ചീറിപ്പായും കാറുകളുടെ രഹസ്യം അറിയാമോ?

റേസിങ് കാറുകൾ കണ്ടിട്ടില്ലേ? ഇവയിൽ ഏറ്റവും വേഗമേറിയ കാറുകൾ ഫോർമുല 1 എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിലെ ഫോർമുല എന്നത്, ആ വിഭാഗത്തിൽ മത്സരിക്കുന്ന കാറുകളും, മത്സരാർത്ഥികളും പാലിക്കേണ്ട നിയമങ്ങളെ സൂചിപ്പിക്കുന്നു. ഏതാണ്ട് 80, 000 ഘടകങ്ങൾ നൂറു ശതമാനം കൃത്യതയോടെ കൂട്ടി യോജിപ്പിച്ചാണ് ഒരു ഫോർമുല 1 കാർ നിർമിക്കുന്നത്.

ഫോർമുല 1 കാറിനെ അനുകരിച്ച് ഉയർന്ന വേഗത്തിൽ റോഡിലൂടെ സാധാരണ വാഹനങ്ങൾ ഓടിച്ചാൽ അപകടത്തിനു സാധ്യതയുണ്ട്. വേഗത കൂടുന്നതോടൊപ്പം വാഹനം റോഡിൽ നിന്ന് ഉയർന്നു പോകുന്ന അനുഭവമുണ്ടാകാനും മതി.അമിതവേഗത്തിൽ പോകുമ്പോൾ കാറിന്റെ മേൽ ഭാഗത്തും വായുവിന്റെ വേഗം കൂടും. ഇങ്ങനെ വരുമ്പോൾ അവിടെയുള്ള മർദം കുറയുകയും (ബെർണോളി തത്വം), ചെറിയ മർദം കാറിനെ ഉയർത്താൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ മൽസര കാറുകളിൽ വേഗം കൂടുമ്പോൾ ചക്രങ്ങൾ റോഡിലേക്ക് കൂടുതൽ ചേർന്ന് പോകും. ഡ്രൈവറടക്കം ഒരു കാറിനനുവദിച്ചിട്ടുള്ള ഭാരം 728 കിലോഗ്രാമാണ്. മണിക്കൂറിൽ 360 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുള്ള ഇവയ്ക്ക് ഏതാണ്ട് 200 കിലോമീറ്റർ വേഗതയ്ക്ക് അടുത്തെത്തുമ്പോൾ ഭാരത്തിനു തുല്യമായ ബലം താഴേക്ക് സൃഷ്ടിക്കാൻ കഴിയും. അതായത്, വേണമെങ്കിൽ ഒരു പ്രതലത്തിൽ തല കീഴായി സഞ്ചരിക്കാൻ വേണമെങ്കിൽ ഇവയ്ക്കു കഴിയും!

കാർബൺ ഫൈബർ കൊണ്ടു നിർമിച്ച ഭാരം കുറഞ്ഞതും ശക്തി കൂടിയതുമായ ബോഡി,1200 ഡിഗ്രി സെൽഷ്യസോളം ചൂട് താങ്ങുന്ന റബർ കൊണ്ട് നിർമിച്ച ടയർ എന്നിവയൊക്കെ ഇവയിലുണ്ട്. സാധാരണ വാഹനങ്ങൾ ചക്രങ്ങളും റോഡുമായുള്ള ഘർഷണം കാരണമാണു സഞ്ചരിക്കുന്നതെങ്കിൽ, റേസിങ് കാറുകൾ ഉയർന്ന വേഗതയിൽ ഘർഷണം നഷ്ടമാകുന്നതിനാൽ റോഡും ചക്രവും കൂടി ഉരുകി ചേർന്നുള്ള പ്രതിപ്രവർത്തനത്താലാണ് സഞ്ചരിക്കുന്നത്.

നൈട്രജൻ കൂടുതലുള്ള വായു നിറച്ച ടയറുകളാണ് ഓരോ മൽസരത്തിനും ഉപയോഗിക്കുക.