'നിഗൂഢതകൾ നിറഞ്ഞ നിബിഡവനം'

സീമ ശ്രീലയം

‘നിഗൂഢതകൾ നിറഞ്ഞ നിബിഡവനം’ എന്നാണ് ഫ്രീഡ്റിച് വോളർ എന്ന രസതന്ത്രജ്ഞൻ കാർബണിക രസതന്ത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ കാണാം കാർബണിന്റെ ഇന്ദ്രജാലം. നമ്മുടെ ശരീരത്തിൽ, ഭക്ഷണത്തിൽ, ഔഷധങ്ങളിൽ, വസ്ത്രത്തിൽ, പ്ലാസ്റ്റിക്കുകളിൽ, എണ്ണ, സോപ്പ്, ഡിറ്റർജന്റ്, ചായങ്ങൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നിത്യോപയോഗ വസ്തുക്കളിൽ എന്നു വേണ്ട എവിടെയുമുണ്ട് കാർബണിക സംയുക്തങ്ങളുടെ സാന്നിധ്യം. ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളതും നിർമിക്കപ്പെട്ടതുമായ കാർബണിക സംയുക്തങ്ങളുടെ എണ്ണം എല്ലാം കൂടി ഏതാണ്ട് ഒരു കോടിയോളം വരും. ഇതിൽ പ്രകൃതിദത്തമായവയും മനുഷ്യൻ പരീക്ഷണശാലയിൽ കൃത്രിമമായി നിർമിച്ചെടുത്തവയും ഉൾപ്പെടും കേട്ടോ. ആരെയും വിസ്മയിപ്പിക്കുന്നതാണ് കാർബണിന്റെ ഇന്ദ്രജാലങ്ങൾ. ഭൂമിയിൽ ആദിമ ജീവകണത്തിന്റെ പിറവിക്കു പിന്നിലുമുണ്ട് കാർബണിന്റെ മാജിക്. ഭൗമേതര ജീവൻ തേടുന്ന ഗവേഷണങ്ങളിൽ ചില കാർബണിക സംയുക്തങ്ങളുടെ സാന്നിധ്യം തിരയുന്നതിന്റെ കാരണം മനസ്സിലായില്ലേ?

കൗതുക ചരിത്രം

കാർബണിക സംയുക്തങ്ങളെക്കുറിച്ച് പഠിക്കുന്ന രസതന്ത്രശാഖയാണ് ഓർഗാനിക് കെമിസ്ട്രി അഥവാ കാർബണിക രസതന്ത്രം. ഓർഗാനിക് കെമിസ്ട്രി എന്ന പേരിനു പിന്നിൽ കൗതുകമുണർത്തുന്നൊരു ചരിത്രമുണ്ട്. സസ്യങ്ങളിലും ജന്തുക്കളിലുമൊക്കെയുള്ള കാർബണിക സംയുക്തങ്ങൾ കൃത്രിമമായി നിർമിക്കാനുള്ള ശ്രമങ്ങൾക്ക് പഴക്കമേറെയുണ്ട്. ഏറെക്കാലം കഴിഞ്ഞിട്ടും ഇത് വിജയിക്കാതെ വന്നപ്പോൾ ശാസ്ത്രജ്ഞർ ഒരു നിഗമനത്തിലെത്തി. സസ്യങ്ങളിലെയും ജന്തുക്കളിലെയും ജൈവശക്തിയാണ് ഈ സംയുക്തങ്ങളുടെ നിർമാണത്തിനു പിന്നിൽ! ഇത് കൃത്രിമമായി നിർമിക്കാൻ സാധിക്കില്ല! എന്നാൽ 1828ൽ ഫ്രീഡ്റിച് വോളർ എന്ന ജർമൻ രസതന്ത്രജ്ഞൻ തന്റെ തന്നെ ഒരു പരീക്ഷണഫലമായി ലഭിച്ച ഉൽപന്നം പരിശോധിച്ചപ്പോൾ ശരിക്കും ഞെട്ടി. കാരണമുണ്ട്. അതുവരെ രസതന്ത്രലോകത്ത് നിലനിന്നിരുന്ന ഒരു അബദ്ധധാരണ തിരുത്തിക്കുറിക്കുന്ന കണ്ടുപിടിത്തമായിരുന്നു അത്. അമോണിയം സയനേറ്റ് എന്ന അജൈവ രാസപദാർഥം ചൂടാക്കിയപ്പോൾ ലഭിച്ചത് ജൈവ പദാർഥമായ യൂറിയ. ഇതോടെ ജൈവശക്തി സിദ്ധാന്തം കടപുഴകി വീണു. കോൽബെ 1845ൽ അസറ്റിക് ആസിഡും ബെർതെലോട്ട് 1856ൽ മീഥെയ്‌നും എമിൽ ഫിഷർ 1890ൽ ഗ്ലൂക്കോസും കൃത്രിമമായി നിർമിച്ചു. തുടർന്ന് കർപ്പൂരം, ടെർപീനിയോൾ എന്നിവയും നിർമിക്കപ്പെട്ടു. ഇതോടെ പേര് ഓർഗാനിക് കെമിസ്ട്രി എന്നാണെങ്കിലും ജൈവവും അജൈവവുമായ കാർബണിക സംയുക്തങ്ങളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയായി ഇതു മാറി. ഓർഗാനിക് കെമിസ്ട്രിയിൽ വിസ്മയങ്ങളുടെ പൂക്കാലം വിരുന്നിനെത്തുകയും ചെയ്തു. കാർബൺ അടങ്ങിയ എല്ലാ സംയുക്തങ്ങളെയും ഓർഗാനിക് സംയുക്തങ്ങളായി പരിഗണിക്കുന്നില്ല കേട്ടോ. കാർബൺ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ്, ലോഹ കാർബണേറ്റുകൾ, ബൈകാർബണേറ്റുകൾ എന്നിവയൊക്കെ അകാർബണിക രസതന്ത്രത്തിലാണ് (ഇനോർഗാനിക് കെമിസ്ട്രി) വരുന്നത്.

