വിപ്ലവവഴിയിലെ വിളക്കുകൾ

ടി.പ്രദീപൻ

ബംഗാളും മഹാരാഷ്‌ട്രയും കേന്ദ്രീകരിച്ചാണ് ആദ്യകാല വിപ്ലവകാരികൾ പ്രവർത്തിച്ചത്. ജനദ്രോഹികളായ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയായിരുന്നു ഇവരുടെ പ്രവര്‍ത്തനരീതി. പുണെയിലെ പ്ലേഗ് നിയന്ത്രണ കമ്മിഷണറായിരുന്ന ചാൾസ് റാന്റിനെ വധിച്ചുകൊണ്ട്, സഹോദരന്മാരായ ബാലകൃഷ്‌ണ ചാപേക്കർ, ദാമോദർ ചാപേക്കർ, വാസുദേവ ചാപേക്കർ എന്നിവരാണ് വിപ്ലവ വഴിയിൽ ആദ്യം സഞ്ചരിച്ചവർ. പ്ലേഗ് ബാധിതരുടെ വീടുകൾ തീയിട്ടു നശിപ്പിക്കാൻ റാന്റ് നൽകിയ നിർദേശമായിരുന്നു അവരെ പ്രകോപിപ്പിച്ചത്. 1897 ജൂൺ 22ന് വിക്‌ടോറിയ രാജ്‌ഞിയുടെ കിരീടധാരണത്തിന്റെ ജൂബിലി ആഘോഷങ്ങൾ നടക്കുമ്പോഴാണ് റാന്റിനെ വെടിവച്ചു കൊന്നത്.

ഖുദിറാം ബോസും പ്രഫുല്ല ചാക്കിയും
ഇന്ത്യൻ ചെറുപ്പക്കാരിൽ ആവേശം ജനിപ്പിച്ച രണ്ടു വിപ്ലവകാരികളാണു പ്രഫുല്ല ചാക്കിയും ഖുദിറാം ബോസും. മുസാഫർപുർ ജില്ലയിലെ ജനവിരുദ്ധനായ മജിസ്‌ട്രേട്ട് കിങ്സ് ഫോഡിനെ വധിക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബംഗാൾ വിഭജനത്തിനെതിരെ നടന്ന സ്വദേശി സമരവുമായി ബന്ധപ്പെട്ട് ഒട്ടേറെ സമരക്കാർക്കു കിങ്സ് ഫോഡ് കടുത്ത ശിക്ഷ നൽകിയിരുന്നു. ഖുദിറാം ബോസിനെ പൊലീസ് പിടികൂടി വിചാരണയ്‌ക്കു ശേഷം 1908 ഓഗസ്റ്റ് 11നു തൂക്കിക്കൊന്നു. 19 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. പ്രഫുല്ല ചാക്കി സ്വയം വെടിവച്ചു മരിച്ചു.

മദൻലാൽ ദിഗ്‌റ
വില്യം കഴ്‌സൺ വൈലി എന്ന ബ്രിട്ടിഷ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്ന വിപ്ലവകാരിയാണ് മദൻലാൽ ദിഗ്‌റ. ബംഗാൾ വിഭജനം നടപ്പാക്കിയ വൈസ്രോയി കഴ്‌സൺ പ്രഭുവിന്റെ കീഴിലെ ഉദ്യോഗസ്ഥനായിരുന്നു വൈലി. ലണ്ടനിൽ വച്ചാണ് വൈലിയെ മദൻലാൽ ദിഗ്‌റ വെടിവച്ചു കൊന്നത്. പൊലീസ് പിടിയിലായ ദിഗ്‌റയെ തൂക്കിക്കൊന്നു.

വാഞ്ചി അയ്യർ
തിരുനെൽവേലിയിലെ കലക്‌ടറായിരുന്ന റോബർട്ട് ആഷയെ വധിച്ച വിപ്ലവകാരിയായിരുന്നു വാഞ്ചി അയ്യർ. ‘കപ്പലോട്ടിയ തമിഴൻ’ എന്നറിയപ്പെട്ട വി.ഒ.ചിദംബരം പിള്ളയെ അറസ്റ്റ് ചെയ്‌തതിനെ തുടർന്നു തിരുനെൽവേലിയിലുണ്ടായ ജനകീയ സമരങ്ങളെ അടിച്ചമർത്താൻ നേതൃത്വം നൽകിയത് ആഷ ആയിരുന്നു. ബ്രിട്ടിഷുകാർക്ക് മാത്രം കപ്പലോടിക്കാൻ അനുവാദമുണ്ടായിരുന്ന കാലത്ത് ചിദംബരം പിള്ള കപ്പൽ വാങ്ങുകയും തൂത്തുക്കുടിക്കും കൊളംബോയ്ക്കും ഇടയിൽ ഓടിക്കുകയും ചെയ്‌തു. ഇതേത്തുടർന്നാണ് അദ്ദേഹം ‘കപ്പലോട്ടിയ തമിഴന്‍’ എന്നറിയപ്പെട്ടത്.

