ചരിത്രം കുറിച്ച റോസറ്റ കല്ല്

വി ആർ വിനയരാജ്

ഹൈസ്കൂൾ സാമൂഹികശാസ്ത്ര പാഠങ്ങൾക്കു സഹായകമാകുന്ന ചില പുരാതന രേഖകളെക്കുറിച്ചും എഴുത്തു രീതികളെക്കുറിച്ചും അറിയാം. ആറു നൂറ്റാണ്ടു മുൻപ് എഴുതിയതെന്നു കരുതുന്ന വോയിനിച്ച് കയ്യെഴുത്തുപ്രതി, നിർമിത ബുദ്ധിയുടെ സഹായത്തോടെ ശാസ്ത്രജ്ഞർ വായിച്ചെടുത്തെന്ന വാർത്ത ഏതാനും ദിവസം മുൻപു കൂട്ടുകാർ വായിച്ചിരിക്കുമല്ലോ. ഹൈറോഗ്ലിഫിക്സ് ലിപിയെക്കുറിച്ച് സാമൂഹിക ശാസ്ത്രം ക്ലാസുകളിൽ പഠിച്ചിട്ടുമുണ്ടാവും. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.

റോസറ്റ കല്ല്
കാഴ്ചക്കാരെ ആകർഷിക്കുന്ന ഒരു പാറക്കഷണമാണ് റോസറ്റ സ്റ്റോൺ. 1802 മുതൽ ഇത് പ്രദർശനത്തിനായി വച്ചിട്ടുണ്ട്. നെപ്പോളിയന്റെ ഈജിപ്ത് പടയോട്ടകാലത്ത് 1799ൽ ഒരു ഫ്രഞ്ച് ഭടന് അലക്സാണ്ട്രിയയ്ക്കു സമീപത്തുനിന്നു കിട്ടിയ കറുത്ത കല്ലാണ് ഇത്. കൃത്യമായ ആകൃതിയില്ലാത്ത അതിൽ മൂന്നുതരം ലിപികളിലായി എന്തൊക്കെയോ കൊത്തിവച്ചിട്ടുണ്ടായിരുന്നു. റോസറ്റയിലെ കോട്ടയ്ക്കരികിൽനിന്നു കിട്ടിയ 760 കിലോ ഭാരമുള്ള മൂന്നേമുക്കാൽ അടി നീളവും രണ്ടേകാൽ അടി വീതിയുമുള്ള പാറക്കഷണം അങ്ങനെ ഫ്രാൻസിലെത്തി. 1801ൽ ബ്രിട്ടിഷുകാർ നെപ്പോളിയനെ പരാജയപ്പെടുത്തിയപ്പോൾ അവർ ഈ കല്ല് കൈക്കലാക്കി.

ചരിത്രം കുറിച്ച്
വലിയ ഒരു പാറക്കഷണത്തിന്റെ ഒരു ഭാഗമാണ് ഈ കല്ല്. പിൽക്കാലത്ത് ഇതിന്റെ ബാക്കിഭാഗത്തിനായി പല അന്വേഷണങ്ങൾ നടത്തിയെങ്കിലും കൂടുതലൊന്നും ലഭിച്ചില്ല. മൂന്നുതരം എഴുത്തിന്റെയും പലഭാഗങ്ങളും നഷ്ടമായിരുന്നു. പണ്ട് രാജവിളംബരം പ്രഖ്യാപിക്കാൻ ഉണ്ടാക്കിയ ശിലാലിഖിതം ഭരണങ്ങളും കാലങ്ങളും മാറിമാറിവന്നപ്പോൾ തല്ലിപ്പൊട്ടിച്ച് പുതിയ ഭരണാധികാരികളുടെ കോട്ട നിർമിക്കാനുള്ള കല്ലായിമാറി. അങ്ങനെ ഒരു കോട്ടയുടെ ഭാഗമായി മാറിയ പാറക്കഷണമാണ് ഈ റോസറ്റ സ്റ്റോൺ. ഒന്നാം ലോകമഹായുദ്ധ കാലത്ത് ലണ്ടൻ നഗരത്തിൽ ബോംബുകൾ ഇട്ടപ്പോൾ ഈ കല്ലിനു പരുക്ക് പറ്റാതിരിക്കാനായി 1917 മുതൽ രണ്ടുവർഷം, തറനിരപ്പിനു താഴെ 15 മീറ്റർ താഴെയുള്ള ഒരു സ്ഥലത്താണ് ഇതു സൂക്ഷിച്ചിരുന്നത്. 1972 ഒക്ടോബറിൽ ഒരു മാസത്തേക്കു പാരിസിലെ ലൂവ്ർ മ്യൂസിയത്തിൽ പ്രദർശനത്തിനു കൊണ്ടുപോയതൊഴിച്ചാൽ 1802 മുതൽ ഇന്നുവരെ റോസറ്റ സ്റ്റോൺ ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയത്തിൽത്തന്നെയായിരുന്നു. പലകാര്യങ്ങളുടെയും വഴികാട്ടിയാവുന്ന കണ്ടുപിടിത്തങ്ങൾക്കും മറ്റും റോസറ്റ സ്റ്റോൺ എന്ന പേരുതന്നെ ഇപ്പോൾ ഉപയോഗിക്കാറുണ്ട്. ഇന്ന് പലഭാഷകൾ പഠിപ്പിക്കുന്ന ഒരു സോഫ്റ്റ്‌വെയറിന്റെ പേര് റോസറ്റ സ്റ്റോൺ എന്നാണ്.

