കടലിനടിയിൽ 45,000 കിലോ സ്വർണവുമായി കപ്പൽ; ആ നിധി തേടുന്നവരെ കാത്ത് മരണക്കെണി!, Shipwrecks, Sunken treasures, El  Dorado, Ship, Padhippura, Manorama Online

കടലിനടിയിൽ 45,000 കിലോ സ്വർണവുമായി കപ്പൽ; ആ നിധി തേടുന്നവരെ കാത്ത് മരണക്കെണി!

ദേഹം മുഴുവനും സ്വർണം പൂശിയ ഒരു രാജാവ് ദിവസവും ഗ്വാട്ടാവിറ്റ എന്ന തടാകത്തിൽ നീരാടുവാൻ എത്തിയിരുന്നു. ദൈവങ്ങൾക്കുള്ള ദക്ഷിണയായി സ്വർണം കൊണ്ടു നിർമിച്ച പല വസ്തുക്കളും അദ്ദേഹം നദിയിൽ നിക്ഷേപിക്കുകയും ചെയ്തു. കൊളംബിയയിലാണ് ഈ തടാകം. അന്ന് സ്പെയിന്റെ അധീനതയിലായിരുന്നു കൊളംബിയ. സ്വർണത്താൽ ആറാട്ടു നടത്തുന്ന രാജാവിന് സ്പാനിഷ് ചക്രവർത്തി നൽകിയ വിശേഷണമാണ് എൽ ഡൊറാഡോ. ‘സ്വർണത്താലുള്ളത്’ എന്നായിരുന്നു അതിന്റെ അർഥം. അതു പിന്നീട് ആ തടാകത്തിന്റെ പേരായി. അവിടെ നിധി തേടിയെത്തിയ പലരെയും തടാകത്തിലും പരിസരത്തും ഒളിച്ചിരുന്ന ‘ചതിക്കുഴികൾ’ കൊലപ്പെടുത്തി. ഒട്ടേറെ പേരാണ് നിധിക്കു വേണ്ടി മരിച്ചു വീണത്. അപകടങ്ങൾ നിറഞ്ഞ്, വമ്പൻ നിധി ഒളിഞ്ഞു കിടക്കുന്നുണ്ടെന്നു വിശ്വസിക്കുന്ന പ്രദേശങ്ങളെ പൊതുവെ വിളിക്കുന്ന പേരാണിന്ന് എൽ ഡൊറാഡോ.
ഇന്ത്യയിലെ എൽ ഡൊറാഡോ ആയ കോലാർ ഖനികളുമായി ബന്ധപ്പെട്ട ‘കെജിഎഫ്’ എന്ന സിനിമ അടുത്തിടെ ഹിറ്റായത് കൂട്ടുകാര്‍ അറിഞ്ഞു കാണുമല്ലോ? കടലിനടിയിലുമുണ്ട് അത്തരമൊരു എല്‍ ഡൊറാഡോ. ആ പേരിൽ തന്നെയാണ് ഇംഗ്ലണ്ടിലെ ലാൻഡ്സ് എന്‍ഡ് തീരത്തു നിന്ന് 20 മൈൽ മാറിയുള്ള ആഴക്കടൽ പ്രദേശം അറിയപ്പെടുന്നതു തന്നെ. അവിടെ നിധിയുണ്ടെന്നത് ഏറെക്കുറെ സത്യമാണ്. അതിന്റെ മൂല്യമാകട്ടെ ഏകദേശം 10,000 കോടി രൂപ വരും! എന്നാൽ ഇതെടുക്കാൻ ആഴക്കടലിലേക്കിറങ്ങരുതെന്നാണു വിദഗ്ധരുടെ നിർദേശം. ഏകദേശം 300 അടി ആഴത്തിൽ അത്രയേറെ ചതിക്കുഴികളും കടൽ തന്നെ ഒരുക്കിയ കെണികളുമാണു കാത്തിരിക്കുന്നത്.