അഷ്‌ഫഖുല്ല ഖാൻ
1925ല്‍ കാന്‍പുരില്‍ രൂപീകരിച്ച ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കൻ അസോസിയേഷന്റെ പ്രവർത്തകനായിരുന്നു അഷ്‌ഫഖുല്ല ഖാന്‍. സായുധവിപ്ലത്തിലൂടെ ഇന്ത്യയെ മോചിപ്പിക്കലായിരുന്നു ലക്ഷ്യം. ആയുധങ്ങൾ വാങ്ങാൻ പണമില്ലായിരുന്നു. ഇതേത്തുടർന്ന് എട്ട് ഡൗൺ ഷാജഹാന്‍പുര്‍–ലക്നൗ ട്രയിനിൽ കൊണ്ടുപോയ റെയിൽവേയുടെ പണം ലക്നൗവിനടുത്തുള്ള നകാക്കോരിയിൽ വച്ച് അഷ്ഫഖുല്ലയും സംഘവും കൊള്ളയടിച്ചു. അധികം താമസിയാതെ ബ്രിട്ടിഷ് പൊലീസിന്റെ പിടിയിലായി. രാജേന്ദ്രലാഹരി, രാംപ്രസാദ് ബിസ്‌മിൽ, റോഷൻസിങ്, അഷ്‌ഫഖുല്ല ഖാൻ എന്നിവർക്കു വധശിക്ഷയും മറ്റു 18 പേർക്ക് ജീവപര്യന്തം തടവും നൽകി.

സൂര്യസെൻ
ബംഗാൾ ജന്മം നൽകിയ മറ്റൊരു വിപ്ലവകാരിയായിരുന്നു സൂര്യസെൻ. ബംഗാളിലെ ചിറ്റഗോങ് വിപ്ലവ ഗ്രൂപ്പിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം. ചിറ്റഗോങ്ങിലെ ബ്രിട്ടിഷ് ആയുധപ്പുര കൊള്ളയടിച്ച സംഭവത്തിനു നേതൃത്വം നൽകിയത് സൂര്യസെൻ ആയിരുന്നു. ബ്രിട്ടിഷുകാരുടെ പിടിയിലായ സൂര്യസെന്നിനെ 1934 ജനുവരി 12ന് ചിറ്റഗോങ് ജയിലിൽ തൂക്കിക്കൊന്നു.

സൂര്യസെൻ
ബംഗാൾ ജന്മം നൽകിയ മറ്റൊരു വിപ്ലവകാരിയായിരുന്നു സൂര്യസെൻ. ബംഗാളിലെ ചിറ്റഗോങ് വിപ്ലവ ഗ്രൂപ്പിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം. ചിറ്റഗോങ്ങിലെ ബ്രിട്ടിഷ് ആയുധപ്പുര കൊള്ളയടിച്ച സംഭവത്തിനു നേതൃത്വം നൽകിയത് സൂര്യസെൻ ആയിരുന്നു. ബ്രിട്ടിഷുകാരുടെ പിടിയിലായ സൂര്യസെന്നിനെ 1934 ജനുവരി 12ന് ചിറ്റഗോങ് ജയിലിൽ തൂക്കിക്കൊന്നു.

ഗോപിനാഥ് സാഹ
കൽക്കട്ടയിലെ ജനവിരുദ്ധ പൊലീസ് ഓഫിസർ ചാൾസ് ടെഗാർട്ടിനെ വധിക്കാൻ ശ്രമിച്ച ധീര വിപ്ലവകാരിയായിരുന്നു ഗോപിനാഥ് സാഹ. പൊലീസ് പിടിയിലായ ഗോപിനാഥ് സാഹയെ തൂക്കിക്കൊല്ലുകയായിരുന്നു

