ഓരോ മണിക്കൂറിലും 18 ലക്ഷം രൂപ ലാഭവുമായി വാൾമാർട്ട് !, Samuel Moore Walton, Walmart, Success Story, Padhippura, Manorama Online

ഓരോ മണിക്കൂറിലും 18 ലക്ഷം രൂപ ലാഭവുമായി വാൾമാർട്ട് !

വളരെ തിരക്കുപിടിച്ചതാണ് സാം എന്ന കുട്ടിയുടെ ഓരോ ദിവസവും. രാവിലെ നേരത്തേ എഴുന്നേൽക്കണം, പശുവിനെ കറക്കണം, പാൽ ആവശ്യക്കാർക്ക് സൈക്കിളിൽ എത്തിച്ചു കൊടുക്കണം. ഇതിനു പുറമേ പത്രം ഇടുന്ന ജോലിയും!

1918 ൽ അമേരിക്കയിലെ ഓക്‌ലഹോമ സംസ്ഥാനത്താണ് സാം എന്ന സാമുവൽ മൂർ വാൾട്ടൺ ജനിച്ചത്. സാധാരണ കുടുംബമായിരുന്നു സാമിന്റേത്. അതുകൊണ്ടു വീട്ടിലെ കാര്യങ്ങൾക്കായി അവന് നന്നായി അധ്വാനിക്കേണ്ടി വന്നു.

കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനിടെ സാം ചെയ്യാത്ത തൊഴിലുകളില്ല. പഠനത്തിന്റെ ഇടവേളകളിൽ സാം എന്തെങ്കിലുമൊക്കെ ജോലി ചെയ്തുകൊണ്ടേയിരിക്കും!

രണ്ടാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലമായിരുന്നു. പഠനം പൂർത്തിയായ സാം അമേരിക്കൻ സൈന്യത്തിൽ ചേർന്നു. യുദ്ധം കഴിഞ്ഞെത്തിയപ്പോൾ എന്തെങ്കിലും ബിസിനസ്സ് തുടങ്ങാൻ ശ്രമം തുടങ്ങി.

സൈന്യത്തിൽ നിന്നു കിട്ടിയ ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ച ഒരു തുക സാമിന്റെ കയ്യിലുണ്ടായിരുന്നു. ബന്ധുക്കളിൽനിന്ന് കടം വാങ്ങിയതും കൂടി ചേർന്നപ്പോൾ വലിയൊരു തുകയായി.

അന്നത്തെ വലിയ വ്യാപാരശൃംഖലയായ ബെൻഫ്രാങ്ക്ളിൻ സ്റ്റോഴ്സിന്റെ ഒരു ശാഖ സാം വാങ്ങി നടത്താൻ തുടങ്ങി. കച്ചവടം കൂട്ടാൻ സാം ഒരു സൂത്രം ചെയ്തു. മറ്റു വ്യാപാര സ്ഥാപനങ്ങളിലുള്ളതിനേക്കാൾ വില കുറച്ചു വിൽക്കുക! മാത്രമല്ല വരുന്നവർക്ക് മറ്റു കടകളിൽ കിട്ടുന്നതിനേക്കാൾ പരിഗണന നൽകുക!

തന്റെ കടയിലേക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ തരാൻ തയാറുള്ള കുറേ സപ്ലയർമാരെയും സാം കണ്ടെത്തി. സാമിന്റെ തന്ത്രം ഫലിച്ചു. ആളുകൾ സാമിന്റെ കടയിൽ ഇടിച്ചു കയറി!

പിന്നീടുള്ള വർഷങ്ങള്‍ സാമിന്റേതായിരുന്നു. കട നല്ല ലാഭത്തിലായി. ശാഖയ്ക്ക് പകരം സ്വന്തമായി ഒരു വലിയ കട തുടങ്ങിയാലെന്തെന്ന് സാം ചിന്തിച്ചു.

അങ്ങനെ 1962 ൽ വാൾട്ടൺ ‘വാൾമാർട്ട് ഡിസ്കൗണ്ട് സ്റ്റോർ’ എന്ന സ്ഥാപനം തുടങ്ങി. കച്ചവടത്തിലുള്ള പരിചയം വാൾട്ടണ് ഗുണം ചെയ്തു. വൻവിലക്കുറവിൽ വാൾമാർട്ടിൽ സാധനങ്ങൾ ലഭിക്കാൻ തുടങ്ങിയാൽ ആളുകൾ മറ്റു കടകൾ തേടി പോകുമോ? കച്ചവടം പൊടിപൊടിച്ചു. കുറച്ചുവർഷങ്ങൾക്കകം തന്നെ അമേരിക്കയിൽ വാൾമാർട്ടിന്റെ നിരവധി ശാഖകൾ തുറന്നു.