തരംതിരിക്കാൻ മാർഗം പലത്

കാർബണിക സംയുക്തങ്ങളെ പല തരത്തിൽ വർഗീകരിക്കാം. ഘടനയുടെ അടിസ്ഥാനത്തിൽ ഓപ്പൺ ചെയിൻ സംയുക്തങ്ങൾ എന്നും (ആലിഫാറ്റിക് സംയുക്തങ്ങൾ) വലയ സംയുക്തങ്ങളെന്നും തിരിക്കാം. വലയ സംയുക്തങ്ങളെ ആലിസൈക്ലിക് എന്നും അരോമാറ്റിക് എന്നും വീണ്ടും തരംതിരിക്കാം. കാർബൺ ആറ്റങ്ങളോട് ഹൈഡ്രജൻ ആറ്റങ്ങൾ ചേർന്നുണ്ടാവുന്ന സംയുക്തങ്ങളാണ് ഹൈഡ്രോകാർബണുകൾ. കാർബൺ ആറ്റത്തിന്റെ സംയോജകത മുഴുവൻ ഏകബന്ധനം വഴി പൂർത്തിയാക്കപ്പെട്ട പൂരിത ഹൈഡ്രോകാർബണുകളാണ് ആൽക്കെയ്‌നുകൾ (alkanes). ആൽക്കീനുകളും ആൽക്കൈനുകളും അപൂരിത ഹൈഡ്രോകാർബണുകളാണ്. ദ്വിബന്ധനമുള്ള അപൂരിത ഹൈഡ്രോകാർബണുകളാണ് ആൽക്കീനുകൾ (alkenes). ത്രിബന്ധനമുള്ള അപൂരിത ഹൈഡ്രോകാർബണുകളാണ് ആൽക്കൈനുകൾ (alkynes). ഇവയെ ഒക്കെ സൂചിപ്പിക്കാൻ ചില പൊതുവാക്യങ്ങളുണ്ട്. ആൽക്കെയ്‌നുകളുടെ പൊതുവാക്യം CnH2n+2 എന്നും ആൽക്കീനുകളുടെ പൊതുവാക്യം CnH2n എന്നും ആൽക്കൈനുകളുടെ പൊതുവാക്യം CnH2n-2 എന്നുമാണ്. ഇവിടെ n എന്നത് കാർബൺ ആറ്റങ്ങളുടെ എണ്ണത്തെയാണ് സൂചിപ്പിക്കുന്നത് കേട്ടോ. ഏറ്റവും ലഘുവായ ആൽക്കെയ്‌ൻ ആണ് മീഥെയ്‌ൻ (CH4). ഏറ്റവും ലഘുവായ ആൽക്കീൻ ഈഥീൻ (C2H4) ആണ്. ഏറ്റവും ലഘുവായ ആൽക്കൈൻ ആണ് ഈഥൈൻ (C2H2). ആൽക്കെയ്‌ൻ, ആൽക്കീൻ, ആൽക്കൈൻ ശ്രേണിയിലെ മറ്റ് അംഗങ്ങളെക്കുറിച്ചും നിത്യജീവിതത്തിൽ ഇവയുടെ ഉപയോഗങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കൂ.

