കേൾക്കാം കിളിനാദം

മീസോസോയിക് കാലഘട്ടത്തിൽ പരിണമിച്ച നട്ടെല്ലുള്ളതും പല്ലുകളില്ലാത്തതുമായ ഉഷ്‌ണരക്ത ജീവികളാണ് പക്ഷികൾ. പൊള്ളയായ അസ്‌ഥികളും തൂവലുകൾ നിറഞ്ഞ ശരീരവും പറക്കാനുള്ള കഴിവും പക്ഷികളെ ജീവലോകത്തു വ്യത്യസ്തമാക്കുന്നു. അതിരുകളില്ലാത്ത ലോകമാണ് ഇവയുടേത്. എവിടെയും സ്വതന്ത്രരായി പാറിനടക്കാനുള്ള കഴിവാണ് പ്രധാന സവിശേഷത. പശ്ചമിഘട്ടം- വിശിഷ്യ കേരളം മറ്റെല്ലാ ജീവജാലങ്ങൾക്കും പോലെ പക്ഷികളുടെ പെരുമയ്‌ക്കും പേരുകേട്ട നാടാണ്. ആകർഷകമായ രൂപഭംഗിയും കൗതുകകരങ്ങളായ ജീവിതരീതികളുമുള്ള അഞ്ഞൂറോളം പക്ഷികൾ കേരളത്തിൽ കാണപ്പെടുന്നുണ്ട്. എന്നാൽ പലതും വംശനാശത്തിന്റെ വക്കിലാണ്. ചില പക്ഷികളെ കാണാൻപോലും കിട്ടുന്നില്ല. ലോകത്തു പക്ഷികൾ ഏറ്റവും കൂടുതൽ വംശനാശഭീഷണി നേരിടുന്ന രാജ്യമാണ് ഇന്ത്യ എന്നാണ് പുതിയ കണ്ടെത്തൽ. സ്വാഭാവിക ആവാസകേന്ദ്രങ്ങളുടെ നാശം, മലിനീകരണം, വേട്ടയാടൽ തുടങ്ങിയ വിവിധ കാരണങ്ങളാൽ പക്ഷികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്നതായി കണക്കുകൾ സ്ഥിരീകരിക്കുന്നു.

മഞ്ഞത്താലി ബുൾബുൾ

ഐയുസിഎൻ റെഡ് ഡേറ്റ ലിസ്റ്റ് പ്രകാരം വംശനാശ ഭീഷണിയുടെ വക്കിലെത്തി നിൽക്കുന്ന പക്ഷി. കാടിനുള്ളിൽ കഴിയുന്ന ഇവയെ കണ്ടുകിട്ടാനും പ്രയാസമാണ്. ആൺ-പെൺ പക്ഷികളെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ശരീരത്തിനു പൊതുവെ ഒലിവ്-ചാരനിറമാണ്. കഴുത്തും പിടലിയും ഉൾപ്പെടെ തല മുഴുവൻ മഞ്ഞനിറമാണ്. നെഞ്ചും ഉദരവും ചാരനിറം കലർന്ന നേർത്ത മഞ്ഞ. പ്രാണികളും ചെറുപഴങ്ങളുമാണ് ആഹാരം.

നീലക്കിളി പാറ്റാപിടിയൻ

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നു. ചോലവനങ്ങളിലും നിത്യഹരിതവനങ്ങളിലും മറ്റുമാണ് ജീവിതം. കടുത്ത വംശനാശ ഭീഷണി നേരിടുന്നുണ്ട്. ആൺപക്ഷിക്കാണ് കൂടുതൽ സൗന്ദര്യം. ആൺപക്ഷിക്കു തിളക്കമുള്ള പച്ച കലർന്ന നീലനിറമാണ്. ഇതിന്റെ വാൽ തുടങ്ങുന്ന സ്ഥലത്ത് ഇരുവശത്തും വെള്ളനിറം തെളിഞ്ഞുകാണാം. പറക്കുമ്പോഴാണ് ഇതു കൂടുതൽ വ്യക്തമാകുന്നത്. ഉദരം നീല കലർന്ന ചാരനിറമാണ്. പെൺപക്ഷിക്ക് അൽപം അടഞ്ഞ നീലനിറമായിരിക്കും. മുകളിൽ ഇരുണ്ട തവിട്ടുനിറവും തഴെ ഇരുണ്ട ചാരനിറവും തോന്നും. വാലിലെ നടുവിലെ രണ്ടു തൂവലുകൾ നീലയും വശങ്ങളിലുള്ളവ ഇരുണ്ട തവിട്ടുനിറവുമാണ്. മിശ്രഭുക്കാണ്.

