സോഫിയ ആരാണ്?

ബെർളി തോമസ്

സ്വതന്ത്രബുദ്ധിയും ആലോചനാശേഷിയും സ്വന്തം അഭിപ്രായവുമൊക്കെ ഈ സൗദിക്കാരി യന്ത്രവനിതയ്ക്കുണ്ടോ? സോഫിയ പങ്കെടുത്ത പരിപാടികൾ അങ്ങനെ തോന്നിപ്പിക്കുന്നുണ്ട്, അതാണ് അതിന്റെ വിജയവും. എന്നാൽ സത്യത്തിൽ സോഫിയയ്ക്ക് ഇവ മൂന്നും ഇല്ല. മനുഷ്യനുമായി ഈ യന്ത്രവനിതയ്ക്കു വലിയ വ്യത്യാസമൊന്നും ഇല്ലെന്നാണു സോഫിയയുടെ സ്രഷ്ടാക്കളായ ഹാൻസൻ റോബട്ടിക്സിന്റെ മേധാവി റോബർട്ട് ഹാൻസൻ അവകാശപ്പെടുന്നത്. എന്നാൽ സോഫിയയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന എൻജിനീയർ ബെൻ ഗോയെട്സൽ പറയുന്നത് ഇങ്ങനെയാണ്,‘‘ ഊതിപ്പെരുപ്പിച്ച ഒരു സോഫിയയെ ആണു നമ്മൾ ഇന്നു കാണുന്നത്. മനുഷ്യനോട് ചെറുതായെങ്കിലും മൽസരിച്ചു നിൽക്കാവുന്ന ബൗദ്ധിക നിലവാരവും സംഭാഷണ ചാതുരിയുമുള്ള ഒരു റോബട്ടിനോ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനത്തിനോ വേണ്ടി ഒരു പതിറ്റാണ്ടു കൂടി കാത്തിരിക്കണം,’’.

സോഫിയയുടെ ജനനം അഥവാ ആക്ടിവേഷൻ
2015 ഏപ്രിൽ 19ന് ആണ് സോഫിയയുടെ ജനനം. സാങ്കേതികമായി പറഞ്ഞാൽ സോഫിയ എന്ന യന്ത്രം ആദ്യമായി ആക്ടിവേറ്റ് ചെയ്തത് അന്നാണ്. ഹോളിവുഡ് നടി ഓഡ്രി ഹെപ്ബണിന്റെ ഛായയിലാണ് സോഫിയയെ ഡിസൈൻ ചെയ്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിഷ്വൽ ഡേറ്റ പ്രൊസസ്സിങ്, ഫേഷ്യൽ റെക്കഗ്നിഷൻ എന്നിവ സോഫിയയ്ക്ക് മുഖരൂപത്തോടൊപ്പം ഒരു വ്യക്തിത്വവും നൽകി. വൃദ്ധസദനങ്ങളിൽ മുതിർന്ന പൗരന്മാർക്കു ബോറടിക്കാതെ സംസാരിച്ചിരിക്കുന്ന സുഹൃത്തായും വലിയ ജനക്കൂട്ടമുള്ള സ്റ്റേജ് പരിപാടികളിൽ നിരന്തരം സംസാരിച്ചുകൊണ്ട് ജനത്തെ പിടിച്ചിരുത്തുന്ന അവതാരകയായും ഉപയോഗിക്കുന്നതിനായാണ് സോഫിയയെ സൃഷ്ടിച്ചത്.

സോഫിയയുടെ പിന്നിലുള്ള സാങ്കേതികവിദ്യയെ മൂന്നായി വിഭജിക്കാം
1. സോഫിയ ടീമിനു വേണ്ടിയുള്ള റിസർച് പ്ലാറ്റ്ഫോം