ഫോസിൽ ഇന്ധനങ്ങളിലും

കൽക്കരിയും പെട്രോളിയവും പ്രകൃതിവാതകവും ഫോസിൽ ഇന്ധനങ്ങൾ എന്നാണല്ലോ അറിയപ്പെടുന്നത്. കൽക്കരിയിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവനുസരിച്ച് അതിനെ ആന്ത്രസൈറ്റ്, ബിറ്റുമിനസ് കോൾ, ലിഗ്നൈറ്റ്, പീറ്റ് എന്നിങ്ങനെ തരംതിരിക്കാം. ഇക്കൂട്ടത്തിൽ കാർബണിന്റെ അളവ് ഏറ്റവും കൂടിയത് ആന്ത്രസൈറ്റും കുറഞ്ഞത് പീറ്റും ആണ്. വിവിധതരം ഹൈഡ്രോകാർബണുകളുടെ മിശ്രിതമാണ് പെട്രോളിയം. പെട്രോളിയത്തിന്റെ അംശികസ്വേദനത്തിലൂടെ ലഭിക്കുന്ന ഘടകങ്ങൾ ഏതൊക്കെ എന്നറിയാമോ? വിവിധ വാതക ഹൈഡ്രോകാർബണുകൾ, നാഫ്ത, പെട്രോൾ, മണ്ണെണ്ണ, ഡീസൽ, ലൈറ്റ് പെട്രോളിയം, പെട്രോളിയം ഈഥർ, ഹെവി ഓയിൽ, പാരഫിൻ വാക്സ്, ലൂബ്രിക്കേറ്റിങ് ഓയിൽ, പെട്രോളിയം ജെല്ലി, ടാർ, അസ്ഫാൾട്ട്, ബിറ്റുമിൻ എന്നിങ്ങനെ പോവുന്നു ആ പട്ടിക. പെട്രോളിയത്തിൽ നിന്നു വേർതിരിച്ചെടുക്കുന്ന വസ്തുക്കൾ ഉപയോഗിച്ചു നിർമിക്കുന്ന വസ്തുക്കളാണ് പെട്രൊകെമിക്കലുകൾ. പ്ലാസ്റ്റിക്, ഔഷധങ്ങൾ, ചായങ്ങൾ, കൃത്രിമ നൂലുകൾ, കോസ്മെറ്റിക്കുകൾ, വിവിധ പോളിമറുകൾ എന്നിവയുടെയൊക്കെ നിർമാണത്തിൽ പെട്രോകെമിക്കലുകൾ ഉപയോഗിക്കുന്നു. പ്രകൃതിവാതകം എന്നത് മീഥെയ്‌ൻ ആണ്.

ദ്രവീകൃത പ്രകൃതിവാതകമാണ് എൽഎൻജി(ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്). സിഎൻജി എന്നു പറഞ്ഞാൽ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് ആണ്.

ജീവന്റെ രസതന്ത്രം

കാർബണിക രസതന്ത്രത്തിൽ നിന്നു തുടങ്ങി പടർന്നുപന്തലിച്ച് വിസ്മയങ്ങളുടെ പെരുമഴ പെയ്യിക്കുന്ന ശാസ്ത്രശാഖയാണ് ജൈവരസതന്ത്രം (ബയോകെമിസ്ട്രി).

ജീവന്റെ രസതന്ത്രമാണത്. ജീവജാലങ്ങളിൽ നടക്കുന്ന ജൈവരസതന്ത്ര പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനമാണിത്. ഫെർമന്റേഷനിൽ നിന്നും എൻസൈമുകളിൽ നിന്നുമൊക്കെ തുടങ്ങി കോശത്തിന്റെ അതിസൂക്ഷ്മതലങ്ങളിലേക്ക് വരെ വെളിച്ചം വീശിക്കഴിഞ്ഞു ഈ രംഗത്തെ ഗവേഷണങ്ങൾ.

