ചൊവ്വയിൽവരെ 'പേരും പ്രശസ്തിയുമുള്ള' ആളാവാം, Send your name to mars, Mars, Padhippura, Manorama Online

ചൊവ്വയിൽവരെ 'പേരും പ്രശസ്തിയുമുള്ള' ആളാവാം

സയൻസ് ഫിക്ഷൻ സിനിമകള്‍ കാണുമ്പോൾ , അത്ഭുതകരവും സ്വപ്നതുല്യവുമായ ഒരു അന്യഗ്രഹ സഞ്ചാരം നടത്തിയാൽ കൊള്ളാമെന്നാഗ്രഹിക്കാത്തവരുണ്ടാകില്ല. . അതിയായി ആഗ്രഹമുണ്ടെങ്കിൽ, ഈ വരുന്ന വർഷം ജൂലൈയിൽ ഒരു ചൊവ്വ യാത്രയങ്ങ് പോകാം, ഫ്ളോറിഡ കേപ് കേപ് കനാവെരല്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നും ചൊവ്വാ ഗ്രഹത്തിലെ ജെസീറോ ക്രേറ്ററിലേക്ക് ഒരു ടിക്കറ്റെടുക്കാം. മാർസിലേക്കുള്ള ഒരു 'ചെറിയ ടൂർ'

നാസയാണ് കുട്ടികളെയും മുതിർന്നവരെയുമുൾപ്പടെയുള്ള എല്ലാ യാത്രികരെയും ചൊവ്വ യാത്രയിലുൾപ്പെടുത്താനൊരുങ്ങുന്നത്. ചുവന്ന ഗ്രഹത്തിലേക്കുള്ള ബോർഡിങ് പാസ് ഇതുവരെ ലഭിച്ചവരുടെ എണ്ണം ഒരു കോടിയാവുന്നു. എങ്ങനെ ഇത്രയുംപേരെ കൊണ്ടുപോകുകയെന്നാണെങ്കിൽ, യാത്രികരല്ല അവരുടെ പേരുകളായിരിക്കും ചൊവ്വയിലെത്തുക. എല്ലാരുടെയും പേരുകൾ ഒരു മൈക്രോചിപ്പിൽ ഉൾപ്പെടുത്തിയ മാർസ് 2020 റോവർ ഫെബ്രുവരി 2021ന് ചൊവ്വയിലേക്കിറങ്ങും.

ബഹിരാകാശ യാത്രകൾക്ക് ജനകീയ മുഖം നൽകുകയെന്ന ആശയമാണ് ചൊവ്വയിലേക്കു പേരുകളയക്കാമെന്ന പദ്ധതിക്കു പിന്നിൽ. https://mars.nasa.gov/participate/send-your-name/mars2020 എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. രാജ്യവും പോസ്റ്റർ കോഡും മെയിൽ ഐഡിയും കൊടുത്താൽ ബോർഡിങ് പാസ് തയാറാവും, നമ്മുടെ പേര് ചൊവ്വയിലേക്കെത്തുകയും. ഫ്രീക്വന്‍റ് ഫ്ലെയര്‍ എന്ന ടാബിൽ നിങ്ങള്‍ക്ക് ഈ ചൊവ്വ ദൗത്യത്തിന്‍റെ കൂടുതല്‍ വിവരം അറിയാം. പദ്ധതിയുടെ തത്സമയ വിവരങ്ങൾ നോട്ടിഫിക്കേഷനായി ലഭിക്കുകയുെ ചെയ്യും.

സെപ്റ്റംബർ 30 ആണ് പേരു ചേര്‍ക്കാനുള്ള അവസാന തീയതി. ഫ്ളോറിഡയിലെ കേപ് കനാവെരൽ എയർഫോഴ്സ് സ്റ്റേഷനിൽനിന്നായിരിക്കും ലോഞ്ചിങ്. ചൊവ്വയിലെ ജെസീറേ ക്രേറ്ററാണ് ലാൻഡിങ് പോയന്റ്. നിരവധിപ്പേരാണ് ഇന്ത്യയിൽനിന്നുൾപ്പടെ രജിസ്റ്റർ ചെയ്ത് ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ബോർഡിങ് പാസ് പോസ്റ്റ് ചെയ്ത് ആഹ്ളാദം പ്രകടിപ്പിക്കുന്നത്. ട്രോളുകളും ഒട്ടനവധി ഇറങ്ങുന്നുണ്ട്.

ചൊവ്വയിലെ ജീവന്റെ സാഹചര്യത്തെക്കുറിച്ചുപോലും പഠിക്കാനൊരുങ്ങുന്ന പ്രാധാന്യമുള്ള ദൗത്യമാണ് നാസ നടത്താനൊരുങ്ങുന്നത്. ചൊവ്വയിലെ മൈക്രോബിയൽ ലൈഫിനെക്കുറിച്ചും കാലാവസ്ഥ, ഭൂപ്രകൃതി എന്നിവയെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്ന റോവറാണ് ചൊവ്വയിലേക്കിറങ്ങുക, ഭാവിയിൽ തിരികെ എത്തുന്ന സാഹചര്യമുണ്ടായാൽ സാമ്പിൾ എടുക്കുകയും ചെയ്യും. എന്തായാലും പദ്ധതിക്ക് സമൂഹമാധ്യമങ്ങളിൽ ഇതിനകം ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.