പതിനേഴാം നൂറ്റാണ്ടിൽ മുങ്ങിപ്പോയ മെർച്ചന്റ് റോയൽ എന്ന ചരക്കുകപ്പലിലാണ് സ്വർണവേട്ടക്കാരെ മോഹിപ്പിക്കുന്ന ഈ നിധി ഒളിച്ചിരിക്കുന്നത്. 1641ലാണ് കപ്പൽ മുങ്ങുന്നത്. പിന്നീട് ഇതിനെപ്പറ്റി കാര്യമായ വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ അടുത്തിടെ കപ്പലിന്റെ നങ്കൂരങ്ങളിലൊന്നു മീൻപിടിത്തക്കാരുടെ വലയിൽ കുടുങ്ങിയെന്നാണു പുതിയ വാർത്ത. നിധിവേട്ടക്കാർക്ക് കൂടുതൽ ആവേശം പകരുന്നതാണ് ഈ കണ്ടെത്തൽ. സ്പാനിഷ് കപ്പലായ മർച്ചന്റ് റോയലിൽ ഏകദേശം 45,000 കിലോ സ്വർണക്കട്ടികളുണ്ടായിരുന്നുവെന്നതു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം വിലയേറിയ 400 മെക്സിക്കൽ സിൽവർ ബാറുകളും പീസ് ഓഫ് എയ്റ്റ് എന്നറിയപ്പെടുന്ന അരലക്ഷം സ്പാനിഷ് ഡോളർ നാണയങ്ങളും! ഇതോടൊപ്പം മുങ്ങിയ മറ്റു നാണയങ്ങളും കാലപ്പഴക്കം നോക്കുമ്പോള്‍ വിലമതിക്കാനാകാത്തതാണ്.
എന്നാൽ യുകെ തീരത്തു നിന്നു മാറി ഏറ്റവുമധികം അപകടം പതിയിരിക്കുന്ന മേഖലയിലാണു കപ്പൽ തകർന്നിരിക്കുന്നതെന്ന് പുരാവസ്തു ഗവേഷകരും പറയുന്നു. സാധാരണ ഡൈവർമാർ ഇവിടേക്കു പോയാൽ ജീവനോടെ മടങ്ങി വരാനാകില്ല. അതിനാൽത്തന്നെ പ്രത്യേകതരം ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം പര്യവേഷണം നടത്താനും നിർദേശിച്ചിരിക്കുകയാണു വിദഗ്ധർ. പതിനേഴാം നൂറ്റാണ്ടിൽ യുകെ തീരത്തു മുങ്ങിയ മറ്റൊരു കപ്പലിൽ നിന്നു ചരിത്രമൂല്യമുള്ള വൻ നിധി കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. ബ്രിട്ടന്റെ ഏറ്റവും ‘വിലപിടിച്ച’ ചരക്കുകപ്പലെന്നു േപരെടുത്ത ‘പ്രസിഡന്റ്’ ആണ് 1684 ഫെബ്രുവരിയിൽ മുങ്ങിയത്. ഇന്ത്യയിൽ നിന്നുള്ള വജ്രങ്ങളും രത്നക്കല്ലുകളുമായി വരുമ്പോൾ കപ്പൽ കൊടുങ്കാറ്റിൽപ്പെടുകയായിരുന്നു. തീരത്തു നിന്ന് ഏതാനും കിലോമീറ്റർ മാറി കപ്പലിന്റെ അവശിഷ്ടങ്ങൾ ആദ്യം കണ്ടെത്തിയത് 1988ലായിരുന്നു. തൊട്ടടുത്ത വർഷവും പരിശോധന തുടർന്നപ്പോൾ 24 പീരങ്കികളും രണ്ടു നങ്കൂരവും കണ്ടെത്തി. ഇന്ന് ഏകദേശം 68.25 കോടി രൂപ വില വരുന്ന ചരക്കുകളായിരുന്നു അന്നു മുങ്ങുമ്പോൾ കപ്പലിലുണ്ടായിരുന്നത്!

Summary : Shipwrecks, Sunken treasures, El Dorado, Ship