‘‘യന്ത്രങ്ങൾക്കു മനുഷ്യരെപ്പോലെ ചിന്തിക്കാനാകുമോ?’’

സുജിത് കുമാർ

1950ൽ അലൻ ടൂറിങ് എന്ന ശാസ്ത്രജ്ഞൻ ഒരു ചോദ്യം ചോദിച്ചു: ‘‘യന്ത്രങ്ങൾക്കു മനുഷ്യരെപ്പോലെ ചിന്തിക്കാനാകുമോ?’’ ഒരുപക്ഷേ, യന്ത്രങ്ങളുടെ ചിന്താശേഷിയെക്കുറിച്ചു സാങ്കേതിക ലോകത്ത് ഉയർന്ന ആദ്യചോദ്യമായിരിക്കാം അലൻ ടൂറിങ്ങിന്റേത്. മെഷീനുകളുടെ ചിന്താശേഷി അളക്കാനുള്ള ഒരു ലഘുപരീക്ഷണവും അദ്ദേഹം നിർദേശിച്ചു.

ടൂറിങ്ങിന്റെ പരീക്ഷണം
ഒരു കംപ്യൂട്ടർ യന്ത്രത്തിനോടും മനുഷ്യനോടും ഒരേസമയം നേരിട്ടു കാണാതെ സംവദിക്കുന്ന ഒരാൾക്ക് യന്ത്രത്തെയും മനുഷ്യനെയും തിരിച്ചറിയാൻ കഴിയാതെവന്നാൽ ബുദ്ധിപരീക്ഷയിൽ യന്ത്രം വിജയിച്ചതായി കണക്കാക്കാം എന്നു ടൂറിങ് അഭിപ്രായപ്പെട്ടു. എന്തു ചോദിച്ചാലും ഉത്തരം നൽകുന്ന മെസഞ്ചർ ബോട്ടുകളും ഗൂഗിൾ വോയ്സ് കമാൻഡ് സേർച്ചും ആപ്പിളിന്റെ സിരിയും ആമസോൺ എക്കോ ഡോട്ടും എല്ലാമുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇരുന്ന് ഇതു വായിക്കുമ്പോൾ നമുക്കു തോന്നും, ഈ പരീക്ഷയൊക്കെ യന്ത്രങ്ങൾ എന്നേ പാസായിട്ടുണ്ടാകും എന്ന്. എങ്കിൽ തെറ്റിപ്പോയി. മെക്കാനിക്കൽ കംപ്യൂട്ടറുകളിൽനിന്ന് ആദ്യതലമുറ ഡിജിറ്റൽ കംപ്യൂട്ടറുകളിലേക്കു പിച്ചവച്ചുതുടങ്ങിയ കാലഘട്ടമായിരുന്ന 1950ലാണ് അലൻ ടൂറിങ് ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ചത്. ഒരു ജിഗാബൈറ്റ് സംഭരണശേഷിയുള്ള ഒരു കംപ്യൂട്ടർ എന്നെങ്കിലും ഉണ്ടായാൽ അതിന് ഇത്തരം ഒരു പരീക്ഷണത്തിൽ അഞ്ചു മിനിറ്റ് നേരത്തേക്കെങ്കിലും 30% പേരെ കബളിപ്പിക്കാനാകുമെന്ന് അദ്ദേഹം വിലയിരുത്തി. ജിഗാബൈറ്റ് അല്ല, ടെറാബൈറ്റ് ശേഷിയുള്ള കംപ്യൂട്ടറുകൾവരെ നിലവിൽ വന്നെങ്കിലും ടൂറിങ്ങിന്റെ ലളിതമായ പരീക്ഷയിൽ ഏറക്കുറെ ഭേദപ്പെട്ട രീതിയിലെങ്കിലും വിജയിക്കാൻ ഒരു കംപ്യൂട്ടർ ചാറ്റ് ബോട്ടിനു കഴിഞ്ഞതു 2014ൽ മാത്രമാണ്‌. യൂഗൻ ഗൂസ്റ്റ്മാൻ എന്ന റഷ്യൻ ചാറ്റ് ബോട്ടിന്റെ വിജയവും തികച്ചും സാങ്കേതികം മാത്രമാണെന്ന വിമർശനങ്ങൾ ഉയരുന്നതു കാണുമ്പോൾ മനസ്സിലാകും നിർമിതബുദ്ധി സാങ്കേതിക വിദ്യയ്ക്ക് ഇനിയും ഒട്ടേറെ പടവുകൾ കയറാനുണ്ടെന്ന്.