വായിച്ച് പഠിച്ച്
ഈജിപ്ഷ്യൻ ഭാഷയിലും ഗ്രീക്കുഭാഷയിലും ഹൈറോഗ്ലിഫിക്സിലും ആണ് കല്ലിലെ എഴുത്തെന്ന് പിന്നീടു തിരിച്ചറിഞ്ഞു. 1803 ആയപ്പോഴേക്കും പുരാതന ഗ്രീക്കുഭാഷയിലുള്ളത് ഒരുതരത്തിൽ വായിച്ചെടുക്കാൻ കഴിഞ്ഞു. ഹൈറോഗ്ലിഫിക്സിൽ എഴുതിയതൊന്നും അന്നുവരെ ആർക്കും വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ കല്ലിലെ മൂന്നുതരത്തിലുള്ള എഴുത്തുകളും ഒരേകാര്യം തന്നെയാവും പറഞ്ഞിരിക്കുന്നത് എന്ന കണ്ടെത്തൽ നിർണായകമായി. അതുവഴി ഹൈറോഗ്ലിഫിക്സ് വായിച്ചെടുക്കാൻ പറ്റിയേക്കുമെന്ന പ്രതീക്ഷ ഉണ്ടായി. 1822 ആയപ്പോൾ ഹൈറോഗ്ലിഫിക്സ് വായിച്ചെടുക്കാമെന്ന നിലയിൽ എത്തി. അങ്ങനെ 2000 വർഷങ്ങളായി മൺമറഞ്ഞു കിടന്ന ഒരു ഭാഷ ഏവർക്കും കയ്യിലൊതുങ്ങുന്ന നിലയിലായി.

ഹൈറോഗ്ലിഫിക്സ്
മനുഷ്യരുടെയും മൃഗങ്ങളുടെയും ചെടികളുടെയുമെല്ലാം രൂപത്തിൽ വരച്ചുണ്ടാക്കിയിരിക്കുന്ന ഭാഷാചിത്രണ രീതിയാണ് ഹൈറോഗ്ലിഫിക്സ്. ആയിരത്തോളം വ്യത്യസ്ത ചിഹ്നങ്ങൾ ഉള്ള ഈ ലിപി ഏതാണ്ട് മൂവായിരം കൊല്ലം ഉപയോഗിച്ചിരുന്നു.

വോയിനിച്ച് രേഖ
ചിത്രങ്ങളും അക്ഷരങ്ങളും കൂട്ടിച്ചേർത്ത് കോഡ് ഭാഷയുടെ രീതിയിൽ എഴുതിയ രേഖകളാണ് വോയിനിച്ച് കയ്യെഴുത്തു പ്രതികൾ. മനുഷ്യരൂപങ്ങൾ, നക്ഷത്രങ്ങൾ, സസ്യങ്ങൾ എന്നിവയൊക്കെ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ആൽബർട്ട് സർവകലാശാലയിലെ കംപ്യൂട്ടർ വിദഗ്ധരാണ് നിർമിത ബുദ്ധിയുടെ സഹായത്തോടെ കയ്യെഴുത്തുപ്രതി വായിച്ചെടുത്തത്. ഹീബ്രു ഭാഷയിലാണ് വോയിനിച്ച് രേഖകൾ രചിച്ചിരിക്കുന്നതെന്നാണു ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. വാക്കുകളിലെ അക്ഷരങ്ങളുടെ ക്രമം മാറ്റിയും സ്വരാക്ഷരങ്ങൾ ഒഴിവാക്കിയുമാണ് ഇത് തയാറാക്കിയിരിക്കുന്നത്. പഴയ പുസ്തകങ്ങളുടെ വിൽപനക്കാരനായ വിൽഫ്രഡ് വോഡിനിച്ചാണ് ഇറ്റലിയിലെ ഒരു ആശ്രമത്തിൽനിന്ന് ഈ കയ്യെഴുത്തു പ്രതി കണ്ടെടുത്തത്. അങ്ങനെ അതിന് വോയിനിച്ച് രേഖ എന്നു പേരും വീണു.

‘ഹലോ’ പറഞ്ഞ് കൊലയാളി തിമിംഗലം; അന്തംവിട്ട് ഗവേഷകർ!!