മീൻകൊത്തിച്ചിന്നൻ/ മേനിപ്പൊന്മാൻ

കേരളത്തിലെ ഏറ്റവും ചെറിയ മീൻകൊത്തിപ്പക്ഷിയാണിത്. അപൂർവമായ ഇവയെ ഇടതൂർന്ന കാടുകളിലെ നദീതീരങ്ങളിലാണു കാണാനാവുക. ദേഹത്ത് കറുപ്പ്, നീല, മഞ്ഞ, ഓറഞ്ച് വെള്ള തുടങ്ങിയ നിറങ്ങളുണ്ടാവും. കൊക്കിന് ഓറഞ്ചുകലർന്ന മഞ്ഞനിറം. എന്നാൽ, പ്രായപൂർത്തിയാകാത്തവയുടെ കൊക്ക് ചുവപ്പായിരിക്കും. കണ്ണുകൾ കറുപ്പാണ്. കാലുകൾ ഓറഞ്ചുനിറം. വാൽ കുറിയതാണ്. മീൻ, ഗൗളി, പാറ്റ, ചീവീടുകൾ, ഞണ്ട്, പുൽച്ചാടികൾ തുടങ്ങിയവ ഇരകൾ.

കാട്ടുമൈന

ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലുപ്പം കൂടിയ മൈന. ശ്രീലങ്കയിലും ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിലും മാത്രമാണ് ഈ കാട്ടുപക്ഷിയെ കാണുന്നത്. മേഘാലയ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിലെ സംസ്ഥാനപക്ഷി. കേരളത്തിലെ കാടുകളിൽ കാണപ്പെടുന്നു. ശരീരത്തിനു പച്ചകലർന്ന കറുപ്പുനിറമാണ്. നീലനിറവും ചില ഭാഗങ്ങളിലുണ്ട്. ചിറകിൽ ചെറിയൊരു വെള്ളപ്പാട് കാണാം. ഇതിനെ തിരിച്ചറിയാനുള്ള എളുപ്പമാർഗം കണ്ണിനുതാഴെയും തലയ്‌ക്കുപുറകിലും കാണപ്പെടുന്ന കടുംമഞ്ഞ നിറത്തിലുള്ള നഗ്നചർമ്മമാണ്. കൊക്കും കാലുകളും ഓറഞ്ചു കലർന്ന മഞ്ഞനിറമാണ്. മിശ്രഭോജികളാണ്.

മലമുഴക്കി വേഴാമ്പൽ

കേരളത്തിന്റെയും അരുണാചൽ പ്രദേശിന്റെയും സംസ്ഥാന പക്ഷി. വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഇവ റെഡ് ഡേറ്റ ലിസ്റ്റിൽ ഉൾപ്പെട്ടവയാണ്. വർണപ്പകിട്ടുള്ള ശരീരത്തിൽ മഞ്ഞ, കറുപ്പ്, വെളുപ്പ് നിറങ്ങൾ കാണാം. കഴുത്തിനു മഞ്ഞനിറം. ബലവും വലുപ്പവുമുള്ള നീണ്ട കൊക്ക് അൽപം വളഞ്ഞതാണ്. കൊക്കിനു മുകളിൽക്കാണുന്ന കടുംമഞ്ഞ നിറമുള്ള, തൊപ്പിപോലുള്ള വലിയ പാത്തിയാണ് ഒരു സവിശേഷത. വെളുത്ത വാലിനു നീളം കുറവാണ്. വാലിന്റെ അറ്റത്തു കറുപ്പുപട്ടയുണ്ട്. ആൺ-പെൺ പക്ഷികളെ വേഗം തിരിച്ചറിയാൻ സാധിക്കില്ല. ചിലയ്‌ക്കലും ചിറകടിശബ്ദവും ഗംഭീരമാണ്. മലമുഴക്കി എന്ന പേരിനാധാരം ഇതാണ്. മിക്കവാറും ഇണയോടൊപ്പമാണ് സഞ്ചാരം. മിശ്രഭോജിയാണ്.

നീലത്തത്ത

ലോകത്ത് പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നു. കേരളത്തിലെ നിത്യഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലുമാണ് ജീവിതം. നീല കലർന്ന പച്ചനിറമാണ്. തല ചെറുതാണ്. വാലിനു നല്ല നീളമുണ്ട്. തലയും മാറും ചിറകുകളും വാലും നീല, പച്ച, ചാര നിറങ്ങൾകൊണ്ട് അലംകൃതമായിരിക്കും. വാലിന്റെ അഗ്രഭാഗത്ത് മഞ്ഞനിറം. ചിറകുകളുടെ മുകൾവശത്തിനു പച്ചയും നീലയും കലർന്ന ഇരുണ്ട നിറം. കഴുത്തിനു ചുറ്റും കറുപ്പുമാല കാണാം. ആൺ തത്തയ്‌ക്ക് അതിനോടു ചേർന്ന് അഴകാർന്ന നീല കലർന്ന പച്ചനിറത്തിലുള്ള ഒരു വലയം കൂടിയുണ്ടാവും. ഇതു പെണ്ണിനു കാണാറില്ല. സസ്യഭുക്കുകളാണ്.