ഇന്ദ്രജാല രഹസ്യം

കാർബണിന്റെ മാജിക്കിനു പിന്നിലെ രഹസ്യം എന്താവും എന്നാണോ സംശയം? കാർബൺ ആറ്റത്തിന്റെ സംയോജകത നാല് ആണെന്നറിയാമല്ലോ. കാർബൺ ആറ്റങ്ങൾക്ക് പരസ്പരം ബന്ധനത്തിൽ ഏർപ്പെട്ട് ദീർഘമായ ശൃംഖലാ രൂപത്തിലും വലയ രൂപത്തിലുമുള്ള സംയുക്തങ്ങൾ രൂപീകരിക്കാനുള്ള കഴിവുണ്ട്. കാർബണിന്റെ ഈ സവിശേഷതയ്ക്കൊരു പേരുണ്ട്. അതാണ് കാറ്റനേഷൻ (Catenation). ഐസോമെറിസവും കാർബണിക സംയുക്തങ്ങളിലെ വൈവിധ്യത്തിനു കാരണമാണ്. ഒരേ തന്മാത്രാവാക്യമാണെങ്കിലും വ്യത്യസ്ത ഘടനയും വ്യത്യസ്ത രാസ, ഭൗതിക സ്വഭാവങ്ങളുമുള്ള സംയുക്തങ്ങളാണ് ഐസോമെറുകൾ. ഉദാഹരണത്തിന് എഥനോളിന്റെയും (CH3CH2OH) ഡൈ മീഥൈൽ ഈഥറിന്റെയും (CH3-O-CH3) തന്മാത്രാവാക്യം C2H6O ആണ്. എന്നാൽ ഈ രണ്ട് സംയുക്തങ്ങളുടെയും സ്വഭാവങ്ങൾ തമ്മിൽ ഒരു സാമ്യവുമില്ല. ഇതുപോലെ ഒരുപാടൊരുപാട് ഐസോമെറുകളുണ്ട് കാർബണിക രസതന്ത്രത്തിൽ.

പേരിൽ നോ കൺഫ്യൂഷൻ - IUPAC

പ്രകൃതി എന്ന മഹാരസതന്ത്രജ്ഞ കാർബൺകൊണ്ടു തീർക്കുന്ന വിസ്മയങ്ങൾ ആരെയും അദ്ഭുതപ്പെടുത്തും. ഇതേപോലെ കാർബണിക സംയുക്തങ്ങൾ കൃത്രിമമായി നിർമിക്കുന്ന സിന്തറ്റിക് ഓർഗാനിക് കെമിസ്ട്രിയുടെ കുതിച്ചുചാട്ടവും വിസ്മയകരമാണ്. കോംബിനറ്റോറിയൽ സിന്തസിസും ഓട്ടോമേറ്റഡ് സിന്തസൈസറുകളും വിവിധ സ്പെക്ട്രോസ്കോപ്പിക് സങ്കേതങ്ങളുടെ രംഗപ്രവേശവുമൊക്കെ പുതിയ പുതിയ കാർബണിക സംയുക്തങ്ങളുടെ കടന്നുവരവിനു വഴിയൊരുക്കി.

ഈ സംയുക്തങ്ങളൊക്കെ വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിൽ അറിയപ്പെട്ടാൽ എന്താവും സ്ഥിതി? രസതന്ത്രത്തിന്റെ രസം മുഴുവൻ ചോർന്നുപോയതു തന്നെ. അങ്ങനെ സംഭവിക്കാതിരിക്കാൻ സഹായിക്കുന്നത് IUPAC ആണ്. IUPAC എന്നാൽ ഇന്റർനാഷനൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് കെമിസ്ട്രി. സംയുക്തങ്ങളുടെ പേരിടീലിനായി ഏകീകൃത നിയമങ്ങൾ കൊണ്ടുവരുന്നത് ഐയുപിഎസി ആണ്. ലോകമെങ്ങും ഈ നിയമങ്ങൾക്കനുസൃതമായാണ് കാർബണിക സംയുക്തങ്ങളുടെ നാമകരണം. അതുകൊണ്ട് പേരിന്റെ കാര്യത്തിൽ നോ കൺഫ്യൂഷൻ.

