‘പരസ്യമായി’ പരിസ്ഥിതിയെ രക്ഷിക്കും; വഴിയോരത്തെ ഓക്സിജൻ ബോർഡുകൾ! , Smog eating, billboard, roosegaarde, Mexico, Padhippura, Manorama Online

‘പരസ്യമായി’ പരിസ്ഥിതിയെ രക്ഷിക്കും; വഴിയോരത്തെ ഓക്സിജൻ ബോർഡുകൾ!

റോഡരികിൽ വമ്പൻ പരസ്യബോർഡുകൾ സ്ഥാപിക്കാൻ കേരളത്തിൽ പോലും പലയിടത്തും വിലക്കുണ്ട്. എന്താണു കാരണമെന്നല്ലേ? ഇത്തരം ബോർഡുകളിലെ കാഴ്ചകൾ കണ്ട് ഡ്രൈവർമാരുടെ ശ്രദ്ധ മാറിപ്പോകും. പക്ഷേ മെക്സിക്കോയിലെ മൊണ്ടേറേയ് മേഖലയിൽ പരസ്യ ബോർഡുകൾ വയ്ക്കുന്നതിനു സർക്കാർ തന്നെ ഇടപെട്ട് അംഗീകാരം നൽകും. കാരണം, പരിസ്ഥിതിയെ അത്രയേറെ സഹായിക്കുന്നവയാണ് ഈ പരസ്യബോർഡുകൾ. മെക്സിക്കോയിൽ പലയിടത്തും മരുപ്രദേശമായതിനാൽ മരങ്ങൾ കാര്യമായിട്ടില്ല. എന്നാൽ വാഹനങ്ങൾക്കാകട്ടെ ഒരു കുറവുമില്ലതാനും. വാഹനങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നുമെല്ലാമുള്ള പുകയും മൂടൽ മഞ്ഞുമെല്ലാം കൂടിച്ചേർന്നു പലപ്പോഴും പുകമഞ്ഞും (സ്മോഗ്) രൂപപ്പെടാറുണ്ട്. ഇതിൽ നിന്നെല്ലാം പരിഹാരവുമായാണ് ഒരു പരസ്യബോർഡ് രംഗത്തെത്തിയിരിക്കുന്നത്. അന്തരീക്ഷത്തിലെ പുകമഞ്ഞിനെയും കാർബൺഡൈ ഓക്സൈഡിനെയുമെല്ലാം പിടിച്ചെടുത്ത് ഓക്സിജനാക്കി മാറ്റുകയെന്നതാണ് ഈ ബോർഡിന്റെ ജോലി. ശരിക്കും ചെടികൾ ചെയ്യുന്ന അതേ ജോലി.

അന്തരീക്ഷത്തിൽ നിന്നു കാർബൺ ഡയോക്സൈഡ് സ്വീകരിച്ച് സൂര്യപ്രകാശത്തിന്റെ സഹായത്താൽ ചെടികൾ അന്നജവും ഓക്സിജനുമാക്കി മാറ്റുന്നതിനെയാണു പ്രകാശ സംശ്ലേഷണം എന്നു പറയുന്നത്. കാർബണിനെയും പുകമഞ്ഞിനെയും സ്വീകരിക്കാൻ പരസ്യബോർഡുകളിൽ ഉപയോഗിക്കുന്നത് ഒരുതരം പശയാണ്. ഇതിലേക്ക് മലിനവസ്തുക്കൾ ആകർഷിക്കപ്പെടും. പിന്നീട് സൂര്യപ്രകാശം പതിക്കുമ്പോൾ മാലിന്യം വിഘടിക്കപ്പെട്ട് ഓക്സിജൻ പുറന്തള്ളപ്പെടുകയും ചെയ്യും. പൊല്യൂ–മെഷ് എന്നാണ് ബോർഡിൽ തേയ്ക്കുന്ന അദ്ഭുതപ്പശയ്ക്കു നൽകിയിരിക്കുന്ന പേര്. ഇതിലേക്കു വന്നു വീഴുന്ന കാർബൺ ഡയോക്സൈഡിനെയാണ് സൂര്യപ്രകാശത്തിന്റെ സഹായത്താൽ വിഘടിപ്പിച്ച് ഓക്സിജനാക്കുക.


പശയെന്നൊക്കെയാണു വിശേഷിപ്പിക്കുന്നതെങ്കിലും അതിസൂക്ഷ്മമായ നാനോടെക്നോളജിയാൽ രൂപപ്പെടുത്തിയ വസ്തുക്കളാണിവ. വാഹനങ്ങള്‍ വഴി വൻതോതിൽ മലിനീകരണമുണ്ടാകുന്ന ഇടങ്ങളിലാണ് ഈ പൊല്യൂ–മെഷ് ബോർഡുകൾ സ്ഥാപിക്കുക. ഓരോ പരസ്യബോർഡിനും ശരാശരി12.7 മീറ്റർ നീളവും 7.2 മീ. ഉയരവും കാണും. ഇതുവഴി ഉൽപാദിപ്പിക്കുന്ന ഓക്സിജനാകട്ടെ, ഏകദേശം 30 മരങ്ങൾ ആറു മണിക്കൂർ കൊണ്ട് ഉൽപാദിപ്പിക്കുന്നത്രയും വരും. മൊണ്ടേറേയ് മേഖലയിൽ മാത്രം ഏകദേശം 9760 പരസ്യബോർഡുകളുണ്ട്. അവയിലെല്ലാം പൊല്യൂ–മെഷ് ഘടിപ്പിച്ചാൽ ഏകദേശം 2,92,800 മരങ്ങൾ ആറുമണിക്കൂർ കൊണ്ട് ഉൽപാദിപ്പിക്കുന്നത്ര ഓക്സിജൻ ലോകത്തിനു ലഭിക്കും. ഒരു ബോർഡ് അഞ്ചു വർഷം വരെ പ്രവർത്തിക്കുമെന്ന ഗുണവുമുണ്ട്.

ഡിസൈനറായ ഡാൻ റൂസ്ഗാർഡാണ് മൊണ്ടേറേയ് സർവകലാശാലയുടെ സഹായത്താൽ ഇത്തരമൊരു പരിസ്ഥിതി സൗഹാർദ പരസ്യ ബോർഡ് നിർമിച്ചത്. നേരത്തേ റോട്ടർഡാമിലും ബെയ്ജിങ്ങിലുമെല്ലാം പുകമഞ്ഞിനെ വലിച്ചെടുത്ത് അതിലെ കാർബണിനെ ഡയമണ്ടാക്കുകയും പുറത്തേക്ക് ഓക്സിജൻ വിടുകയും ചെയ്യുന്ന ‘ടവർ’ നിർമിച്ചു ശ്രദ്ധേയനായ വ്യക്തിയാണ് ഡാൻ. പഠിക്കാൻ വേണ്ടി മാത്രമുള്ള പ്രോജക്ടുകളേക്കാൾ വിദ്യാർഥികൾ ഇത്തരത്തില്‍ മനുഷ്യന് ഉപകാരപ്രദമായ പ്രോജക്ടുകൾ വേണം ഒരുക്കാനെന്നും പറയുന്നു അദ്ദേഹം.

Summary : Smog eating billboard roosegaarde Mexico