100 കിലോമീറ്റർ വേഗം, മിനിറ്റിൽ 1200 തവണ ഹൃദയമിടിക്കും; പിന്നോട്ടു പറക്കും പക്ഷി!, Special features, Hummingbird, Padhippura, Manorama Online

100 കിലോമീറ്റർ വേഗം, മിനിറ്റിൽ 1200 തവണ ഹൃദയമിടിക്കും; പിന്നോട്ടു പറക്കും പക്ഷി!

തയാറാക്കിയത്: പ്രിൻസ് രാജ്

ഏറെ ഉയരത്തിലും ശരവേഗത്തിലുമൊക്കെ പറക്കുന്ന ഒട്ടേറെ പക്ഷികളെ കൂട്ടുകാർ കണ്ടിട്ടുണ്ടാവുമല്ലോ. എന്നാൽ, പിന്നോട്ടു പറക്കുന്ന പക്ഷിയെ കണ്ടിട്ടുണ്ടോ? ഒരിനം പക്ഷിക്കു മാത്രമേ അതു സാധിക്കൂ– ഇത്തിരിപ്പോന്ന ഹമ്മിങ് ബേഡിന് (Humming bird).

∙പേരിനു കാരണം ചിറകുവീശുമ്പോൾ ഉണ്ടാവുന്ന മൂളൽ ശബ്ദം

∙പൂന്തേനും പൂമ്പൊടിയും ചെറുപ്രാണികളും പ്രധാന ആഹാരം.

∙നീണ്ടുകൂർത്ത ചുണ്ട് ആയുധം. 10 സെന്റിമീറ്റർ വരെ നീളമുള്ള ചുണ്ടിന് ചാരനിറമോ തവിട്ടുനിറമോ ആയിരിക്കും.

∙സാധാരണ കാണപ്പെടുന്നത് തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലും കരീബിയൻ പ്രദേശത്തും.

∙സാധാരണ മണിക്കൂറിൽ 50 കിലോമീറ്റർ‍ വേഗത്തിലാണ് പറക്കുക. 100 കിലോമീറ്റർ വരെ വേഗത്തിൽ പറക്കാൻ കഴിവുണ്ട്.

∙പറക്കുമ്പോൾ മിനിറ്റിൽ 1200 തവണ ഹൃദയമിടിക്കും.

∙വൃത്താകൃതിയിൽപോലും ചലിപ്പിക്കാവുന്ന വിധത്തിൽ ചിറകുകൾ ക്രമീകരിച്ചിരിക്കുന്നതിനാലാണ് പിന്നോട്ടു പറക്കാൻസാധിക്കുന്നത്.

∙കുറിയതും ബലം കുറഞ്ഞതുമായ കാലുകളിൽ 4 വിരലുകൾ വീതമുണ്ട്. 3 എണ്ണം മുന്നിലേക്കും ഒരെണ്ണം പിന്നിലേക്കും. വിരലുകൾക്ക് അറ്റത്തെ വളഞ്ഞുകൂർത്ത നഖങ്ങൾ മരച്ചില്ലയിൽ ക്ലിപ്പിട്ടപോലെ ഇരിക്കാൻ സഹായിക്കുന്നു.

∙ആകെയുള്ള 343 സ്പീഷിസ് ഹമ്മിങ് ബേർഡുകളിൽ മുന്നൂറോളം വാസമുറപ്പിച്ചിരിക്കുന്നത് തെക്കേ അമേരിക്കയിൽ. അതിൽത്തന്നെ 160 സ്പീഷിസുകളുടെ വാസയിടം കൊളംബിയ.

∙ഇവർക്കിടയിലെ ഏറ്റവും വലുപ്പം കുറഞ്ഞവരായ ‘ബീ ഹമ്മിങ് ബേഡ്’ (Bee Humming Bird) ആണ് ഭൂമുഖത്തെ ഏറ്റവും ചെറിയ പക്ഷി. പരമാവധി 2 ഗ്രാം ഭാരവും 5 സെന്റിമീറ്റർ നീളവുമാണ് അവയ്ക്കുണ്ടാവുക.

∙പൂർണവളർച്ചയെത്തുമ്പോൾ 5 സെന്റിമീറ്റർ മുതൽ 13 സെന്റിമീറ്റർ വരെ ശരീരനീളം വയ്ക്കുന്നവർ ഇവർക്കിടയിലുണ്ട്.

∙23 സെന്റിമീറ്റർ നീളവും 20 ഗ്രാം ഭാരവും കൈവരിക്കുന്ന ജയന്റ് ഹമ്മിങ് ബേഡ് ആണ് ശരീരവലുപ്പത്തിൽ ഇവർക്കിടയിൽ ഒന്നാമത്.

∙500 കിലോമീറ്റർ പറന്ന് ദേശാന്തരഗമനം നടത്തുന്നവരാണ് റൂഫസ് ഹമ്മിങ് ബേഡ്. മെക്സിക്കോയിൽനിന്നു പുറപ്പെടുന്ന അവരുടെ ലക്ഷ്യം അലാസ്ക.

∙ശൈത്യം വരവറിയിക്കുമ്പോൾതന്നെ അനുകൂല വാസയിടം തേടി പലായനം ചെയ്യും. ഉദാഹരണത്തിന് ‘റൂബി ത്രോട്ടഡ് ഹമ്മിങ് ബേഡ്’ (Ruby Throated Humming Bird) വടക്കേ അമേരിക്കയുടെ കിഴക്കുഭാഗത്തുനിന്നു മധ്യ അമേരിക്കയിലേക്കു പറക്കും. പറക്കാനുള്ള കഴിവ് അപാരം. മെക്സിക്കോ ഉൾക്കടലിന്റെ വീതി ഏറ്റവും കുറഞ്ഞ ഭാഗം (800 കിലോമീറ്റർ) 20–24 മണിക്കൂറുകൾകൊണ്ട് മുറിച്ചുകടന്നാണ് യാത്ര. അതും നോൺസ്റ്റോപ്പായി.

∙ഒരു സീസണിൽ രണ്ടോ മൂന്നോ മുട്ടയിടും. കൂടുനിർമാണവും അടയിരിക്കലും കുഞ്ഞുങ്ങളെ പോറ്റിവളർത്തലും പരിശീലിപ്പിക്കലുമെല്ലാം പെൺ ഹമ്മിങ് ബേഡിന്റെ മാത്രം ഉത്തരവാദിത്തം.

∙ഭൂനിരപ്പിൽ നിന്ന് സാമാന്യം ഉയരത്തിൽ മരച്ചില്ലയിലോ വലിയ ഇലയുടെ തുഞ്ചത്തോ കൂടൊരുക്കും. പഞ്ഞിയും തൂവലും നാരുമെല്ലാം നിർമാണ സാമഗ്രികൾ.

∙തെക്കേ അമേരിക്കയെയും വടക്കേ അമേരിക്കയെയും പുഷ്പസമൃദ്ധമാക്കുന്നതിൽ പ്രധാനികളായ ഹമ്മിങ് ബേഡുകൾക്ക് ഒരു വിശേഷണം ചാർത്തിക്കിട്ടിയിട്ടുണ്ട്, ‘സൂപ്പർ പോളിനേറ്റേഴ്സ്.’

∙സ്വാഭാവിക ആവാസവ്യവസ്ഥയിൽ ശരാശരി ആയുർദൈർഘ്യം 4 വർഷം. മൃഗശാലകളിലാവട്ടെ, ഒരു ദശാബ്ദത്തിലേറെ ജീവിച്ചിരുന്നവയുണ്ട്.

Summary : Special features of hummingbird