2. സ്പീച്ച് റിസൈറ്റിങ് റോബട് 3. റോബട്ടിക് ചാറ്റ്ബോട്ട്

അതായത്, സോഫിയയുടെ ഓരോ പൊതുപരിപാടിക്കു പിന്നിലും ഒരു തിരക്കഥയുണ്ട്. സോഫിയ ടീമിന്റെ കഠിനാധ്വാനമുണ്ട്. അവിടെ ചോദിക്കപ്പെടാവുന്ന ചോദ്യങ്ങളെക്കുറിച്ചുള്ള മുൻധാരണകളും അവയ്ക്കുള്ള മറുപടികളുമുണ്ട്. സ്റ്റേജിൽ നിൽക്കുന്ന സോഫിയ പറയുന്ന ഉത്തരങ്ങളൊന്നും സോഫിയ ആലോചിച്ച് പറയുന്നവയല്ല. അങ്ങനെ ആലോചിക്കാനുള്ള ശേഷി അതിനില്ല. സംഭാഷണങ്ങളിൽ ഏറെയും മുൻകൂട്ടി തയാറാക്കി വച്ചിട്ടുള്ളവയാണ്. സിസ്റ്റത്തിലേക്ക് അയയ്ക്കുന്ന ടെക്സ്റ്റ് മാറ്റർ വളരെ സ്വാഭാവികമായി പറയാനും ആ സംഭാഷണങ്ങൾക്കനുസരിച്ചു മുഖത്തു ഭാവങ്ങൾ സൃഷ്ടിക്കാനുമുള്ള കഴിവാണു സോഫിയയുടെ മികവ്. ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളാണ് സോഫിയയെ നയിക്കുന്നത്.

മുംബൈയിൽ സോഫിയയോടു ചോദിച്ച ചോദ്യങ്ങളും പറഞ്ഞ മറുപടികളും ഒന്നു വിശകലനം ചെയ്തു നോക്കാം
1. സോഫിയ, ഇപ്പോൾ എവിടെയാണ്– ആദ്യത്തെ ചോദ്യം ഇതായിരുന്നു. ഇപ്പോൾ ബോംബെ ഐഐടിയിലെ ടെക് ഫെസ്റ്റിലാണെന്നായിരുന്നു മറുപടി.

∙ സോഫിയ ഒരു സ്വതന്ത്ര റോബട് അല്ല. ക്ലൗഡ് ഡേറ്റാബേസുമായി മുഴുവൻ സമയവും കണക്ട് ചെയ്തിരിക്കുന്ന ഉപകരണമാണ്. മുംബൈയിൽ സംസാരിക്കാനാവശ്യമായ വിവരങ്ങൾ (വേണമെങ്കിൽ മണിക്കൂറുകളോളം സംസാരിക്കാൻ) പരിപാടിക്കു മുന്നോടിയായി സോഫിയയിൽ ഫീഡ് ചെയ്യും. സോഫിയയെ ഓരോ സാഹചര്യത്തിനുമനുസരിച്ച് പ്രോഗ്രാം ചെയ്യാം എന്നതും മറക്കരുത്. ബുദ്ധിയല്ല, സംഭാഷണമാണു സോഫിയയുടെ ഹൈലൈറ്റ്.

2. ഞാൻ ഒരു ആണായിരുന്നെങ്കിൽ എന്നെ കല്യാണം കഴിക്കുമായിരുന്നോ എന്ന് അവതാരകയുടെ ചോദ്യം. എന്നെ ഒരു സ്ത്രീ ആയി അംഗീകരിച്ചതിനു നന്ദി എന്നു മറുപടി കിട്ടി.

∙ ഈ ചോദ്യം സോഫിയ ടീം പ്രതീക്ഷിച്ചില്ല. അതുകൊണ്ട് അതിനു നേരിട്ടുത്തരമില്ല. എന്നാൽ ആ ചോദ്യത്തിലെ വാക്കുകൾ മനസ്സിലാക്കുന്ന സോഫിയ, അതിനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഉത്തരം ഡേറ്റബേസിൽ നിന്നു കണ്ടെത്തി പറഞ്ഞു എന്നു മാത്രം. ബെൻ ഗോയെട്സൽ പറയുന്നതനുസരിച്ച്, താൻ പറയുന്നത് എന്താണെന്നു സോഫിയ പോലും അറിയുന്നില്ല.

3. ലോകത്ത് ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ളപ്പോൾ റോബട്ടുകൾക്കുവേണ്ടി വൻതോതിൽ പണം ചെലവഴിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിനു സോഫിയയ്ക്കു മറുപടി പറയാനായില്ല– എന്തുകൊണ്ട്..? ∙ ഇതേ ചോദ്യം വേറെ വാക്കുകളിൽ ചോദിച്ചിരുന്നെങ്കിൽ ചിലപ്പോൾ മറുപടി പറഞ്ഞേനെ. ഇന്ത്യാ സന്ദർശനത്തിനായി പ്രോഗ്രാം ചെയ്തയച്ച സോഫിയയുടെ ഡേറ്റാബേസിൽ ആ ചോദ്യത്തിനുള്ള ഉത്തരം ഉണ്ടായിരുന്നില്ല അല്ലെങ്കിൽ ഉചിതമായ ഉത്തരം കണ്ടെത്തി ഉരുവിടുന്നതിൽ സോഫിയ വിജയിച്ചില്ല. സമാന ചോദ്യം മുൻപ് ചോദിച്ചപ്പോഴൊക്കെ മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിന് എഐ സംവിധാനങ്ങൾ ആവശ്യമാണെന്ന തരത്തിലുള്ള മറുപടികൾ സോഫിയ പറഞ്ഞിട്ടുണ്ട്. മുംബൈയിൽ വന്നപ്പോൾ വേറെ പ്രോഗ്രാം ആയിരുന്നിരിക്കാം എന്നു മാത്രം.

