കിളിക്കൊപ്പം പറന്നൊരാൾ

വിശ്വപ്രസിദ്ധ പക്ഷി ശാസ്‌ത്രജ്‌ഞനാണ് ഇന്ത്യയുടെ അഭിമാനമായ ഡോ. സാലിം അലി. മുഴുവൻ പേര് സാലിം മൊയ്‌സുദീൻ അബ്‌ദുൽ അലി. 1896ൽ മുബൈയിൽ ജനിച്ചു. ഇന്ത്യയിലെ പക്ഷിമനുഷ്യൻ എന്നാണ് വിളിപ്പേര് (birdman of india). ഇന്ത്യയിൽ പക്ഷിനിരീക്ഷണത്തിന് അടിത്തറ പാകിയത് ഇദ്ദേഹമാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഒട്ടേറെ തവണ സഞ്ചരിച്ചു.

പശ്ചിമഘട്ടത്തിൽ പലതവണ എത്തി. കേരളത്തിൽ മറയൂർ, തട്ടേക്കാട്, ചാലക്കുടി, പറമ്പിക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ച് പക്ഷികളെ നിരീക്ഷിച്ചു. ഒട്ടേറെ പക്ഷി സർവേകൾക്കു ചുക്കാൻ പിടിച്ചു. സാലിം അലിയുടെ ആത്മകഥയാണ് ഫാൾ ഓഫ് എ സ്‌പാരോ.

പക്ഷികളെക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങളും ലേഖനങ്ങളും എഴുതി. പത്മഭൂഷൺ ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രാജ്യസഭാംഗമായിരുന്നു. സാലിം അലിയുടെ പേരിൽ ഇന്ത്യ തപാൽ സ്റ്റാംപ് പുറത്തിറക്കിയിട്ടുണ്ട്. പല സർവകലാശാലകളുടെയും ഡോക്‌ടറേറ്റ് ലഭിച്ചു. 1987 ജൂൺ 20ന് അന്തരിച്ചു.‍