കുറച്ചു ബുദ്ധിയുള്ള യന്ത്രങ്ങൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധി എന്നു കേട്ടാൽ ഉടൻ സംസാരിക്കുകയും സ്വയം തീരുമാനങ്ങളെടുക്കുകയും അക്രമങ്ങൾ നടത്തുകയും മറ്റും ചെയ്യുന്ന ഹോളിവുഡ് സിനിമകളിൽ കാണുന്ന യന്ത്രമനുഷ്യർ ആയിരിക്കും നമ്മുടെയൊക്കെ മനസ്സിൽ ഓടിയെത്തുന്നത്. നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല ഉപകരണങ്ങൾക്കും സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നതിന് ആവശ്യമായ നിയന്ത്രിത - പരിമിത ബുദ്ധി നൽകപ്പെട്ടിട്ടുണ്ട്. മുറിയിലെ വെളിച്ചത്തിനനുസരിച്ചു സ്വയം ക്രമീകരിക്കുന്ന ബൾബുകൾ, ചൂടിനും തണുപ്പിനുമനുസരിച്ചു സ്വയം ക്രമീകരിക്കുന്ന ശീതീകരണ യന്ത്രങ്ങൾ.... പക്ഷേ, ഈ യന്ത്രങ്ങൾക്കു സ്വയമേവ സാഹചര്യങ്ങൾക്കനുസരിച്ചു പുതിയ കാര്യങ്ങൾ ഉൾക്കൊള്ളാനും അതനുസരിച്ച് അതിനു നൽകിയിരിക്കുന്ന ബുദ്ധി വികസിപ്പിക്കാനുമുള്ള കഴിവുകളില്ല. മറിച്ച്, മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള സാഹചര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന പ്രോഗ്രാമുകൾ മാത്രമാണ്‌ ഇവ.

പഠിച്ചു വളരുന്നു
മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ മനസ്സിലാക്കി സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന യന്ത്രങ്ങളാണു നിർമിതബുദ്ധിയുള്ള യന്ത്രങ്ങൾ. ഇന്നു നമ്മളെല്ലാം ഇന്റർനെറ്റിൽനിന്നു വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന സംവിധാനമായ ഗൂഗിൾ സേർച് എൻജിൻ ഇത്തരത്തിൽ നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ്‌. നമ്മൾ ഒരാളെ ഒരിക്കൽ കണ്ടു സംസാരിച്ചുകഴിഞ്ഞാൽ അയാളുടെ ശബ്ദവും മുഖവും ചില സ്വഭാവ സവിശേഷതകളുമെല്ലാം അറിയാതെതന്നെ മനസ്സിൽ പതിയാറില്ലേ? പിന്നീടു കാണുമ്പോൾ പ്രസ്തുത വ്യക്തിയെ തിരിച്ചറിയാനും അതിനനുസരിച്ചു പ്രതികരിക്കാനും ഇതു സഹായകരമാകുന്നു. ഗൂഗിൾ സേർച്ച് എൻജിനും ഇതിനു സമാനമായ കാര്യങ്ങൾ ചെയ്യുന്നു. അതായത്, നിങ്ങൾ ഒരു കംപ്യൂട്ടറിലൂടെയോ ഫോണിലൂടെയോ എന്തെങ്കിലും ഗൂഗിളിൽ പരതുമ്പോൾ നിങ്ങൾ എന്താണോ ഉദ്ദേശിച്ചത്, ആ വിഷയത്തിലുള്ള തിരച്ചിൽ ഫലങ്ങൾതന്നെ നിങ്ങൾക്കു ലഭ്യമാക്കാൻ ഒരു നല്ല സേർച്ച് എൻജിൻ എന്ന നിലയിൽ ഗൂഗിളിനു പരിശ്രമിക്കേണ്ടതുണ്ട്. കളിച്ച് പഠിച്ച് ‘ഗോ’

