തുരുമ്പിക്കാത്ത കപ്പലുകൾ

രണ്ടുതരത്തിൽ കാഥോഡിക സംരക്ഷണം സാധ്യമാണ്‌. ഒന്ന് പാസീവ് കാഥോഡിക സംരക്ഷണം രണ്ട് ആക്ടീവ് കാഥോഡിക സംരക്ഷണം. ഉരുക്കുകൊണ്ട് നിർമിച്ച് എപ്പോഴും ഉപ്പുവെള്ളവുമായി സമ്പർക്കത്തിലിരിക്കുന്ന കപ്പലുകളും ബോട്ടുകളും മറ്റും വളരെ എളുപ്പത്തിൽ തുരുമ്പെടുത്ത് നശിക്കുമെന്നുള്ളതിനാൽ വെറും പെയിന്റുകൊണ്ടോ ഗാൽവനൈസിങ് കൊണ്ടോ മാത്രം ആവശ്യമായ സംരക്ഷണം നൽകാനാകില്ല. അതിനാൽ കപ്പലുകളിൽ ധാരാളം സിങ്ക് കട്ടകൾ ഉറപ്പിച്ചിട്ടുണ്ടായിരിക്കും. ഈ സിങ്ക് കട്ടകൾ വൈദ്യുത രാസപ്രവർത്തനത്തിൽ ആനോഡ് ആയി പ്രവർത്തിച്ച് കാലക്രമേണ സ്വയമേവ നശിച്ച് പോവുകയും അതിലൂടെ കപ്പലിനെ തുരുമ്പിക്കാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഇങ്ങനെ സ്വയം നശിച്ചുകൊണ്ട് മറ്റൊരു ലോഹത്തെ സംരക്ഷിക്കാൻ ആനോഡുകൾ ആയി കൂടുതൽ ക്രിയാശീലതയുള്ള ലോഹങ്ങൾ ഉപയോഗിക്കുന്നതിനെ പാസീവ് കാഥോഡിക സംരക്ഷണം എന്നു വിളിക്കുന്നു. ഇലക്ട്രോലൈറ്റിന്റെ റസിസ്റ്റിവിറ്റി വളരെ കൂടുതലായ ഇലക്ട്രോലൈറ്റുകൾ ഉള്ളിടത്തും വളരെ വലിയ ലോഹ നിർമിതികളിലും പൈപ്പ് ലൈനുകളിലുമെല്ലാം ഇത്തരത്തിലുള്ള പാസീവ് കാഥോഡിക സംരക്ഷണം മതിയാകാതെ വരുന്നു. ലവണാംശമുള്ള കടൽവെള്ളം നല്ലൊരു ഇലക്ട്രോലൈറ്റ് ആയതിനാലാണ്‌ കപ്പലുകളിലും മറ്റും സാക്രിഫൈസിങ് ആനോഡുകൾ ഉപയോഗിച്ചുകൊണ്ടുള്ള പാസീവ് കാഥോഡിക സംരക്ഷണം മതിയാകുന്നത്. അത്തരം അവസരങ്ങളിൽ ഒരു വൈദ്യുത സ്രോതസ്സിൽനിന്നു ഡിസി വൈദ്യുതി പുറമേനിന്ന് നൽകിക്കൊണ്ട് സംരക്ഷിക്കപ്പെടേണ്ട നിർമിതികളെ കാഥോഡ് ആയി നിലനിർത്തുന്നു.