വ്യാപാരം വലുതാക്കാൻ വേണ്ടി സാം ഒരു കാര്യം കൂടി ചെയ്തു. പൊതുജനങ്ങൾക്ക് വാൾമാർട്ടിന്റെ ഓഹരികൾ വിറ്റു. വാൾമാർട്ടിന്റെ വിജയം കണ്ട് നിരവധി പേര്‍ നിക്ഷേപവുമായി എത്തി. ഈ പണമുപയോഗിച്ച് വാൾമാർട്ട് അമേരിക്കയിൽ കൂടുതൽ ബ്രാഞ്ചുകൾ തുറന്നു.

1992 ൽ സാം വാൾട്ടൻ മരിച്ചു. വ്യാപാര സ്ഥാപനം പുതിയ മേധാവികൾ ഏറ്റെടുത്തു.

വ്യാപാരത്തിൽ പല പുതിയ പരിഷ്കാരങ്ങളും വാൾമാർട്ട് കൊണ്ടുവന്നു. അതിലൊന്നായിരുന്നു ഒരു ദിവസം ഏതെങ്കിലും ഒരു സാധനം തീരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുക എന്നത്. എല്ലാ ശാഖകളെയും ഉപഗ്രഹസഹായത്തോടെ ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയും വാൾമാർട്ട് ഉപയോഗപ്പെടുത്തി. ഇതുവഴി ഏത് ശാഖകളിൽ ഏതൊക്കെ സാധനങ്ങൾ കൂടുതലായി പോകുന്നുണ്ടെന്ന കാര്യം വളരെ പെട്ടെന്ന് കേന്ദ്ര ഓഫീസിൽ അറിയാൻ കഴിഞ്ഞു.

ഇന്റർനെറ്റ് ഇന്നത്തെയത്ര വ്യാപകമാകുന്നതിന് മുൻപായിരുന്നു കേട്ടോ ഇതൊക്കെ!

1987 ൽ 25–ാം വാർഷികം ആഘോഷിക്കുമ്പോള്‍ വാൾമാർട്ടിന് അമേരിക്കയിലെമ്പാടുമായി 1198 ഷോപ്പുകളുണ്ടായിരുന്നു.

വൈകാതെ ബ്രസീലിലും അർജന്റീനയിലും യൂറോപ്പിലുമൊക്കെ വാൾമാർട്ട് ശാഖകൾ തുറന്നു.

ഇന്ന് 15 രാജ്യങ്ങളിലായി 8500 ശാഖകളുണ്ട് വാൾമാർട്ടിന്. ഇവിടെയെല്ലാമായി 20 ലക്ഷത്തിലധികം ജോലിക്കാരും.

‘വമ്പൻ’ മാർട്ട് –വാൾമാർട്ടിന്റെ എല്ലാ ശാഖകളിലുമായി ഒരു ദിവസം വരുന്ന ആളുകളുടെ എണ്ണം കാനഡയിലെ ജനസംഖ്യയേക്കാൾ കൂടുതലാണ്!

‘റോബോ’ മാർട്ട് –തുടയ്ക്കാനും മറ്റു ജോലികൾക്കുമായി പല വാൾമാർട്ട് ശാഖകളിലും റോബട്ടുകളെയാണ് നിയോഗിച്ചിരിക്കുന്നത്!

വാൾ ‘കാർട്ട്’ – ഇന്ത്യൻ കമ്പനിയായ ഫ്ലിപ് കാർട്ടിനെ വൻതുക കൊടുത്ത് വാൾ മാർട്ട് ഏറ്റെടുത്തിരുന്നു. ഇന്റർനെറ്റ് വ്യാപാര രംഗത്തേക്ക് കൂടുതൽ കടന്നുചെല്ലുന്നതിന്റെ ഭാഗമായാണ് വാൾമാർട്ട് ഈ കമ്പനിയെ ഏറ്റെടുത്തത്.

‘മക്കൾസ്’ മാർട്ട്– സാം വാൾട്ടന് നാലു മക്കളാണ്. റോബ്സൺ വാൾട്ടൺ, ജോൺ വാൾട്ടൺ, ജിം വാൾട്ടൺ, ആലിസ് വാൾട്ടൺ എന്നിവരാണവർ. വാൾ മാർട്ടിനെ വലുതാക്കിയതിൽ ഇവർക്കും പങ്കുണ്ട്.

കൂടുതൽ അറിയാൻ