സ്വഭാവം നിർണയിക്കുന്ന ഗ്രൂപ്പുകൾ

ചില ആറ്റങ്ങളുടെയോ ഗ്രൂപ്പുകളുടെയോ സാന്നിധ്യം കാർബണിക സംയുക്തങ്ങൾക്ക് പ്രത്യേക രാസ, ഭൗതിക സ്വഭാവങ്ങൾ നൽകും. ഇവയെ ഫങ്ഷനൽ ഗ്രൂപ്പുകൾ (functional groups) എന്നാണ് വിളിക്കുന്നത്. -OH ഫങ്ഷനൽ ഗ്രൂപ്പ് അടങ്ങിയ സംയുക്തങ്ങളാണ് ആൽക്കഹോളുകൾ. മറ്റു ചില ഫങ്ഷനൽ ഗ്രൂപ്പുകളും അവയടങ്ങിയ സംയുക്തങ്ങൾക്ക് പൊതുവായി പറയുന്ന പേരുകളും ഇതാ. -CHO (ആൽഡിഹൈഡുകൾ), -CO- (കീറ്റോണുകൾ), -COOH (കാർബോക്സിലിക് ആസിഡുകൾ), -NH2 (അമിനുകൾ), -O-R (ഈതറുകൾ), -F, -Cl, -Br, -I (ഹാലോ സംയുക്തങ്ങൾ), -NO2 (നൈട്രോ സംയുക്തങ്ങൾ). വേറെയുമുണ്ട് ഫങ്ഷനൽ ഗ്രൂപ്പുകൾ. അവയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കൂ.

വമ്പൻ തന്മാത്രകൾ

അനേകം ചെറു തന്മാത്രകൾ ചേർന്നുണ്ടാവുന്ന വമ്പൻ തന്മാത്ര. അതാണ് പോളിമർ. പോളിമറിന്റെ അടിസ്ഥാന ഘടകമായ ചെറുതന്മാത്രകളെ മോണോമെറുകൾ എന്നാണ് വിളിക്കുന്നത്. പോളിമറുകളുടെ കലവറ തന്നെയാണ് ജീവലോകം. ന്യൂക്ലിക് അമ്ലം, പ്രോട്ടീനുകൾ, സെല്ലുലോസ്, സ്റ്റാർച്ച്, പ്രകൃതിദത്ത റബർ, പട്ടുനൂൽ, കമ്പിളി ഇവയൊക്കെ പ്രകൃതിദത്ത പോളിമറുകളാണ്.

കൃത്രിമ പോളിമറുകളും ധാരാളം. പോളി വിനൈൽ ക്ലോറൈഡ് (പിവിസി), പോളി എഥിലീൻ, പോളിസ്റ്റൈറീൻ, പോളി എഥിലീൻ ടെറിഫ്താലേറ്റ് തുടങ്ങി നമുക്കു പരിചിതമായതും അല്ലാത്തതുമായ പ്ലാസ്റ്റിക്കുകളൊക്കെ പോളിമറുകളാണ്. ടെഫ്‌ലോൺ എന്ന പോളിമർ രാസപരമായി പോളി ടെട്രാഫ്ലൂറോ എഥിലീൻ ആണ്. നൈലോൺ, റയോൺ തുടങ്ങിയ കൃത്രിമനാരുകളും നിയോപ്രിൻ, തയോക്കോൾ, സ്റ്റൈറീൻ ബ്യൂട്ടാഡൈ ഈൻ തുടങ്ങിയ കൃത്രിമ റബറുകളുമൊക്കെ മനുഷ്യനിർമിത പോളിമറുകളാണ്. ഇങ്ങനെ നമുക്ക് നിത്യജീവിതത്തിൽ ഉപയോഗമുള്ള പോളിമറുകളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കൂ.