പ്രമുഖ ടിവി ഷോകളിലൊക്കെ പങ്കെടുക്കും മുൻപു ഷോയിൽ ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾ ഹാൻസൻ റോബട്ടിക്സ് മുൻകൂട്ടി വാങ്ങുകയും കിടുക്കൻ ഉത്തരങ്ങൾ സോഫിയയെ പഠിപ്പിക്കുകയുമാണു ചെയ്തത്. മുംബൈയിലെ പരിപാടിക്കും ചോദ്യങ്ങൾ മുൻകൂട്ടി വാങ്ങിയിരുന്നു. അഭിമുഖങ്ങൾക്കു മുൻപേ സെലിബ്രിറ്റികൾ ചോദ്യങ്ങൾ മുൻകൂട്ടി വാങ്ങുകയും മികച്ച ഉത്തരങ്ങൾ നൽകുകയും ചെയ്യാറുണ്ടല്ലോ. സോഫിയയും ഒരു സെലിബ്രിറ്റിയാണ്.

മുൻകൂട്ടി പഠിപ്പിക്കാതെ വിട്ടാൽ സ്വന്തം കഴിവ് ഉപയോഗിച്ചു സോഫിയയ്ക്കു പറയാനാവുന്നത് സിരിക്കോ ഗൂഗിൾ അസിസ്റ്റന്റിനോ പറയാനാവുന്നതൊക്കെ മാത്രം. ഇപ്പോൾ താപനില എത്ര, ഇന്ത്യയുടെ തലസ്ഥാനം ഏത് തുടങ്ങിയവ. സോഫിയയിൽ കൂടുതൽ സെൻസറുകളും ക്യാമറകളും ഉള്ളതിനാൽ അവയുടെ മികവും ലഭിക്കും. ഉദാഹരണത്തിന്, നിന്റെ മുന്നിൽ ഇപ്പോൾ എന്താണെന്നു ചോദിച്ചാൽ സോഫിയയ്ക്കു പറയാനാവും. ചെല്ലുന്നിടത്തെല്ലാം ആളുകളെ ഏറെ ആകർഷിക്കുന്നത് സോഫിയയുടെ ബുദ്ധിജീവി സ്വഭാവമുള്ള തമാശ കലർന്ന മറുപടികളാണ്. അവയൊക്കെ മുൻകൂട്ടി രചിക്കപ്പെട്ടവയാണ്. അത്തരം ഉത്തരങ്ങളുടെ ആയിരക്കണക്കിനു കോംബിനേഷനുകൾ സോഫിയയിലുണ്ട്. അവ പതിനായിരക്കണക്കിനു കീവേഡുകളുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. ചോദ്യങ്ങളിൽ നിന്ന് ഈ കീവേഡുകൾ വേർതിരിക്കുന്ന സോഫിയ അതിനനുസൃതമായ മറുപടികൾ നൽകുന്നെന്നു മാത്രം.

ഇതാണു സോഫിയ
മെഷീൻ ലേണിങ് എന്ന സാങ്കേതിവിദ്യയുടെ വഴിയിലാണു സോഫിയ. ഇന്നലെ പറഞ്ഞ മണ്ടത്തരം നാളെ ആവർത്തിക്കില്ല. ഇന്നലെ ഉത്തരം മുട്ടിയ ചോദ്യത്തിനു മുന്നിൽ ഇന്നു പകച്ചു നിൽക്കില്ല. അനുദിനം, അനുനിമിഷം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കംപ്യൂട്ടർ യൂണിറ്റാണ് സോഫിയ. സോഫിയയ്ക്കു ലഭിച്ചിരിക്കുന്ന പ്രചാരത്തിനും അംഗീകാരത്തിനും പിന്നിൽ മനുഷ്യസ്ത്രീയോടുള്ള അതിന്റെ സാദൃശ്യമാണെന്നും വ്യക്തമാണല്ലോ.