മനുഷ്യനെ തുരന്നു തിന്നുമോ?; ഈജിപ്തിലെ കല്ലറയിൽ കണ്ടെത്തി ‘ദ് മമ്മി’ വണ്ടുകൾ!

നവീൻ മോഹൻ

‘ദ് മമ്മി’ സിനിമ കണ്ടിട്ടുള്ള കുട്ടിക്കൂട്ടുകാർ പിന്നീടെപ്പോഴെങ്കിലും കറുത്ത വണ്ടുകളെ കണ്ടിട്ടുണ്ടെങ്കിൽ തൊട്ടുനോക്കാൻ ഒന്നു മടിക്കും. ചിലപ്പോൾ ജീവനും കൊണ്ട് ഓടിയെന്നും വരും. കാൽവിരൽ തുളച്ചു കയറി ശരീരത്തിലൂടെ തുരന്നുതുരന്ന് മുകളിലേക്കെത്തി വായിൽക്കൂടിയും കണ്ണിലൂടെയും മൂക്കിലൂടെയുമെല്ലാം പുറത്തേക്കു വരുന്ന തരം വണ്ടുകളാണ് ‘ദ് മമ്മി’ സിനിമയിലുള്ളത്. വർഷങ്ങളോളം ഭക്ഷണമോ വെള്ളമോ കൂടാതെ ജീവിക്കാൻ ഇവയ്ക്കു സാധിക്കും. മമ്മികൾക്കൊപ്പമുള്ള സ്വർണനിധി മറ്റാരും മോഷ്ടിക്കാതിരിക്കാൻ വേണ്ടി കാവലിനാണ് ഈ വണ്ടുകളെയും ഒപ്പം അടക്കം ചെയ്യുന്നത്. സിനിമയിലെ ഈ വണ്ട് യഥാർഥത്തിൽ ഇല്ലാത്തതാണ്. പലതരം വണ്ടുകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് സംവിധായകൻ ഇതിനു രൂപം നൽകിയത്. എന്നാൽ പുരാതന ഈജിപ്തിൽ ഇത്തരം വണ്ടുകൾക്കു നിർണായക സ്ഥാനമുണ്ടായിരുന്നെന്നാണു പറയപ്പെടുന്നത്.

ചാണകവണ്ടുകൾ എന്നു നമ്മുടെ നാട്ടിൽ വിളിക്കുന്ന ‘സ്കാറബ്സ് ബീറ്റീൽസാണ്’ ഇപ്പോൾ പുരാവസ്തു ഗവേഷകർക്കിടയിലെ ചർച്ചാവിഷയം. ‘ദ് മമ്മി’ സിനിമയിലേതിനു സമാനമായ രീതിയിൽ ഈജിപ്തിലെ ഒരു ശവകുടീരത്തിൽ നിന്ന് പല വലുപ്പത്തിലുള്ള വണ്ടുകളുടെയും സംരക്ഷിക്കപ്പെട്ട മൃതദേഹങ്ങൾ ലഭിച്ചിരിക്കുന്നു. അജ്ഞാതമായ ആ കല്ലറ ആരുടേതാണെന്നു പോലും ഗവേഷകർക്കു പിടികിട്ടിയിട്ടില്ല. വണ്ടുകളുടെ ‘മമ്മികൾ’ മാത്രമല്ല പൂച്ചകളെയും ഇതുപോലെ സംരക്ഷിച്ചിട്ടുണ്ടായിരുന്നു. കൂടാതെ മരം കൊണ്ടുള്ള കരിമൂർഖന്റെ ശിൽപവും മുതലയുടെ മമ്മിയും വിവിധ ആഭരണങ്ങളുമൊക്കെയായി ആകെ ദുരൂഹത. ഈജിപ്തിലെ അഞ്ചാം രാജവംശത്തിന്റെ കാലത്തെ കല്ലറയാണിതെന്നാണു കരുതുന്നത്. ബിസി 2500 മുതൽ 2350 വരെ ഈജിപ്ത് ഭരിച്ചതാണ് ഈ രാജവംശം. കയ്റോയ്ക്ക് തെക്കായി ഉസെര്‍ക്കഫ് എന്ന രാജാവിന്റെ പിരമിഡുകളോടു ചേർന്ന് ഒരു കുന്നിൻപുറത്താണു പുതിയ കുടീരം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ആറുമാസത്തിനിടെ ഇവിടത്തെ ഗവേഷണത്തിൽ കണ്ടെത്തിയത് ഏഴു കുടീരങ്ങൾ. 2013ൽ ഈ മേഖലയിലെ ഗവേഷണം നിർത്തിയിട്ടതായിരുന്നു. ഈ വർഷം പുനഃരാരംഭിച്ചപ്പോൾ ലഭിച്ചതാകട്ടെ കണ്ണഞ്ചിപ്പിക്കുന്ന പുരാവസ്തുക്കളും.

രാജാക്കന്മാരെ മമ്മികളാക്കി മാറ്റിയായിരുന്നു ഈജിപ്തിൽ അടക്കം ചെയ്തിരുന്നത്. എന്നാൽ ഇവയ്ക്കൊപ്പം മൃഗങ്ങളുടെ മമ്മികളെ ലിനൻ തുണിയിൽ പൊതിഞ്ഞ‍ു സൂക്ഷിച്ചത് ആചാരത്തിന്റെ ഭാഗമായിട്ടായിരുന്നു. ‘സ്കാറബ്സ്’ വണ്ടുകളുടെ മമ്മികളെ ഇത്തരത്തിൽ ലിനനിൽ പൊതിഞ്ഞ്, യാതൊരു കുഴപ്പവുമില്ലാതെ ചുണ്ണാമ്പുകല്ലു കൊണ്ടുള്ള ഒരു അറയിലാണു സൂക്ഷിച്ചിരുന്നത്. കല്ലറയ്ക്ക് ഭംഗിയുള്ള ഒരു കവചവും ഉണ്ടായിരുന്നു. മറ്റൊരു കല്ലറയ്ക്കു മുകളിൽ ഈ വണ്ടുകളുടെ ചിത്രം വരച്ചിട്ടിരുന്നു. അത്തരത്തിലുള്ള ഒരു കല്ലറ ഇതിനു മുൻപ് കണ്ടിട്ടില്ലെന്നും ഗവേഷകർ പറയുന്നു. അതും തുറന്നു നോക്കിയപ്പോൾ പലതരത്തിലുള്ള സ്കാറബ്സ് വണ്ടുകളുടെ മമ്മികളായിരുന്നു നിറയെ. കണ്ടെത്തിയ കാര്യങ്ങളെല്ലാം പ്രദർശനത്തിനെത്തിക്കാൻ നോക്കിയപ്പോഴാണ് ഒരു കുടീരത്തിന്റെ മാത്രം വാതിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. സൂക്ഷ്മപരിശോധനയിൽ മനസ്സിലായി, അനേകവർഷമായി ആ കല്ലറ ഒരാളു പോലും തൊട്ടുനോക്കിയിട്ടില്ലെന്ന്. വരുംനാളുകളിൽ അതും തുറക്കാനിരിക്കുകയാണു ഗവേഷകര്‍. എന്തെല്ലാം രഹസ്യങ്ങളായിരിക്കും അതിനകത്തു കാത്തിരിക്കുന്നുണ്ടാവുക?