വിപ്ലവപാതയിലെ സ്‌ത്രീരത്നങ്ങൾ
ഇന്ത്യയുടെ മോചനത്തിനായി വിപ്ലവത്തിന്റെ വഴി തിരഞ്ഞെടുത്തവരിൽ ഒട്ടേറെ വനിതകളും ഉണ്ടായിരുന്നു. അവരിൽ മുന്‍പന്തിയിലാണു മാഡം ഭിക്കാജി കാമയുടെ സ്ഥാനം. 1907ൽ ജർമനിയിൽ നടന്ന സോഷ്യലിസ്റ്റ് സമ്മേളനത്തിൽ അവർ പങ്കെടുത്തു. സമ്മേളന നഗരിയിൽ ഇന്ത്യൻ പതാക ഉയർത്തുക വഴി, വിദേശമണ്ണിൽ ഇന്ത്യൻ പതാക ഉയർത്തിയ ആദ്യവനിതയായി അവർ മാറി. ബംഗാളിലെ വിപ്ലവകാരിയായിരുന്ന സൂര്യസെന്നിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്‌ടയായി വിപ്ലവ വഴിയിലെത്തിയ വനിതകളായിരുന്നു പൃതിലതാ വഡേദാറും കൽപന ദത്തും. പൃതിലതാ വഡേദാർ വിപ്ലവ പ്രവർത്തനങ്ങൾക്കിടയിൽ കൊല്ലപ്പെട്ടു. സൂര്യസെന്നിനൊപ്പം പൊലീസ് പിടിയിലായ കൽപന ദത്തിന് വിചാരണയ്‌ക്കു ശേഷം ജീവപര്യന്തം തടവുശിക്ഷ നൽകി.

ബീന ദാസ്
ബംഗാളിലെ ഗവർണറായിരുന്ന സ്റ്റാൻലി ജാക്സനെതിരെ വെടിയുതിർത്ത വനിതാ വിപ്ലവകാരിയായിരുന്നു ബീന ദാസ്. 1932ൽ കൽക്കട്ട സർവകലാശാലയുടെ ബിരുദദാനചടങ്ങിൽ, ബിരുദം സ്വീകരിക്കാൻ എത്തിയ ബീന ദാസ് ജാക്സനെ വധിക്കാൻ ശ്രമിക്കുകയായിരുന്നു. വിചാരണയ്‌ക്കു ശേഷം ഒൻപതു വർഷം തടവിനു ശിക്ഷിച്ചു.

ഗദ്ദർ പാർട്ടി
ഇന്ത്യയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി ഇന്ത്യയ്‌ക്കു പുറത്തും ഒട്ടേറെ വിപ്ലവ സംഘടനകൾ പ്രവർത്തിച്ചിരുന്നു. അവയിൽ ഒന്നായിരുന്നു ഗദ്ദർ പാർട്ടി. ലാലാ ഹർദയാലിന്റെ നേതൃത്വത്തിൽ, 1913ൽ അമേരിക്കയിലാണ് ഈ സംഘടന രൂപീകരിച്ചത്. ഗദ്ദർ എന്ന വാക്കിനർഥം വിപ്ലവം എന്നാണ്. ഇന്ത്യയിൽ ഒരു സായുധ കലാപം നടത്താനും ഗദ്ദർ വിപ്ലവകാരികൾ പദ്ധതിയിട്ടു. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടു.

വിപ്ലവ സംഘടനകൾ, പത്രങ്ങൾ
വിപ്ലവ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ ഒട്ടേറെ രഹസ്യ സംഘടനകൾ പ്രവർത്തിച്ചിരുന്നു. മാത്രമല്ല വിപ്ലവ ആശയങ്ങൾ പ്രചരിപ്പിക്കാൻ പത്രങ്ങളും ഉണ്ടായിരുന്നു. അഭിനവ ഭാരത്, അനുശീലൻ സമിതി, ഭാരത് മാതാ അസോസിയേഷൻ, ഭാരത് മാതാ സൊസൈറ്റി എന്നിവ അക്കാലത്തെ വിപ്ലവ സംഘടനകളായിരുന്നു. സന്ധ്യ, യുഗാന്തർ, കൽ എന്നിവ വിപ്ലവ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന പത്രങ്ങളായിരുന്നു. ഗദ്ദാർ വിപ്ലവകാരികൾ ഗദ്ദർ എന്ന പേരിൽ ഒരു വാരിക പ്രസിദ്ധീകരിച്ചിരുന്നു.

ഭഗത് സിങ്
ഇന്ത്യൻ യുവത്വത്തിന് എന്നും പ്രചോദനമായ വിപ്ലവകാരിയായിരുന്നു ഭഗത് സിങ്. ബ്രിട്ടിഷ് ഭരണം അവസാനിപ്പിച്ച് സോഷ്യലിസ്റ്റ് ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഭഗത്‌ സിങ്ങും കൂട്ടരും ആരംഭിച്ച സംഘടനയായിരുന്നു ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ. ബ്രിട്ടിഷ് പൊലീസിന്റെ മർദനത്തിൽ ലാലാ ലജ്‌പത് റായ് കൊല്ലപ്പെട്ടു, പകരം വീട്ടാൻ ഭഗത് സിങ് തീരുമാനിച്ചു. മർദനത്തിന് നേതൃത്വം കൊടുത്ത സാൻഡേഴ്‌സൻ എന്ന പൊലീസ് ഓഫിസറെ ഭഗത് സിങ്ങും രാജ്‌ ഗുരുവും ചന്ദ്രശേഖർ ആസാദും ചേർന്ന് കൊലപ്പെടുത്തി.