‌മഞ്ഞിൽ പുതഞ്ഞ ഭീമൻ യുദ്ധക്കപ്പൽ വൈറ്റ് ഹൗസിലെ മേശ!

വി.ആർ. വിനയരാജ്

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണു വൈറ്റ്ഹൗസ് എന്നറിയാമല്ലോ? വൈറ്റ്ഹൗസിനുള്ളിലെ ‘ഓവൽ ഓഫിസ്’ ആണ് പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫിസ്. യുഎസിലെ പല ചരിത്രമുഹൂർത്തങ്ങളിലും പ്രസിഡന്റുമാർ രാഷ്ട്രത്തെ അഭിസംബോധന ചെയ്തത് ഇവിടെനിന്നാണ്. ഓവൽ ഓഫിസിനുള്ളിലെ മരമേശയ്ക്കു വലിയൊരു ചരിത്രമുണ്ട്.

19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, സമുദ്ര പര്യവേഷണങ്ങൾ ആർട്ടിക്കിലേക്കു നീണ്ട സമയം. യൂറോപ്പിൽനിന്ന് ആർട്ടിക്കിൽകൂടി പസിഫിക് സമുദ്രത്തിലെത്താനുള്ള വഴി കണ്ടുപിടിക്കാൻ പലരും ശ്രമിച്ചുകൊണ്ടിരുന്നു. പല പര്യവേഷണങ്ങളും വിജയകരമായി നയിച്ച ബ്രിട്ടിഷ് നാവികസേനയിലെ റിയർ അഡ്മിറൽ സർ ജോൺ ഫ്രാങ്ക്‌ലിനും കൂട്ടരും ഇതേ ലക്ഷ്യവുമായി യാത്ര തിരിച്ചു. നിർഭാഗ്യവശാൽ, അവരുടെ കപ്പൽ മഞ്ഞിലുറഞ്ഞുപോയി. പട്ടിണി, ക്ഷയം, വിഷബാധ, തണുപ്പ് ഇങ്ങനെ പല കാരണങ്ങളാൽ സംഘാംഗങ്ങളെല്ലാം കൊല്ലപ്പെട്ടു. ഇതറിയാതെ, ഈ സംഘത്തെ കണ്ടെത്താനായി ബ്രിട്ടൻ പലരെയും അയച്ചുകൊണ്ടിരുന്നു.

ഇത്തരത്തിലൊരു ആർട്ടിക് പര്യവേഷണത്തിനായി പ്രത്യേകം രൂപകൽപന ചെയ്ത ബ്രിട്ടിഷ് നാവികക്കപ്പലായിരുന്നു എച്ച്എംഎസ് റെസൊല്യൂട്ട്(HMS Resolute). പര്യവേഷണത്തിനിടയിൽ മഞ്ഞിൽ പുതഞ്ഞുപോയതിനാൽ 1854ല്‍ ഈ കപ്പലും നാവികർക്ക് ഉപേക്ഷിക്കേണ്ടിവന്നു. (കോളനിക്കാലത്തെ ഒരു ബ്രിട്ടിഷ് യുദ്ധക്കപ്പൽ നിർമിക്കാൻ 2,000 മരങ്ങൾ വരെ വേണ്ടിവന്നിരുന്നു. നമ്മുടെ മഴക്കാടുകളിലേക്ക് അവർ തീവണ്ടിപ്പാതകളും നിലമ്പൂരിൽ തേക്കിൻതോട്ടങ്ങളും ഉണ്ടാക്കിയത് എന്തിനാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ?).

1855ൽ അമേരിക്കക്കാരനായ ജോർജ് ഹെൻറി എന്ന തിമിംഗലവേട്ടക്കാരൻ, കടലിൽ ഒരു കപ്പൽ ഒഴുകി നടക്കുന്നതു കണ്ടെത്തി. മഞ്ഞിലുറഞ്ഞുപോയ സ്ഥലത്തുനിന്ന് 1900 കിലോമീറ്റർ ദൂരെ ഒഴുകിയെത്തിയ എച്ച്എംഎസ് റെസൊല്യൂട്ട് ആയിരുന്നു അത്! ആളുകളൊന്നുമില്ലാതെ വിജനമായ ആ കപ്പലിൽ തന്റെ സംഘാംഗങ്ങളിൽ പകുതിപ്പേരുമായി യാത്രതുടങ്ങിയ ജോർജ് െഹൻറി, ക്രിസ്മസ് തലേന്ന് കപ്പൽ യുഎസിലെ കണക്ടിക്കട്ടിൽ എത്തിച്ചു.

യുഎസ്-ബ്രിട്ടൻ ബന്ധം വല്ലാതെ വഷളായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. മറ്റൊരു യുദ്ധത്തിന്റെ സാധ്യതകളെപ്പറ്റിയുള്ള ചർച്ച നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷം. നയതന്ത്ര ബന്ധങ്ങളൊക്കെ അവസാനിപ്പിച്ച് എംബസികൾ പൂട്ടി സ്ഥാനപതിമാരെ യുഎസ് ബ്രിട്ടനിലേക്കു തിരിച്ചയച്ചു കഴിഞ്ഞിരുന്നു.

റെസൊല്യൂട്ടിനെ സർക്കാർ വാങ്ങി കേടുപാടുകൾ തീർത്ത് ബ്രിട്ടനു മടക്കി നൽകണമെന്ന ആശയം സെനറ്ററായിരുന്ന െജയിംസ് മുറേ മേസൺ മുന്നോട്ടുവച്ചു. അതുവഴി ബ്രിട്ടനുമായുള്ള ബന്ധം തിരിച്ചുപിടിക്കാമെന്ന അദ്ദേഹത്തിന്റെ നിർദേശം അംഗീകരിക്കപ്പെട്ടു. അങ്ങനെ, 1856 ഡിസംബർ 13ന് കപ്പൽ ബ്രിട്ടനിലെത്തിച്ചു വിക്ടോറിയ രാജ്ഞിക്കു നൽകി. യുദ്ധസമാനമായ അന്തരീക്ഷത്തിന് അയവുവന്നു. ഇരുരാജ്യങ്ങൾക്കുമിടയിലെ സമ്മർദങ്ങൾ ലഘൂകരിക്കാൻ ഈ ‘കപ്പൽ നയതന്ത്രം’ വലുതായി സഹായിച്ചു. 1879ൽ എച്ച്എംഎസ് റെസൊല്യൂട്ട് വിരമിച്ചു. കപ്പൽ പൊളിച്ചപ്പോൾ ലഭിച്ച തടി ഉപയോഗിച്ച് ഏതാനും മേശകളുണ്ടാക്കി. തങ്ങളുടെ കപ്പലിനെ രക്ഷിച്ച് തിരിച്ചേൽപിച്ചതിനുള്ള സ്നേഹോപഹാരമായി, ഈ മേശകളിൽ വലുതൊരെണ്ണം 1880ൽ യുഎസ് പ്രസിഡന്റിന് സമ്മാനിക്കുകയും ചെയ്തു. അന്നുമുതൽ മൂന്നു പ്രസിഡന്റുമാരൊഴികെ എല്ലാവരും ഈ മേശ ഉപയോഗിച്ചു. ഒട്ടേറെ ചരിത്ര സംഭവങ്ങൾക്കു സാക്ഷിയായി ഓവൽ ഓഫിസിൽ കിടക്കുന്ന ഈ മരമേശ ‘റെസൊല്യൂട്ട് ഡെസ്ക്’ എന്നറിയപ്പെടുന്നു.