ചെമ്പൻ മുള്ളൻകോഴി

ഇലപൊഴിയും ഈർപ്പവനങ്ങളിലും പുൽമേടുകളിലും മലയടിവാരങ്ങളിലും കുറ്റിക്കാടുകളിലും മുളങ്കാടുകളിലുമാണ് വാസം. കാട്ടുകോഴിയെക്കാൾ ചെറുത്. ദേഹം ചെമ്പിച്ച, കടും തവിട്ടുനിറം. പെൺപക്ഷിയുടെ ദേഹത്തു ധാരാളം കറുത്ത വരകളുണ്ടാവും. ആൺ-പെൺ പക്ഷികളുടെ തലയിൽ ഇരുണ്ട നിറത്തിലുള്ള തൂവലുകൾ കാണാവുന്നതാണ്. ഇവ ശിഖപോലെ ഉയർത്താനാവും. എന്നാൽ, സാധാരണ കോഴികളിൽ കാണുന്നതുപോലുള്ള നെറ്റിപ്പൂവ് കാണാറില്ല. ആൺപക്ഷിക്ക് അങ്കവാൽ കാണില്ല. നിലത്തു നടന്നാണ് ആഹാരം സമ്പാദിക്കുന്നത്. പഴങ്ങളും വിത്തുകളും ധാന്യങ്ങളും പ്രാണികളുമാണ് ഭക്ഷണം.

കോഴിവേഴാമ്പൽ

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു പക്ഷി. കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന വേഴാമ്പൽ ഇതാണ്. ദേഹം ആകെക്കൂടി തിളക്കമുള്ള തവിട്ടുകലർന്ന കറുപ്പുനിറം. ആൺ-പെൺ പക്ഷികൾക്ക് ഏതാണ്ട് ഒരേ നിറം. വലുപ്പമുള്ള കൊക്കുകളാണെങ്കിലും മലമുഴക്കിയെപ്പോലെ ഇതിൽ പാത്തിയില്ല. വാലിന്റെ അറ്റം വെള്ളനിറമായിരിക്കും. മിശ്രഭുക്കാണ്.

മലവരമ്പൻ

ലോകത്ത് പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു പക്ഷിയാണ് മലവരമ്പൻ. കേരളത്തിലെ ഉയരമുള്ള പർവത പുൽമേടുകളിലും മലമ്പ്രദേശങ്ങളിലും മറ്റുമാണ് ഈ പക്ഷിയുടെ വാസം. ഒരു ചെറുപക്ഷിയാണ്. ദേഹത്തിലാകമാനം വലുതും ചെറുതുമായ തവിട്ടോ കറുപ്പോ നിറമുള്ള ധാരാളം വരകളുണ്ടായിരിക്കും. കൊക്കിനു കറുപ്പുനിറവും കാലുകൾക്കു നരച്ച വെള്ളനിറവുമാണ്. ഏകാന്തമായും ഇണയോടൊപ്പവും വിഹരിക്കും. പ്രാണികളും ധാന്യങ്ങളും മറ്റുമാണ് ആഹാരം.

മാക്കാച്ചിക്കാട/ തവളവായൻ

പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗങ്ങളിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്ന ഒരു പറവയാണു മാക്കാച്ചിക്കാട. രാത്രിസഞ്ചാരികളായ ഇവ ഇന്ത്യയിൽ പശ്ചിമഘട്ടത്തിൽ മാത്രമേയുള്ളൂ. പരന്നു ത്രികോണാകൃതിയുള്ള കൊക്ക് തവളയുടെ വായ പോലെ വിസ്താരത്തിൽ തുറക്കാവുന്നതാണ്. അതിനാലാണു തവളവായൻ, ഫ്രോഗ്‌മൗത്ത് എന്നീ പേരുകൾ വന്നത്. കാലുകൾ നന്നേ കുറുകിയതാണ്. ആണിനും പെണ്ണിനും വ്യത്യസ്ത നിറമാണ്. ആണിനു ശരീരമാസകലം കാപ്പികലർന്ന ചാരനിറവും പെണ്ണിനു ചെങ്കൽ നിറവുമായിരിക്കും. ശരീരത്തിൽ വെള്ള നിറത്തിലുള്ള പൊട്ടുകളുണ്ടാവും.