കളിച്ച് പഠിച്ച് ഗോ
മൂവായിരത്തിലധികം വർഷം പഴക്കമുള്ള ചൈനീസ് ബോർഡ് ഗെയിം ആണു ഗോ. ചതുരക്കളങ്ങളിൽ കറുപ്പും വെളുപ്പും കരുക്കൾ നിശ്ചിത നിയമങ്ങൾ പാലിച്ചു പരസ്പരം വെട്ടിപ്പിടിച്ചു വിജയിയെ നിർണയിക്കുന്ന ഈ കളി വിജയനീക്കങ്ങളുടെ സങ്കീർണതയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു. ചതുരംഗമൊന്നും സങ്കീർണതയുടെ കാര്യത്തിൽ ഗോ ഗെയിമിന്റെ ഏഴയലത്ത് എത്തില്ല. കംപ്യൂട്ടറുകളിലെ ചെസ് പ്രോഗ്രാമുകൾ ചെസ് ഗ്രാൻഡ് മാസ്റ്റർമാരെവരെ ദശാബ്ദങ്ങൾ മുൻപുതന്നെ തോൽപിച്ചിട്ടുണ്ട്. പക്ഷേ, ഗോ ഗെയിമിന്റെ കാര്യം അങ്ങനെയല്ല. ഏറ്റവും നന്നായി പ്രോഗ്രാം ചെയ്യപ്പെട്ടിട്ടുള്ളതും നല്ല വിഭവശേഷിയുള്ളതുമായ കംപ്യൂട്ടറിനുവരെ ശരാശരി ഗോ ബോർഡ് കളിക്കാരനെവരെ തോൽപിക്കാനായിട്ടില്ല. പലരും ഈ കളിയെ വരുതിയിലാക്കാനുള്ള ശ്രമങ്ങൾ വർഷങ്ങളായി നടത്തിയിരുന്നു.

അവസാനം ഗൂഗിളിന്റെ ഡീപ് മൈൻഡ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോജക്ടിന്റെ ഭാഗമായ ആൽഫാ ഗോ പ്രോഗ്രാം കഴിഞ്ഞ വർഷം കൊറിയൻ ഗോ ബോർഡ് ഗ്രാൻഡ് മാസ്റ്റർ ആയ ലീ - സേ ഡോളിനെ തറപറ്റിച്ചു. പൊതുവേ ഗോ ബോർഡ് കളിക്കുന്ന കംപ്യൂട്ടർ പ്രോഗ്രാമുകൾ സാധാരണ കളിക്കാരുമായി കളിക്കുകയും പരാജയങ്ങളിൽനിന്നും എതിരാളികളുടെ നീക്കങ്ങളിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ടു സ്വയം തിരുത്തി മെച്ചപ്പെടാൻ ശ്രമിക്കുകയുമാണു ചെയ്തിരുന്നത്. ഒരു പരിധിയിൽ കൂടുതൽ ഈ നിലയ്ക്കു സ്വയം തിരുത്താൻ കഴിയാതെവന്നപ്പോൾ മനുഷ്യരായ കളിക്കാരെ മാറ്റി നിർത്തി ആൽഫാ ഗോ അതിനോടുതന്നെ സ്വയം കളിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്തു. ഇത്തരത്തിൽ സ്വയം കളിച്ചു കളിച്ചു തിരുത്തലിലൂടെ കൂടുതൽ പഠിച്ച് ഈ പ്രോഗ്രാം ഗോ ഗ്രാൻഡ് മാസ്റ്റർമാരെവരെ എളുപ്പത്തിൽ തോൽപിക്കാൻ കഴിയുന്ന നിലയിലേക്ക് എത്തി.

സോഫിയ
സൗദിക്കാരി സോഫിയ ആണ് ഇന്നു സംസാര വിഷയം. ആദ്യമായി പൗരത്വം നേടിയ റോബട്ട്. മനുഷ്യസ്ത്രീയോടുള്ള സാദൃശ്യവും സംഭാഷണത്തിലും ചലനങ്ങളിലും റോബട്ടാണെന്നു തോന്നാതിരിക്കുന്ന സ്വാഭാവികതയും സോഫിയയുടെ പ്രത്യേകത. റോബട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സമ്മേളിക്കുന്ന ഹ്യൂമനോയ്ഡ് റോബട്ടുകളുടെ തലമുറയിലെ മികച്ച സൃഷ്ടി. ഏതു തരത്തിലുള്ള ചോദ്യങ്ങൾക്കും ഉത്തരം നൽകാനും ഒന്നിലേറെ ആളുകളുമായി സംവാദം നടത്താനും കഴിവുണ്ട്. ഉചിതമായ ഭാവങ്ങളും മുഖചലനങ്ങളും പുഞ്ചിരിയും അകടമ്പടിയുണ്ടാവും. 2015 ഏപ്രിൽ 19ന് ആണ് സോഫിയയുടെ ജനനം. സാങ്കേതികമായി പറഞ്ഞാൽ സോഫിയ എന്ന യന്ത്രം ആദ്യമായി ആക്ടിവേറ്റ് ചെയ്തത് അന്നാണ്. ഹാൻസൻ റോബട്ടിക്സിന്റെ അമരക്കാരൻ റോബർട് ഹാൻസൻ ആണ് സൃഷ്ടാവ്.