ബക്കിബോൾ മുതൽ ക്യു കാർബൺ വരെ

കുഞ്ഞുകണങ്ങളുടെ സാങ്കേതികവിദ്യയായ നാനോ ടെക്നോളജിയിലെയും മിന്നും താരമാണ് കാർബൺ. വജ്രവും ഗ്രാഫൈറ്റും മരക്കരിയും എല്ലുകരിയും വിളക്കുകരിയുമൊക്കെ കർബണിന്റെ വിവിധ രൂപങ്ങൾ ആണെന്നറിയാമല്ലോ. അറുപത് കാർബൺ ആറ്റങ്ങൾ കൂടിച്ചേർന്നുണ്ടാവുന്ന, ഫുട്ബോളിന്റെ ആകൃതിയുള്ള ഒരു രൂപാന്തരമുണ്ട് കാർബണിന്. അതാണ് ബക്ക്മിൻസ്റ്റർ ഫുള്ളറീൻ അഥവാ ബക്കിബോൾ. 1985ൽ റിച്ചാർഡ് ഇ. സ്മോളി, ഹരോൾഡ് ക്രോട്ടോ, റോബർട്ട് എഫ്. കേൾ എന്നീ ഗവേഷകർ ഗ്രാഫൈറ്റിനെ ലേസർ ഉപയോഗിച്ചു ബാഷ്പീകരിക്കുന്ന പരീക്ഷണങ്ങൾക്കിടയിലാണ് ഈ കണ്ടുപിടിത്തം നടത്തിയത്.

ഈ കണ്ടുപിടിത്തം 1996ലെ രസതന്ത്ര നൊബേൽ സമ്മാനത്തിന് അർഹമാവുകയും ചെയ്തു. ഗോളാകൃതിയിലുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിൽ വിദഗ്ധനായിരുന്നു ബക്ക്മിൻസ്റ്റർ ഫുള്ളർ. അദ്ദേഹം രൂപകല്പന ചെയ്ത കെട്ടിടങ്ങളോട് സാദൃശ്യമുള്ളതുകൊണ്ടാണ് C–60ക്ക് ആ പേരു നൽകിയത്. വ്യത്യസ്ത എണ്ണം കാർബൺ ആറ്റങ്ങൾ ഉള്ള ഫുള്ളറീനുകൾ കണ്ടെത്താനും നിർമിക്കാനുമൊക്കെ ബക്കിബോൾ വഴിയൊരുക്കി. നാനോ ടെക്നോളജിയിൽ കാർബൺ നാനോട്യൂബുകളും ഗ്രാഫീൻ എന്ന അദ്ഭുതപദാർഥവുമൊക്കെ പുതിയ സാധ്യതകളുടെ വാതായനങ്ങൾ തുറന്നിട്ടു.. 2015ൽ യുഎസിലെ നോർത്ത് കരോലിന സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകർ വജ്രത്തെക്കാൾ കാഠിന്യമുള്ള കാർബണിന്റെ ഒരു രൂപാന്തരത്തെ പരീക്ഷണശാലയിൽ നിർമിച്ചെടുത്തു. അതാണ് ക്യു കാർബൺ.

കൂട്ടുകാർക്ക് ചെയ്യാൻ

പ്രാചീനകാലം തൊട്ടേ മനുഷ്യനു പരിചയമുള്ള മൂലകമാണ് കാർബൺ. കരി എന്നർഥമുള്ള കാർബോ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് കാർബൺ എന്ന പേരിന്റെ വരവ്. ആവർത്തനപ്പട്ടികയിൽ പതിനാലാം ഗ്രൂപ്പിലെ ആദ്യ അംഗമാണ് കാർബൺ. അറ്റോമിക നമ്പർ – 6. ആപേക്ഷിക അറ്റോമിക മാസ്സ് - 12.011

കാർബണിന്റെ രാസ, ഭൗതിക സ്വഭാവങ്ങൾ, വിവിധ രൂപാന്തരങ്ങൾ, അവയുടെ സവിശേഷതകൾ, ഉപയോഗങ്ങൾ എന്നിവയെക്കുറിച്ചൊക്കെ വിവരങ്ങൾ ശേഖരിച്ച് ഒരു കാർബൺ കയ്യെഴുത്തു മാസിക തയാറാക്കിയാലോ ?

ജീവജാലങ്ങളുടെ ശരീരത്തിലും ഭക്ഷ്യവസ്തുക്കളിലും നിത്യോപയോഗ സാധനങ്ങളിലുമൊക്കെ അടങ്ങിയിരിക്കുന്ന കാർബണിക സംയുക്തങ്ങൾ ഏതൊക്കെയെന്ന് അറിയാൻ ശ്രമിക്കൂ.