1000 വർഷത്തിലേറെ വളരും, കീടങ്ങൾക്കും ‘തൊടാൻ’ പേടി; ഇത് സൂപ്പർ ഗിങ്കോ,  Secrets, ,1000 year old, ginkgo trees, unlocked, Manorama Online

1000 വർഷത്തിലേറെ വളരും, കീടങ്ങൾക്കും ‘തൊടാൻ’ പേടി; ഇത് സൂപ്പർ ഗിങ്കോ

നവീൻ മോഹൻ

ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നത് ആരാണെന്നറിയാമോ? അത് ഫ്രാൻസിലുള്ള ഷാൻ ലൂയി കെൽമോ എന്ന അമ്മൂമ്മയാണ്. 1875ൽ ജനിച്ച അവർ മരിക്കുമ്പോൾ 122 വയസ്സായിരുന്നു! ഇതുകേൾക്കുമ്പോൾ തന്നെ ആരായാലും അമ്പരന്നുപോകും. അപ്പോൾപ്പിന്നെ 1000 വര്‍ഷം വരെ ജീവിക്കുന്നതിനെപ്പറ്റിയോ? മനുഷ്യരല്ല കേട്ടോ, മരമാണ് ഇത്തരത്തിൽ ആയിരത്തിലേറെ വർഷം ജീവിക്കുന്നത്. അവയുടെ പേരും കൗതുകം നിറഞ്ഞതാണ്–ഗിങ്കോ മരം.

യാതൊരു കേടുമില്ലാതെ എങ്ങനെയാണ് ഇത്രയേറെ കാലം നിലനിൽക്കാനാകുന്നത് എന്നായിരുന്നു ഗവേഷകരുടെ ഇതുവരെയുള്ള സംശയം. ഒടുവിൽ അവരതിന് ഉത്തരവും കണ്ടെത്തി. ഒരുതരം രാസവസ്തു ഉൽപാദിപ്പിച്ചാണ് ഇവ സ്വന്തം ‘ശരീരം’ കീടങ്ങളിൽ നിന്നും കാലാവസ്ഥാ പ്രശ്നങ്ങളിൽ നിന്നും രക്ഷിച്ചെടുക്കുന്നത്. സാധാരണഗതിയിൽ ചെടികളുടെ ഇലകൾക്കും തണ്ടിനുമെല്ലാം ഒരു നിശ്ചിതഘട്ടമെത്തിയാൽ മുന്നോട്ടു വളർച്ചയുണ്ടാകില്ല. സസ്യങ്ങളിലെ ചിലയിനം ജീനുകളാണ് വളർച്ചയെ തടസ്സപ്പെടുത്തുന്നത്. ചെടികളുടെ വളർച്ചയെ‘സ്വിച്ച് ഓഫ്’ ചെയ്യുന്ന അത്തരം ജീനുകൾ ഗിങ്കോയിൽ ഇല്ലെന്നും ഗവേഷകർ കണ്ടെത്തി.
ഏകദേശം 27 കോടി വർഷം മുൻപുമുതൽ ഗിങ്കോ മരങ്ങൾ ഭൂമിയിലുണ്ടെന്നാണ് ഫോസിൽ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചൈനയാണു ജന്മദേശം. ശരത്‌കാലത്ത് മഞ്ഞനിറത്തിലുള്ള ഇലകളും പൊഴിച്ചു പാതയോരത്ത് നിൽക്കുന്ന ഇവ കണ്ണിനു കുളിർമയേകുന്ന കാഴ്ചയുമാണ്. ചൈനയിലെ പാർക്കുകളിലും മറ്റും ഇത് സുലഭമാണ്. എന്നാൽ വളരെ പതിയെ വളരുന്ന ഈ വമ്പൻ മരം കാട്ടുകൊള്ളക്കാരുടെ മഴുവിനിരയാകുന്നതു പതിവാണ്. അതിനാൽത്തന്നെ കാട്ടുഗിങ്കോ മരം വംശനാശഭീഷണിയിലുമാണ്. ഐയുസിഎന്നിന്റെ റെഡ് ലിസ്റ്റിൽ അതീവ വംശനാശഭീഷണിയുള്ള മരങ്ങളുടെ പട്ടികയിലാണിത്. നിലവിൽ ചൈനയിലെ വനമേഖലയായ ഷിറ്റിയാൻമു മലനിരകളിൽ മാത്രമേ ഇവയെ കാണാനാവുകയുള്ളൂ.

ഗിങ്കോകളുടെ ദീർഘായുസ്സിനെപ്പറ്റി പഠിക്കാൻ 15 മുതൽ 667 വർഷം വരെ പഴക്കമുള്ള മരങ്ങളെയാണു ഗവേഷകർ പരിശോധിച്ചത്. മരത്തിന്റെ കോശങ്ങളെപ്പറ്റി വിശദമായി പഠിച്ചു. തൊലിയും ഇലയും വിത്തുമെല്ലാം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി. അങ്ങനെയാണ് വരൾച്ചയും കൊടുംമഞ്ഞും കീടങ്ങളും വന്നാലും ഒരു കുഴപ്പവും പറ്റാതെ സഹായിക്കുന്ന രാസവസ്തുക്കളെ ഈ മരം ഉൽപാദിപ്പിക്കുന്നുണ്ടെന്നു കണ്ടെത്തിയത്. ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന മരം ഗിങ്കോയല്ല. യുഎസിലെ കലിഫോർണിയയിൽ കാണപ്പെടുന്ന ബ്രിസ്ൽകോൺ പൈൻമരങ്ങളിൽ പലതിനും 4800 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇത്രയും കാലം ജീവിച്ചിരിക്കാൻ മരങ്ങളെ സഹായിക്കുന്നതെന്ത് എന്നതിലേക്കുള്ള ചൂണ്ടുപലക കൂടിയാവുകയാണ് ‘ഡിങ്കോ’കണ്ടെത്തൽ.

Summary : Secrets of 1000 year old Ginkgo trees unlocked