത (humidity) കൂടുതലായിരിക്കും എന്നതാണ് ഇതിനു കാരണം. ആർദ്രതയും അന്തരീക്ഷ മർദവും വിപരീത അനുപാതത്തിലാണ്. (Score 2)

? (a) മൺസൂണിന്റെ രൂപം കൊള്ളലിനു പിന്നിലുള്ള ഘടകങ്ങളേവ?

(b) ഈ ഘടകങ്ങൾ മൺസൂൺ കാറ്റുകളുടെ രൂപീകരണത്തിന് എങ്ങനെ കാരണമാകുന്നുവെന്ന് വിശദമാക്കുക (Score 5)

ഉത്തരസൂചിക

(a) ∙ സൂര്യന്റെ അയനം

∙ കൊറിയോലിസ് പ്രഭാവം

∙ താപനത്തിന്റെ വ്യത്യാസങ്ങൾ (Differences in heating)

(b) ∙ സൂര്യന്റെ അയനം മൂലം ആഗോള മർദ മേഖലകൾക്ക് സ്ഥാന വ്യത്യാസമുണ്ടാകുന്നു

∙ തെക്കു കിഴക്കൻ വാണിജ്യവാതങ്ങൾ ഭൂമധ്യരേഖ മുറിച്ചു കടക്കുന്നു

∙ കൊറിയോലീസ് പ്രഭാവത്താൽ ഇവയ്ക്ക് ദിശാവ്യത്യാസമുണ്ടാകുന്നു

∙ ഇവ തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളായി രൂപപ്പെടുന്നു

ഇപ്രകാരം എല്ലാ പോയന്റുകളും ഉൾപ്പെടുത്തുമ്പോഴാണ് മുഴുവൻ സ്കോറും ലഭിക്കുന്നത്.

പഠനവിധേയമാക്കേണ്ടതായ ഈ യൂണിറ്റിലെ മറ്റ് ആശയങ്ങൾ

∙ അന്തരീക്ഷമർദം അളക്കലും ഏകകവും, വ്യതിയാന കാരണങ്ങളും

∙ ആഗോളമർദ മേഖലകൾ

∙ മർദമേഖലകളും കാറ്റുകളും തമ്മിലുള്ള ബന്ധം, വിവിധയിനം കാറ്റുകൾ (സ്ഥിരവാതങ്ങൾ, കാലിക വാതങ്ങൾ, പ്രാദേശിക വാതങ്ങൾ)